Friday, February 15, 2013

പ്രതിക്കൂട്ടില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും


അരിയില്‍ ഷുക്കൂര്‍ വധക്കേസ് സാക്ഷി തളിപ്പറമ്പ് കപ്പാലത്തെ പഴയപുരയില്‍ അബു തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കനത്ത തിരിച്ചടി. ഇവരുടെ നേതൃത്വത്തില്‍ നടന്ന ഹീനമായ രാഷ്ട്രീയ ഗൂഢാലോചനയാണ് പുറത്തായത്. അധികാരവും ഒപ്പം ചില മാധ്യമങ്ങളുമുണ്ടെങ്കില്‍ എന്തുനെറികേടുമാകാമെന്ന ഹുങ്കിനുള്ള തിരിച്ചടി. രാഷ്ട്രീയസംഘര്‍ഷത്തിന്റെ തുടര്‍ച്ചയായ അനിഷ്ടസംഭവമായിരുന്നു ഷുക്കൂറിന്റെ കൊലപാതകം. സിപിഐ എം അടക്കമുള്ള എല്ലാ രാഷ്ട്രീയപാര്‍ടികളും അതിനെ അപലപിക്കുകയും നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റക്കാരെ എത്രയുംവേഗം നിയമത്തിനുമുന്നില്‍കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതുമാണ്.

പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഇരുപത്തഞ്ചാം ദിവസമാണ് സംഭവത്തിന് അസാധാരണത്വം കൈവരുന്നത്. കേസിലേക്ക് പൊടുന്നനെ "പാര്‍ടിക്കോടതി"യും "വധശിക്ഷ"യും കടന്നുവന്നു. ഷുക്കൂറിനെ സിപിഐ എമ്മുകാര്‍ വിചാരണ ചെയ്തു ശിക്ഷവിധിച്ച് പട്ടാപ്പകല്‍ വെട്ടിക്കൊല്ലുകയായിരുന്നെന്ന "നടുക്കുന്" വാര്‍ത്തയുമായാണ് മാര്‍ച്ച് അഞ്ചിന് മലയാള മനോരമയും മാതൃഭൂമിയും പുറത്തിറങ്ങിയത്. പൊലീസിന്റെ എഫ്ഐആര്‍പോലും അട്ടിമറിച്ച സ്കൂപ്പിനു പിന്നിലെ സ്രോതസ് കണ്ടെത്താന്‍ പ്രയാസമുണ്ടായില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് പടച്ചുണ്ടാക്കിയ കെട്ടുകഥയാണ് രണ്ടുപത്രവും അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനങ്ങളെന്ന പേരില്‍ അവതരിപ്പിച്ചത്. പിറവം നിയമസഭാ ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും നേതൃത്വത്തില്‍ നടന്ന ഉന്നതതല രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായിരുന്നു കള്ളക്കഥ. ആസൂത്രിതമായി കെട്ടിപ്പൊക്കിയ കള്ളക്കഥയുടെ വഴിക്കായി പിന്നീടുള്ള പൊലീസ് അന്വേഷണം. ഇതിനായാണ് രണ്ടു വ്യാജസാക്ഷികളെ കൊണ്ടുവന്നത്.

 മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകരും ലീഗിന് നിയന്ത്രണമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരുമായ പി പി അബുവും മുഹമ്മദ് സാബിറും. ഇവരുടെ കള്ളമൊഴിയുടെ അടിസ്ഥാനത്തിലാണ് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ ടി വി രാജേഷിനെയും പ്രതിചേര്‍ത്തത്. ജനങ്ങളുടെ സാമാന്യബോധത്തെപ്പോലും പരിഹസിക്കുന്ന നടപടികളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പിന്നീടുണ്ടായത്. കൊട്ടിഘോഷത്തോടെ മൂന്നു തവണയാണ് പി ജയരാജനില്‍നിന്ന് പൊലീസ് മൊഴിയെടുത്തത്. ആദ്യതവണ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോടു പറഞ്ഞത് നിര്‍ണായക വിവരം ലഭിച്ചെന്നാണ്. "നിര്‍ണായക" വിവരം ലഭിച്ചിട്ടും വീണ്ടും രണ്ടുതവണകൂടി മൊഴിയെടുക്കേണ്ടിവന്നു. ഒടുവില്‍ ആഗസ്ത് ഒന്നിന് മൊഴിയെടുക്കാന്‍ വിളിച്ചാണ് ഐപിസി 118ാം പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. ആഗസ്ത് 13ന് ഇതേ വകുപ്പില്‍ ടി വി രാജേഷിനെയും അറസ്റ്റ് ചെയ്തു. അന്യായ അറസ്റ്റിനെ തുടര്‍ന്ന് കണ്ണൂരിലും സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലുമുണ്ടായ സംഘര്‍ഷവും പൊതുമുതല്‍ നശീകരണവും ചൂണ്ടിക്കാട്ടിയാണ് പി ജയരാജന് കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചത്.

deshabhimani 150213

No comments:

Post a Comment