Saturday, February 2, 2013

"വാടക ഗവര്‍ണറു"ടെ കപട നയരേഖ


കേരളം അഭിമുഖികരിക്കുന്ന അതിഗുരുതരമായ പ്രശ്നങ്ങളില്‍ വേണ്ടവിധമുള്ള പ്രതികരണമില്ലാത്തതാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. കര്‍ണാടകത്തില്‍നിന്ന് കടം വാങ്ങിയ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുവേണ്ടി രണ്ടാം തവണയും നയപ്രഖ്യാപനം നടത്തിയപ്പോള്‍, മുന്‍ നയപ്രഖ്യാപനങ്ങള്‍ ഗതികിട്ടാപ്രേതങ്ങളായി അലഞ്ഞു. തലയിരിക്കുന്നിടത്ത് വാലെത്തുമ്പോള്‍ ആദ്യം ചിന്തിച്ചത് മറന്നുപോകുന്ന ചില ജീവികളെ പോലായതുകൊണ്ടാണ് കഴിഞ്ഞ ആണ്ടിലെ പ്രഖ്യാപനങ്ങളില്‍ പലതും പുതുപരിപാടികളായി ആവര്‍ത്തിച്ചത്. മൂവായിരം കോടി രൂപയുടെ നീക്കിബാക്കിയുമായി ഭരണം തുടങ്ങിയ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ സാമ്പത്തിക വളര്‍ച്ച അടക്കമുള്ള മേഖലകളില്‍ പിന്നോട്ടടിച്ചു.

യുഡിഎഫ് ഭരണത്തില്‍ പ്രതിവര്‍ഷ സാമ്പത്തിക വളര്‍ച്ച ഒമ്പത് ശതമാനമാണ്. എന്നാല്‍,എല്‍ഡിഎഫ് ഭരണകാലത്ത് അത് 14 ശതമാനം വരെ എത്തിയിരുന്നു. ഇന്നത്തെ പിന്നോട്ടു പോക്കിനെ മറച്ചുവച്ച് എല്‍ഡിഎഫ് ഭരണത്തില്‍ കേരളം മാന്ദ്യത്തിലായിരുന്നുവെന്ന നുണ ഗവര്‍ണറെ കൊണ്ടു പറയിച്ചു. സംസ്ഥാനത്തെ അഗാധമായ കുഴപ്പത്തിലാക്കിയ കേന്ദ്രഭരണനയങ്ങളെ തള്ളിപ്പറയാത്ത നയരേഖ മന്‍മോഹന്‍ഭരണനയത്തെ വാഴ്ത്തുന്നതാണ്. ഗവര്‍ണറെക്കൊണ്ട് ഭൂസമരത്തെ അപഹസിച്ച സര്‍ക്കാരുതന്നെ, ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും സമയബന്ധിതമായി നല്‍കുമെന്ന് പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായി. അത് ഭൂസംരക്ഷണ സമരത്തിന്റെ വിജയമാണ്. കറന്റില്ല, വെള്ളമില്ല, അരിയില്ല, ഇപ്പോള്‍ ബസുമില്ലെന്നതാണ് കേരളത്തിന്റെ അവസ്ഥ. ഇത് മാറ്റാന്‍ എന്തെന്നതിന് ഉത്തരമില്ല. രൂക്ഷമായ വിലക്കയറ്റം തടയാതെ വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്നു പറഞ്ഞു തടിതപ്പുന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രിമയു ടെ തലതൊട്ടപ്പനായി യുഡിഎഫ് ഭരണക്കാര്‍ മാറി. അതുകൊണ്ടാണ് കറന്റില്ലായ്മയും പവര്‍കട്ടും തെക്കേയിന്ത്യയിലെ പതിവ് പ്രതിഭാസമാണെന്നും അതിനാല്‍ ഒരു മണിക്കൂര്‍ കട്ട് നാടിന് നേട്ടമാണെന്നുമുള്ള ഉമ്മന്‍ചാണ്ടി സിദ്ധാന്തം നയരേഖയിലിടം നേടിയത്.രൂക്ഷമായ വരള്‍ച്ചാക്കെടുതിക്കും ജലദൗര്‍ലഭ്യത്തിനും ഏപ്രിലില്‍ വരാന്‍ പോകുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കുമുള്ള പരിഹാരനിര്‍ദേശങ്ങളില്ല.

പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്താനുള്ള കര്‍മ പദ്ധതിയുമില്ല. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുമെന്നും വിഷന്‍ 2030 എന്ന ബാനറിന്‍ കീഴില്‍ ദീര്‍ഘകാല വികസന പദ്ധതി ആവിഷ്ക്കരിക്കുമെന്നും കഴിഞ്ഞ തവണ ഗവര്‍ണറെക്കൊണ്ടു പറയിപ്പിച്ചിരുന്നു. പക്ഷേ, എല്ലാം വെറുതെയായി. വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, മോണോ റെയില്‍ തുടങ്ങിയെല്ലാം നിശ്ചലമായി ശേഷിക്കയാണ്. എല്‍ഡിഎഫ് ഭരണത്തില്‍ ലാഭത്തിലായിരുന്ന പൊതുമേഖല എങ്ങനെ നഷ്ടത്തിലേക്ക് മുതലക്കൂപ്പ് നടത്തുന്നുവെന്നതിനുള്ളള അന്വേഷണമില്ല. പരമ്പരാഗത വ്യവസായങ്ങളുടെ ഉണര്‍വിനുള്ള പരിപാടിയില്ല. പ്രധാന പരമ്പരാഗത വ്യവസായങ്ങളില്‍ ഒന്നായ കശുവണ്ടിയെപ്പറ്റി പരാമര്‍ശം പോലുമില്ല. സംസ്ഥാനം നേരിടുന്ന നീറുന്ന പ്രശ്നമാണ് വിലക്കയറ്റം മുതല്‍ സ്ത്രീപീഡനം വരെയുള്ളവ. അരി വില ചരിത്രത്തില്‍ ഏറ്റവും കുടിയ നിരക്കിലെത്തിയത് ഉമ്മന്‍ചാണ്ടി ഭരണത്തിലാണ്. കിലോക്ക് 45 രൂപ വരെ എത്തി. ഭരണത്തിലെ അഴിമതിയെപ്പറ്റി ഭരണക്കാര്‍ തന്നെ ആക്ഷേപം ഉന്നയിക്കുന്നു. ഇതിനെയൊന്നും നയരേഖ അഭിസംബോധന ചെയ്യുന്നില്ല.
(ആര്‍ എസ് ബാബു)

ജീവനക്കാരുടെ സമരത്തിന് ഗവര്‍ണറുടെ പരിഹാസം

തിരു: ജീവനക്കാരുടെ സമരം, ഭൂസംരക്ഷണസമരം എന്നിവയ്ക്കെതിരെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറുടെ രൂക്ഷവിമര്‍ശം. പങ്കാളിത്ത പെന്‍ഷനെതിരായ ജീവനക്കാരുടെ സമരം അപമാനകരമാംവിധം നിഷ്ഫലമായെന്നും പരിഹസിച്ചു. പ്രക്ഷോഭം ദീര്‍ഘവീക്ഷണമില്ലാത്തതും അപക്വമായ ധാരണ പ്രതിഫലിപ്പിക്കുന്നതുമായിരുന്നെന്നും സങ്കുചിത രാഷ്ട്രീയ പരിഗണനകളാല്‍ പ്രേരിതമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭൂസംരക്ഷണസമരത്തെ ദുരുപദിഷ്ടവും പ്രഹസനപരവുമായ പ്രക്ഷോഭമെന്നാണ് വ്യാഖ്യാനിച്ചത്. മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പാക്കിയ പ്രക്ഷോഭം പരാജയമായിരുന്നെന്നാണ് ഗവര്‍ണറുടെ കണ്ടെത്തല്‍. തികഞ്ഞ പരാജയമാണെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ച എമര്‍ജിങ് കേരള ഫലംകണ്ടെന്നാണ് ഗവര്‍ണര്‍ അവകാശപ്പെട്ടത്. എമര്‍ജിങ് കേരളയില്‍ അവതരിപ്പിച്ച ഒരു പദ്ധതിയെങ്കിലും യാഥാര്‍ഥ്യമായതായി ഗവര്‍ണര്‍ക്ക് അവകാശപ്പെടാനായതുമില്ല. ക്രമസമാധാന പരിപാലനത്തില്‍ കേരളത്തിന്റെ റെക്കാര്‍ഡ് സ്തുത്യര്‍ഹമാണെന്നാണ് മറ്റൊരു വാദം. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, കവര്‍ച്ച, കൊലപാതകം എന്നിവ വര്‍ധിച്ചുവരുമ്പോഴാണ് ഗവര്‍ണര്‍ ഈ വാദമുന്നയിച്ചത്. രാജ്യാന്തര കൊള്ളക്കാരനായ ബണ്ടി ചോറിന്റെ രംഗപ്രവേശം പോലും പരാമര്‍ശിക്കാന്‍ നയപ്രഖ്യാപനപ്രസംഗം തയ്യാറാക്കിയവര്‍ തയ്യാറായില്ലെന്ന് വ്യക്തം.

നയപ്രഖ്യാപനം ജനം തള്ളും: വി എസ്

തിരു: യുഡിഎഫ് സര്‍ക്കാരിനായി ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് നടത്തിയ നയപ്രഖ്യാപന പ്രസംഗം ജനം തള്ളിപ്പറയുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനവിരുദ്ധ നയപ്രഖ്യാപനമാണ് നടത്തിയത്. ഗവര്‍ണറെക്കൊണ്ട് അസത്യം പറയിക്കുക എന്ന അതീവഗുരുതരമായ കുറ്റകൃത്യമാണ് നയപ്രഖ്യാപനത്തിലൂടെ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ ചെയ്തത്.സര്‍ക്കാരിന്റെ സംഘടിത പ്രവര്‍ത്തനങ്ങളാലും കര്‍മോത്സുകമായ പരിശ്രമങ്ങളാലും കഴിഞ്ഞ 20 മാസം ശ്രദ്ധേയമായി എന്ന് ഗവര്‍ണറെക്കൊണ്ട് പറയിച്ചു. ഇക്കൊല്ലത്തെ ഏറ്റവും വലിയ തമാശയാണിത്. ജനകീയപ്രശ്നങ്ങളില്‍ അലംഭാവം കാണിക്കുന്ന തികച്ചും നിര്‍ജീവമായ മന്ത്രിസഭ ഇങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റ് സ്വയം എഴുതിനല്‍കിയത് അരോചകമാണ്. ക്രമസമാധാനപാലനത്തില്‍ സംസ്ഥാനത്തിന്റെ റെക്കോഡ് സ്തുത്യര്‍ഹമാണെന്നു പറയിച്ചത് അപഹാസ്യം. തിരുവനന്തപുരം നഗരത്തില്‍ ദിവസേന കവര്‍ച്ചയും പിടിച്ചുപറിയും നടക്കുന്നു. വ്യാജരത്ന വില്‍പ്പനയ്ക്കിടെ കൊല്ലപ്പെട്ട ഹരിഹരവര്‍മയുടെ ഊരും പേരും തിരിച്ചറിയാനായിട്ടില്ല. ബണ്ടി ചോറിനെപ്പോലുള്ള ഹൈടെക് കള്ളന്‍മാര്‍ തലസ്ഥാനത്തുപോലും നിരങ്ങുന്നതിനെയാണ് ഗവര്‍ണറെക്കൊണ്ട് സ്തുതി പാടിച്ചത്.

മെട്രോ റെയില്‍ പദ്ധതിയും വിഴിഞ്ഞം തുറമുഖ പദ്ധതിയും അനിശ്ചിതത്വത്തിലായി. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ അട്ടിമറിച്ച് നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷനെ ന്യായീകരിക്കാന്‍ നയപ്രഖ്യാപനത്തെ ഉപയോഗിച്ചത് ജീവനക്കാരോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ലാഭത്തിലാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം നഷ്ടത്തിലാക്കിയിട്ട് പൊതുമേഖലയില്‍ തിളക്കമുണ്ടാക്കിയെന്ന് പറയുന്നത് കഷ്ടമാണ്. ഡീസല്‍വില വര്‍ധനയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയെ രക്ഷിക്കാനോ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനോ എന്തെങ്കിലും ആലോചന നടക്കുന്നതായോ നയപ്രഖ്യാപനത്തിലില്ലെന്നും വി എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വികലനയങ്ങളുടെ പ്രഖ്യാപനം: ഐസക്

ആലപ്പുഴ: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം യുഡിഎഫ് സര്‍ക്കാരിന്റെ വികലനയങ്ങളുടെ പ്രഖ്യാപനമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് എംഎല്‍എ ആലപ്പുഴയില്‍ പറഞ്ഞു. കയര്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങളെ അവഗണിച്ചു. എമര്‍ജിങ് കേരളയില്‍ പ്രഖ്യാപിച്ചതും തള്ളിക്കളഞ്ഞതുമായ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. പൊതുമേഖല ലാഭകരമാണ് എന്ന കള്ളപരാമര്‍ശം നടത്തി. ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെഎംഎല്‍ കമ്പനി ശമ്പളം കൊടുക്കാന്‍ കോടിക്കണക്കിന് രൂപ വായ്പ എടുത്തിരിക്കുകയാണ്. കോമളപുരം സ്പിന്നിങ് മില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയില്ല. സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം വേണ്ടിവരുമെന്നും തോമസ് ഐസക് പറഞ്ഞു.

deshabhimani 020213

No comments:

Post a Comment