Tuesday, February 5, 2013

ക്യൂബയെ പരാജയപ്പെടുത്താന്‍ യുഎസ് ഉപരോധത്തിന് കഴിയില്ല: ഫിദല്‍


ഹവാന: ക്യൂബന്‍ ജനത യഥാര്‍ഥത്തില്‍ വിപ്ലവ ജനതയാണെന്ന് തനിക്ക് ബോധ്യമുണ്ടെന്ന് ഫിദല്‍ കാസ്ട്രോ. ഇക്കാര്യം താന്‍ തെളിയിക്കേണ്ടതില്ല. ചരിത്രം അത് തെളിയിച്ചുകഴിഞ്ഞു. അരനൂറ്റാണ്ടുപിന്നിട്ട അമേരിക്കന്‍ ഉപരോധത്തിന് ക്യൂബന്‍ ജനതയെ പരാജയപ്പെടുത്താനായിട്ടില്ല. ഇനി കഴിയുകയുമില്ല- ക്യൂബന്‍ വിപ്ലവനായകന്‍ പ്രഖ്യാപിച്ചു. ക്യൂബന്‍ പാര്‍ലമെന്റായ ദേശീയസഭയിലേക്ക് വോട്ടുചെയ്യാന്‍ എത്തിയപ്പോള്‍ തന്നെ വളഞ്ഞ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഫിദല്‍.

ദേശീയസഭയ്ക്ക് പുറമേ 15 പ്രവിശ്യകളിലെയും ജനകീയ അധികാരസഭകളിലേക്കും ഞായറാഴ്ച തെരഞ്ഞെടുപ്പ് നടന്നു. ലാറ്റിനമേരിക്കന്‍-കരീബിയന്‍ രാഷ്ട്ര കൂട്ടായ്മയായ സെലാക്കിന്റെ രൂപീകരണത്തെ കാസ്ട്രോ പ്രകീര്‍ത്തിച്ചു. ഈ കൂട്ടായ്മയുണ്ടായതിന് വെനസ്വേല പ്രസിഡന്റ് ഹ്യൂഗാ ഷാവേസ് അടക്കം നിരവധി ആളുകളോട് കടപ്പെട്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഹവാനയിലെ എല്‍ വെഡാഡോയില്‍ വോട്ട് ചെയ്ത് കാസ്ട്രോ മറ്റ് വോട്ടര്‍മാരോടും കുശലങ്ങളാരാഞ്ഞു. അമേരിക്കയും കനഡയും ഒഴികെ അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ മുഴുവന്‍ രാഷ്ട്രങ്ങളും സെലാക്കില്‍ അംഗമാണ്. കഴിഞ്ഞ ആഴ്ച ചിലിയിലെ സാന്റിയാഗോയില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ ഇതിന്റെ അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ക്യൂബയുടെ നയതന്ത്ര വിജയമായാണ് നിരീക്ഷകര്‍ കരുതുന്നത്. ക്യൂബന്‍ ദേശീയസഭയിലെ 612 അംഗങ്ങളെയും പ്രവിശ്യാ സഭകളിലേക്ക് 1269 പേരെയും തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പ് സുഗമമായിരുന്നെന്ന് ദേശീയ തെരഞ്ഞെടുപ്പു കമീഷന്‍ അധ്യക്ഷ അലിന ബല്‍സെയ്റോ വ്യക്തമാക്കി. കിഴക്കന്‍ ക്യൂബയിലെ സാന്റിയാഗോ ഡി ക്യൂബയിലെ മയാറി ആറിബയിലാണ് പ്രസിഡന്റ് റൗള്‍ കാസ്ട്രോ വോട്ടുചെയ്തത്. ഫിദലും റൗളും ദേശീയസഭാ സ്ഥാനാര്‍ഥികളില്‍ ഉള്‍പ്പെടുന്നു. 86,31,836 വോട്ടര്‍മാരില്‍ 90 ശതമാനത്തിലധികം പേരും വോട്ടു ചെയ്യുമെന്നാണ് ക്യൂബന്‍ സര്‍ക്കാരിനെ എതിര്‍ക്കുന്ന വിപ്ലവവിരുദ്ധര്‍ തന്നെ പോളിങ് പൂര്‍ത്തിയാകുംമുമ്പേ സമ്മതിക്കുന്നത്.

deshabhimani 050213

No comments:

Post a Comment