Friday, February 15, 2013
അന്യാധീനപ്പെടുന്നത് 300 ഏക്കര്‍ കായല്‍നിലം
കായംകുളം താപനിലയത്തിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 300 ഏക്കര്‍വരുന്ന കായല്‍നിലം സംരക്ഷിക്കാനാളില്ലാതെ നാമാവശേഷമാകുന്നു. ആയിരക്കണക്കിന് തെങ്ങുകളും രണ്ടുപൂ നെല്‍കൃഷിയും നടന്ന കരഭൂമിയാണ് താപനിലയ അധികൃതരുടെ നിരുത്തരവാദപരമായ നിലപാടുമൂലം അന്യാധീനപ്പെടുന്നത്. തലചായ്ക്കാനിടമില്ലാതെ ലക്ഷക്കണക്കിനു കുടുംബങ്ങള്‍ ഒരുതുണ്ട് ഭൂമിക്കായി നെട്ടോട്ടമോടുമ്പോഴാണ് കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കായല്‍ഭൂമി മണല്‍മാഫിയ കടത്തിക്കൊണ്ടുപോകുന്നത്.
1957ലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരാണ് കായംകുളം കായലിന്റെ കിഴക്കെ പകുതി രണ്ടുഭാഗങ്ങളായി കൃഷിചെയ്യുന്നതിനായി നികത്തിയെടുത്തത്. നെഹ്റു സര്‍ക്കാര്‍ ഭക്ഷ്യസ്വയംപര്യാപ്തത ലക്ഷ്യമാക്കി ഭക്ഷ്യവിളകള്‍ വ്യാപകമായി കൃഷിചെയ്തു ഭക്ഷ്യക്ഷാമം പരിഹരിക്കാനുള്ള പദ്ധതികള്‍ ദേശവ്യാപകമായി ആവിഷ്കരിച്ചു. ഇതിന്റെ ചുവടുപിടിച്ച് വേമ്പനാട്ടുകായലില്‍ റാണി, ചിത്തിര, മാര്‍ത്താണ്ഡം കായല്‍നിലങ്ങള്‍ രൂപപ്പെടുത്തിയ മാതൃകയില്‍ കായംകുളം കായല്‍ റിക്ലമേഷന്‍ പദ്ധതി ആരംഭിച്ചാണ് കായല്‍ഫാം സ്ഥാപിച്ച് നെല്‍കൃഷി ആരംഭിച്ചത്. 1969ലെ ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്ത് ഉത്സവാന്തരീക്ഷത്തില്‍ ആദ്യവിളവെടുപ്പ് നടന്നു. പ്രതീക്ഷകള്‍ ഉയര്‍ത്തിയ നെല്‍കൃഷി തുടര്‍ന്നുവന്ന സര്‍ക്കാരുകളുടെ തെറ്റായ നിലപാടുമൂലം നഷ്ടത്തിലായി. വൈവിധ്യമാര്‍ന്ന കൃഷിരീതികള്‍ക്കായി ഫാം ഉപയോഗിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കായല്‍ഫാമിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കി.
1988ല്‍ അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ആയിരം ഏക്കറോളംവരുന്ന കായല്‍ഫാമിലെ ഹരിതസാന്നിധ്യം പ്രയോജനപ്പെടുത്തി ഗുജറാത്തിലെ ആനന്ദ് മാതൃകയിലൊരു സംയോജിത കാലിവളര്‍ത്തല്‍കേന്ദ്രം കായല്‍ഫാമില്‍ ആരംഭിക്കുന്നതിനെപ്പറ്റി ആലോചിച്ചു. അന്നത്തെ കൃഷിമന്ത്രിയായിരുന്ന കെ ആര്‍ ഗൗരിയമ്മ ഇതിന്റെ വിജയസാധ്യതയെപ്പറ്റി ക്ഷീരവിപ്ലവത്തിന്റെ നായകനായ വി കുര്യനുമായി ആശയവിനിമയം നടത്തുന്നതിനിടെയാണ് കായല്‍ഫാം താപനിലയത്തിനായി നല്‍കുന്നതിനുള്ള ശ്രമം തുടങ്ങിയത്. വൈദ്യുതിപ്രതിസന്ധിയില്‍ കേരളം ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ താപനിലയമെന്ന പദ്ധതി പൊതുവെ സ്വീകാര്യമായി. ഏഷ്യയിലെ ഏറ്റവും വലിയ സൂപ്പര്‍ തെര്‍മല്‍ പവര്‍ പ്രോജക്ടിനായി കാര്യമായ എതിര്‍പ്പില്ലാതെ കായംകുളം കായല്‍ഫാം കൈമാറിയതോടെയാണ് മുന്നൂറേക്കറോളംവരുന്ന കായല്‍ഫാമിന്റെ തെക്കേ ബ്ലോക്കിന്റെ ദുരന്തം ആരംഭിക്കുന്നത്. കായംകുളം താപനിലയത്തിനു സാമ്പത്തികസഹായം നല്‍കുമെന്നു പ്രതീക്ഷിച്ച സോവിയറ്റുയൂണിയന്റെ അപ്രതീക്ഷിത പതനം സൂപ്പര്‍ തെര്‍മല്‍പ്ലാന്റെന്ന പ്രതീക്ഷയ്ക്കു മങ്ങലേല്‍പ്പിച്ചു. 5000 മെഗാവാട്ട് എന്ന പ്രതീക്ഷ 330 മെഗാവാട്ടില്‍ പരിമിതപ്പെട്ടതോടെ കായല്‍ഫാമിന്റെ വടക്കേകരയില്‍ നിലയനിര്‍മാണം ഒതുങ്ങി. നോക്കിനടത്താന്‍ ആളില്ലാതായതോടെ കായല്‍ഫാമിന്റെ തെക്കുഭാഗം സാമൂഹ്യവിരുദ്ധരുടെ താവളമായി. കൃഷി നിലച്ചതോടെ കാടുംപടലും കണ്ടല്‍ക്കാടുകളും നിറഞ്ഞ ഭൂമിയിലെ മണല്‍കടത്തു ലാഭകരമായ തൊഴിലായി. നിത്യേന നൂറുകണക്കിന് ലോഡ് സമീപപ്രദേശങ്ങളിലേക്ക് കടത്തുന്ന സംഘങ്ങള്‍ മാഫിയാസ്വഭാവത്തില്‍ ശക്തിപ്പെട്ടു. എന്‍ടിപിസിയുടെ അവഗണനകൂടി ആയതോടെ കായല്‍ഫാമിന്റെ തകര്‍ച്ച പൂര്‍ണമായി.
സിഐഎസ്എഫിന്റെ സെക്യൂരിറ്റിയും സ്പീഡുബോട്ടടക്കം സംവിധാനങ്ങളുമുള്ള എന്‍ടിപിസി തുടര്‍ന്ന കുറ്റകരമായ അനാസ്ഥ മുന്നൂറേക്കറോളംവരുന്ന ഒന്നാംതരം ഭൂമിയെ കായല്‍പരപ്പാക്കുകയായിരുന്നു. മാറിമാറി ഭരിച്ച അധികൃതരും നാടിന്റെ പൊതുസ്വത്തായ ഭൂമി അന്യാധീനപ്പെടുന്നതിനു കൂട്ടുനില്‍ക്കുകയായിരുന്നു. ഒന്നരമാസംമുമ്പ് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ട കാര്‍ത്തികപ്പള്ളി താലൂക്ക് സഭ കായല്‍ഭൂമി നഷ്ടമാകുന്നതിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്നു തീരുമാനിച്ചു. തീരുമാനത്തിനപ്പുറം നടപടികള്‍ ഇല്ലാത്തതിനാല്‍ അവശേഷിക്കുന്ന മണലും ബണ്ടിന്റെ കരിങ്കല്‍ഭാഗങ്ങളും നിത്യേന കടത്തിക്കൊണ്ടുപോവുകയാണ്. ഏറ്റെടുത്ത ഭൂമി സംരക്ഷിക്കുന്നതില്‍ എന്‍ടിപിസി അധികാരികള്‍ക്കുണ്ടായ വീഴ്ചയുടെ സാക്ഷ്യപത്രമായി പഴയ കായല്‍ഫാം അവശേഷിക്കുന്നു.
(ബിമല്‍ റോയി)
deshabhimani 150213
Labels:
പരിസ്ഥിതി
Subscribe to:
Post Comments (Atom)
No comments:
Post a Comment