Wednesday, February 6, 2013

വന്‍കിടക്കാര്‍ക്കു നല്‍കുന്ന സബ്സിഡി ആരുടെ പണം: തപന്‍ സെന്‍


കൊച്ചി: പണം കായ്ക്കുന്ന മരമില്ലെന്നുപറഞ്ഞ് പൊതുജനങ്ങള്‍ക്കുള്ള സബ്സിഡി വെട്ടിക്കുറയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് സബ്സിഡി നല്‍കുന്ന ലക്ഷക്കണക്കിന് കോടി രൂപ ഏത് അടുക്കളത്തോട്ടത്തില്‍ വിളഞ്ഞതാണെന്ന് വ്യക്തമാക്കണമെന്ന് സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍കുമാര്‍ സെന്‍ പറഞ്ഞു. 5,28,000 കോടി രൂപയുടെ നികുതി ഇളവാണ് കോര്‍പറേറ്റുകള്‍ക്ക് നല്‍കിയത്. പ്രത്യക്ഷനികുതി ഇളവുതന്നെ മൂന്ന് ലക്ഷം കോടിയോളം രൂപവരും. മൊത്തം ബജറ്റ് വിഹിതത്തിന്റെ 1.7 ശതമാനം മാത്രമാണ് പൊതുജനങ്ങള്‍ക്ക് സബ്സിഡിയായി നല്‍കുന്നതെങ്കില്‍ കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്നത് രണ്ട് ശതമാനമാണെന്നും എറണാകുളം പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ 98.5 ശതമാനം ജനങ്ങളെ ഉപയോഗിച്ച് ശേഷിക്കുന്ന 1.5 ശതമാനം പേര്‍ക്കുമാത്രം ഗുണമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനകേന്ദ്രീകൃതമായ ഭരണമോ വികസനമോ അല്ല, അതിസമ്പന്നര്‍ക്കായുള്ള നയങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. രാജ്യചരിത്രത്തില്‍ ആദ്യമായി ഫെബ്രുവരി 20നും 21നും നടക്കുന്ന പണിമുടക്കിലൂടെ ഇക്കാര്യങ്ങള്‍ തുറന്നുകാട്ടും. തൊഴിലാളികള്‍ സൃഷ്ടിക്കുന്ന വിഭവങ്ങളും വരുമാനവും ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ നിരന്തരം വീഴ്ച വരുത്തുകയാണ്. ഈ സാഹചര്യമാണ് വിശാലമായ തൊഴിലാളി ഐക്യത്തിന് വഴിയൊരുക്കിയത്.

ധനക്കമ്മി നികത്താന്‍ എന്ന പേരിലാണ് 1991ല്‍ പുത്തന്‍ സാമ്പത്തിക നയങ്ങള്‍ക്ക് തുടക്കംകുറിച്ചത്. എന്നാല്‍ ആഗോളവല്‍കരണം ആരംഭിച്ച് രണ്ട് പതിറ്റാണ്ട് പിന്നിട്ടപ്പോള്‍ ധനക്കമ്മി വീണ്ടും ഉയര്‍ന്നു. ഇതര ജോലിക്ക് തുല്യമായി കരാര്‍ തൊഴിലിനെയും കണക്കാക്കണമെന്ന് നിയമം തയ്യാറാക്കിയെങ്കിലും രണ്ട് വര്‍ഷമായിട്ടും നടപ്പാക്കിയില്ല. 10,000 രൂപ മിനിമം വേതനമായി നിശ്ചയിക്കണമെന്ന കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലെ ഒട്ടുമിക്ക പദ്ധതിയും പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) പദ്ധതികളായാണ് തയ്യാറാക്കിയത്. പിപിപിയായി ആദ്യം തുടക്കമിട്ട ദേശീയപാത പദ്ധതി ഏഴ് ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കാനായത്. ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായി രാജ്യത്തെ തൊഴിലാളിവര്‍ഗവും ബാങ്കിങ് ഇന്‍ഷുറന്‍സ് മേഖലയും മറ്റും യോജിച്ച് നടത്തുന്ന പ്രക്ഷോഭത്തെത്തുടര്‍ന്നാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പനയ്ക്ക് പരിധി നിലനിര്‍ത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായതെന്നും തപന്‍ സെന്‍ പറഞ്ഞു. പ്രസ് ക്ലബ് സെക്രട്ടറി എം എസ് സജീവന്‍ സ്വാഗതവും കെ ബി അബ്ദുല്‍കരീം നന്ദിയും പറഞ്ഞു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, ജില്ലാ സെക്രട്ടറി കെ എന്‍ ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.

deshabhimani 060213

No comments:

Post a Comment