Friday, February 15, 2013

തൊഴിലുറപ്പു പദ്ധതി തകര്‍ക്കാന്‍ അനുവദിക്കില്ല: കോടിയേരി


ജോലിക്കും കൂലിക്കുമായി തൊഴിലുറപ്പ് തൊഴിലാളികളുടെ പടുകൂറ്റന്‍ മാര്‍ച്ച്

ജോലിക്കും കൂലിക്കും വേണ്ടി നിയമസഭയ്ക്കു മുന്നിലേക്ക് തൊഴിലുറപ്പു തൊഴിലാളികളുടെ പടുകൂറ്റന്‍ മാര്‍ച്ച്. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ നേതൃത്വത്തില്‍ പതിനായിരക്കണക്കിനു സ്ത്രീത്തൊഴിലാളികള്‍ നടത്തിയ മാര്‍ച്ചിന്റെ സമരാവേശത്തില്‍ തലസ്ഥാന നഗരം മണിക്കൂറുകളോളം നിശ്ചലമായി. നഗരത്തിന്റെ രണ്ടു ഭാഗങ്ങളില്‍നിന്നായി പകല്‍ പതിനൊന്നോടെയാണ് മാര്‍ച്ച് ആരംഭിച്ചത്. നിത്യദാരിദ്ര്യത്തിന് അറുതിയും സ്ഥിരവരുമാനവും സ്വപ്നംകണ്ട് തൊഴിലുറപ്പു പദ്ധതിയില്‍ അംഗമായ 22 ലക്ഷം തൊഴിലാളികളുടെ ആവശ്യങ്ങളെ അവഗണിച്ചാല്‍ സര്‍ക്കാരിന് ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങാനാകില്ലെന്ന താക്കീതാണ് അരലക്ഷത്തോളം സ്ത്രീത്തൊഴിലാളികള്‍ അണിനിരന്ന മാര്‍ച്ചിലുയര്‍ന്നത്. രൂപീകരിച്ചിട്ട് 17 മാസംമാത്രമായ യൂണിയന്റെ അജയ്യശക്തിയുടെ വിളംബരംകൂടിയായി മാര്‍ച്ച്.

അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതി നഗരപ്രദേശങ്ങളിലും നടപ്പാക്കുക, വര്‍ഷം 200 തൊഴില്‍ദിനം ഉറപ്പാക്കുക, ദിവസവേതനം 320 രൂപയാക്കുക, തൊഴില്‍സമയം പകല്‍ ഒമ്പതുമുതല്‍ നാലുവരെയാക്കുക, കൂലി ആഴ്ചതോറും നല്‍കുക, ക്ഷേമനിധിയും ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തുക, തൊഴിലിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികള്‍ മാര്‍ച്ചില്‍ അണിനിരന്നു. പ്രസ് ക്ലബ്, മ്യൂസിയം ജങ്ഷനുകള്‍ കേന്ദ്രീകരിച്ചാണ് മാര്‍ച്ച് ആരംഭിച്ചത്. നിയമസഭയ്ക്കു മുന്നില്‍ മാര്‍ച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എസ് രാജേന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം വി ബാലകൃഷ്ണന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സൂസന്‍ കോടി എന്നിവര്‍ സംസാരിച്ചു.

തൊഴിലുറപ്പു പദ്ധതി തകര്‍ക്കാന്‍ അനുവദിക്കില്ല: കോടിയേരി

ദാരിദ്ര്യ നിര്‍മാര്‍ജനവും സ്ഥിരവരുമാനവും ലക്ഷ്യമിട്ട് ആരംഭിച്ച തൊഴിലുറപ്പു പദ്ധതി തകര്‍ക്കാനുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നീക്കം അനുവദിക്കില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലുറപ്പു പദ്ധതിയില്‍ 22 ലക്ഷം സ്ത്രീത്തൊഴിലാളികളുണ്ട്. നിര്‍ധനരായ ഈ സ്ത്രീകളെ അവഗണിച്ച് സര്‍ക്കാരിനു മുന്നോട്ടുപോകാനാകില്ല. വിലക്കയറ്റംമൂലം ജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ വര്‍ഷം 200 തൊഴില്‍ദിനമെങ്കിലും സൃഷ്ടിക്കണം. കാര്‍ഷികമേഖലയെയും ക്ഷീരമേഖലയെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ കൂടുതല്‍ തൊഴില്‍ദിനം സൃഷ്ടിക്കാനാകും. തൊഴിലുറപ്പു തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യം കുറഞ്ഞ വിലയ്ക്ക് ഉറപ്പുവരുത്തണം. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഒരു രൂപയ്ക്ക് എല്ലാ തൊഴിലുറപ്പു തൊഴിലാളി കുടുംബങ്ങള്‍ക്കും അരി നല്‍കും. എപ്പോഴെങ്കിലും കൂലി നല്‍കുന്ന അവസ്ഥമാറ്റി ആഴ്ചതോറും കൂലി കിട്ടുന്ന അവസ്ഥ സൃഷ്ടിക്കണം. ഇവര്‍ക്ക് ശുദ്ധജലവും സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനു കഴിയണം. തൊഴിലാളികളുടെ പിഞ്ചുകുട്ടികള്‍ക്ക് തൊഴിലിടങ്ങളില്‍ വിശ്രമത്തിന് സൗകര്യം ഒരുക്കണം. പദ്ധതി നിര്‍ജീവമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇത് അനുവദിക്കാനാകില്ല. പദ്ധതി കാര്യക്ഷമമാക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിശോധിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുംവരെ പ്രക്ഷോഭം തുടരണമെന്ന് കോടിയേരി പറഞ്ഞു.

തൊഴിലുറപ്പുജോലി ക്രമീകരിക്കാന്‍ കമ്മിറ്റി

തിരു: പഞ്ചായത്തുകളുടെ സാഹചര്യം നോക്കി തൊഴില്‍ദിനങ്ങള്‍ ക്രമീകരിക്കുന്നതിന് കമ്മിറ്റിയെ നിയോഗിക്കുമെന്ന് മന്ത്രി കെ സി ജോസഫ് നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ഓരോ പഞ്ചായത്തിലെയും തൊഴില്‍സാഹചര്യം പരിഗണിച്ച് തൊഴിലുറപ്പു പദ്ധതിപ്രകാരം പണി കൊടുക്കുന്നതിന് കലണ്ടര്‍ ഉണ്ടാക്കും. കേരളത്തിന്റെ ആവശ്യപ്രകാരം തൊഴിലുറപ്പു പദ്ധതിയുടെ സമയം പകല്‍ ഒമ്പതുമുതല്‍ അഞ്ചുവരെ ആക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. തൊഴിലുറപ്പു പദ്ധതി മുഖേന വര്‍ഷം 200 ദിവസംവരെ തൊഴില്‍ നല്‍കാന്‍ പാകത്തില്‍ കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. ഫാം തൊഴിലാളികള്‍ക്ക് ലഭിക്കുന്നപോലെ മിനിമംകൂലി 320 രൂപയാക്കണം. ഒരു രൂപ നിരക്കില്‍ എല്ലാ തൊഴിലാളികള്‍ക്കും 35 കിലോ അരി നല്‍കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

deshabhimani 150213

No comments:

Post a Comment