Saturday, February 2, 2013
വിവാദപദ്ധതികള്‍ വെള്ളപൂശാന്‍ വിനോദയാത്രയും സല്‍ക്കാരവും
പരിസ്ഥിതിക്കും പൊതുതാല്‍പ്പര്യത്തിനും എതിരായ വന്‍കിട വികസനപദ്ധതികളിലെ വിവാദം ഒതുക്കാന്‍ സര്‍ക്കാരും സ്വകാര്യസംരംഭകരും മാധ്യമപ്രവര്‍ത്തകരെ വിലയ്ക്കെടുക്കാന്‍ ശ്രമം. വിനോദയാത്രാ പരിപാടിയും സല്‍ക്കാരവുമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രലോഭനം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കു മുന്നോടിയായി ഇത്തരം യാത്രകള്‍ സംഘടിപ്പിച്ചിരുന്നു. വിവാദമായ ആറന്മുള വിമാനത്താവള പദ്ധതിയുടെ ഭാഗമായി കൊച്ചിയിലെ പത്തോളം മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കെജിഎസ് ഗ്രൂപ്പ് ഒരുക്കിയ ഗവി യാത്രയാണ് ഈ പരമ്പരയില്‍ ഒടുവിലത്തേത്.
പത്രപ്രവര്‍ത്തകരുടെ പെയ്ഡ് യാത്രയെക്കുറിച്ച് എറണാകുളം പ്രസ് ക്ലബ്ബിനോ കൊച്ചിയിലെ മാധ്യമസമൂഹത്തിനോ അറിയില്ല. സാധാരണ ഇത്തരം യാത്രകള്‍ വേണ്ടപ്പോള്‍ മാധ്യമങ്ങളിലെ എഡിറ്റോറിയല്‍/മാനേജ്മെന്റ് വിഭാഗം മേധാവികളുമായി ബന്ധപ്പെട്ടാണ് പോകേണ്ടയാളെ തീരുമാനിക്കുക. ഇവിടെ പബ്ലിക് റിലേഷന്‍സ് ഏജന്‍സിയും ഈ രംഗത്തുള്ള മാധ്യമപ്രവര്‍ത്തകരും നേരിട്ട് മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞെടുക്കുകയായാണ്. യാത്രയുടെ വിശദവിവരങ്ങള്‍ പിന്നീട് ഇവരെ ഇ-മെയിലിലൂടെ അറിയിക്കും. ശനിയാഴ്ചത്തെ യാത്ര രാവിലെ കൊച്ചിയില്‍നിന്നു പുറപ്പെട്ട് വണ്ടിപ്പെരിയാറിലും ഗവിയിലും ഓരോ രാത്രി തങ്ങുന്നുണ്ട്. തിങ്കളാഴ്ച രാവിലെ ഗവിയില്‍നിന്നു മടങ്ങിയെത്തിയശേഷം കൊച്ചിയില്‍ കെജിഎസ് ഗ്രൂപ്പിന്റെ എംഡി വാര്‍ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്.
തെരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്കായി സര്‍ക്കാര്‍ ചെലവില്‍ സംഘടിപ്പിച്ച ഏതാനും യാത്രകളോടെയാണ് അവിഹിത ഇടപാട് കൊച്ചിയിലെ മാധ്യമസമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഏറെ കൊട്ടിഘോഷിച്ച എമര്‍ജിങ് കേരള, പൊതുമരാമത്തുവകുപ്പിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സ്, പ്രവാസി ഭാരതീയ ദിവസിനൊപ്പം കൊച്ചിയില്‍ നടന്ന കരാറുകാരുടെ അന്താരാഷ്ട്ര സമ്മേളനം(ഇഫ്വാച്ക) എന്നിവയോടനുബന്ധിച്ചായിരുന്നു യാത്രകള്‍. മൂന്നാര്‍, ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്കു പോയ യാത്രയില്‍ പ്രമുഖ മാധ്യമങ്ങളുടെ ലേഖകരും പങ്കെടുത്തു. യാത്രകളുടെ പ്രതിഫലനമെന്നോണം എമര്‍ജിങ് കേരള ഉള്‍പ്പെടെ പദ്ധതികളെക്കുറിച്ച് മാധ്യമങ്ങളിലൂടെ ആദ്യം ഉയര്‍ന്ന വിവാദങ്ങള്‍ പിന്നീട് തണുത്തു എന്നതും ശ്രദ്ധേയം. ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സ്, കരാറുകാരുടെ അന്താരാഷ്ട്രസമ്മേളനം എന്നീ പരിപാടികളുടെ വാര്‍ത്തകള്‍ എഴുതി മാധ്യമങ്ങളില്‍ എത്തിച്ചതും ഈ സംഘത്തില്‍പ്പെട്ടവരാണ്. ഏതാനും പേര്‍ അതിന് പ്രതിഫലം പണമായി പറ്റിയതായും ആക്ഷേപമുണ്ട്.
പൊതുമരാമത്തുവകുപ്പ് സംഘടിപ്പിച്ച രണ്ടു യാത്രകള്‍ക്കും ജില്ലയില്‍ വന്‍തോതില്‍ പണപ്പിരിവു നടന്നു. ഒരു ചീഫ് എന്‍ജിനിയറുടെ നേതൃത്വത്തിലായിരുന്നു പിരിവ്. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മീഡിയാവിഭാഗത്തിലെ പണം ഉപയോഗിച്ചാണ് യാത്രകള്‍ സംഘടിപ്പിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകരില്‍ ചിലരുടെ മേല്‍ക്കൈയിലാണ് ഇത്തരമൊരു പ്രവണത ശക്തിപ്രാപിച്ചതെന്ന ആക്ഷേപമുണ്ട്. മാധ്യമങ്ങളില്‍നിന്ന് വഴിവിട്ട സഹായം തേടുന്നവര്‍ക്കു മുന്നില്‍ വിലപേശി തങ്ങളുടെ ആവശ്യം അംഗീകരിപ്പിക്കുകയാണത്രെ. തമിഴ്നാട്ടില്‍നിന്ന് പാല്‍ വിതരണത്തിന് എത്തിക്കുന്ന ഒരു വമ്പന്‍ ഡെയ്റിയുടെ ചെലവില്‍ അടുത്ത യാത്ര ആസൂത്രണംചെയ്യുന്നതായും ആക്ഷേപമുണ്ട്.
deshabhimani 020213
Labels:
അഴിമതി,
മാധ്യമം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment