Tuesday, February 5, 2013
പൊതുഗതാഗത മേഖല തകര്‍ക്കരുത്: കാരാട്ട്
വന്‍കിട ഉപയോക്താക്കളില്‍നിന്ന് ഡീസലിന് അമിത വില ഈടാക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം റെയില്‍വേ, സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ബുദ്ധിമുട്ടിലാക്കിയിരിക്കയാണ്. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനംമൂലം ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളും റെയില്‍വേയും ഡീസലിന് 12 രൂപവരെ ലിറ്ററിന് അധികമായി നല്‍കേണ്ടിവരുന്നു. ഇത് ഈ സ്ഥാപനങ്ങളെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ പെടുത്തിയിരിക്കയാണ്. പല സംസ്ഥാനങ്ങളിലും ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയാണ്. യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാനും നടപടികളെടുക്കുന്നു. പൊതു ഗതാഗതമേഖലയെ ആശ്രയിക്കുന്ന ജനങ്ങളെ ഇത് ബുദ്ധിമുട്ടിലാക്കും. കേന്ദ്രസര്‍ക്കാരിന്റെ നടപടിമൂലം പൊതുഗതാഗതമേഖല തകര്‍ച്ചയെ നേരിടുകയാണ്. സ്വകാര്യ വാഹനങ്ങളുടെ എണ്ണം വന്‍തോതില്‍ ഉയരുന്നത് ഗതാഗതക്കുരുക്കും മലിനീകരണവും വീണ്ടും വര്‍ധിപ്പിക്കും. ഇത് തടയാനുള്ള മാര്‍ഗം സ്വകാര്യ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കലും പൊതുഗതാഗതമേഖലയെ ശക്തിപ്പെടുത്തലുമാണ്. ഇത് ചെയ്യുന്നതിനു പകരം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതിലോമകരമായ നടപടികള്‍ പൊതുഗതാഗത മേഖലയെ തകര്‍ക്കുകയും ഈ മേഖലയിലെ സ്വകാര്യവല്‍ക്കരണം ശക്തമാക്കുകയുംചെയ്യും. കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം. ജനതാല്‍പ്പര്യം കണക്കിലെടുത്ത് റെയില്‍വേ, സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍പോലുള്ള വലിയ ഉപയോക്താക്കള്‍ക്കുള്ള ഡീസല്‍ സബ്സിഡി പുനഃസ്ഥാപിക്കണമെന്നും കാരാട്ട് കത്തില്‍ ആവശ്യപ്പെട്ടു.
deshabhimani 050213
Labels:
പൊതുഗതാഗതം,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment