സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യനെതിരായ ആരോപണം പരമോന്നത കോടതി തീര്‍പ്പുകല്‍പ്പിച്ചതാണെന്ന് സംസ്ഥാന സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും വാദിക്കുമ്പോഴും സുപ്രീംകോടതി കേസ് ഒരിക്കല്‍പോലും വിശദമായി പരിശോധിച്ചിട്ടില്ലെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നു. താന്‍ നിരപരാധിയാണെന്ന് പറയാന്‍ 2007 ഏപ്രില്‍ നാലിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് മാത്രമാണ് കുര്യന്റെ മുന്നിലുള്ളത്. എന്നാല്‍,ഈ വിധിയാകട്ടെ സൂര്യനെല്ലിക്കേസിലെ 35 പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2005 ല്‍ വിധിച്ച ഉത്തരവിനെ പരിധി വിട്ട് ആശ്രയിച്ചുള്ളതാണ്. 2005ലെ ഹൈക്കോടതി വിധി സുപ്രീംകോടതി ഇപ്പോള്‍ റദ്ദാക്കിയിട്ടുള്ള സാഹചര്യത്തില്‍, 2007 ലെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ സാധുതയും സംശയകരമാകുന്നു.
2007 ലെ ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ പോയത്. ചീഫ്ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍, ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് സാങ്കേതികമായ കാരണത്താല്‍ അപ്പീല്‍ തള്ളുകയായിരുന്നു. സൂര്യനെല്ലി പെണ്‍കുട്ടി കീഴ്കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തിന്റെ ചുവടുപിടിച്ച് സുപ്രീംകോടതിയില്‍ വരാന്‍ സംസ്ഥാന സര്‍ക്കാരിന് എന്താണ് കാര്യമെന്ന് ചോദ്യത്തോടെയാണ് ജസ്റ്റിസ് ബാലകൃഷ്ണന്‍ ഹര്‍ജി തള്ളിയത്. കേസിന്റെ വിശദാംശത്തിലേക്ക് കോടതി അന്ന് കടന്നില്ല. മാത്രമല്ല കേസിലെ മറ്റ് പ്രതികളെയെല്ലാം ഹൈക്കോടതി 2005 ല്‍ കുറ്റവിമുക്തമാക്കിയ സാഹചര്യത്തില്‍ കുര്യനെതിരായ ആരോപണം നിലനില്‍ക്കുന്നതയല്ല എന്നായിരുന്നു അദ്ദേഹത്തിനുവേണ്ടി ഹാജരായ അരുണ്‍ ജെയ്റ്റ്ലി വാദിച്ചത്. ഈ വാദവും ഹര്‍ജി തള്ളാന്‍ സുപ്രീംകോടതി കാരണമായെടുത്തു. ജെയ്റ്റ്ലി തന്റെ വാദത്തിന് ബലംപകരാനെടുത്ത 2005 ലെ ഹൈക്കോടതി വിധി ഇപ്പോള്‍ പൂര്‍ണമായി റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ കുര്യനെതിരായ കേസിലും പുനഃപരിശോധന അനിവാര്യമാണെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മാത്രമല്ല ഇപ്പോഴത്തെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കുര്യനെ ഒഴിവാക്കിയുള്ള 2007 ഹൈക്കോടതി ഉത്തരവിന്റെ സാധുതയും ചോദ്യംചെയ്യപ്പെടുകയാണ്.
കുര്യനെതിരെ പെണ്‍കുട്ടി നല്‍കിയ സ്വകാര്യഅന്യായത്തില്‍ പീരുമേട് കോടതി നടപടികള്‍ ആരംഭിച്ചിരുന്നു. കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും കുര്യന്‍ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കുര്യന്റെ ആവശ്യം 1999 ല്‍ തന്നെ ഹൈക്കോടതി തള്ളിയെങ്കിലും തുടര്‍ന്ന് സുപ്രീംകോടതിയില്‍ അദേഹം സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പാകുന്നത് 2006 ല്‍ മാത്രമാണ്. കേസില്‍ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ 2001-06 ലെ യുഡിഎഫ് സര്‍ക്കാര്‍ ഒരു താല്‍പ്പര്യവും എടുത്തിരുന്നില്ല. ഇതിനിടെ 2005 ല്‍ കേസിലെ മറ്റ് പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ സംശയകരമായ ഉത്തരവ് വന്നത് കുര്യന് സഹായമാവുകയും ചെയ്തു. കേസില്‍നിന്ന് ഒഴിവാക്കണമെന്ന കുര്യന്റെ ആവശ്യം 2006 മാര്‍ച്ചില്‍ സുപ്രീംകോടതി തള്ളി. ഈ ആവശ്യവുമായി കീഴ്കോടതിയെത്തന്നെ സമീപിക്കാനായിരുന്നു ജസ്റ്റിസുമാരായ ബി എന്‍ അഗര്‍വാളിന്റെയും എ കെ മാഥൂറിന്റെയും ഉത്തരവ്. തുടര്‍ന്ന് കുര്യന്‍ വീണ്ടും തൊടുപുഴ സെഷന്‍സ് കോടതിയിലെത്തി. 2006 ഒക്ടോബറില്‍ തൊടുപുഴ കോടതി കുര്യന്റെ അപേക്ഷ തള്ളി. ഇതിനുശേഷമാണ് കുര്യന് ആശ്വാസകരായ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി. കുര്യനെതിരായ ആരോപണം രാഷ്ട്രീയപ്രേരിതമെന്ന വിചിത്രമായ കണ്ടെത്തലാണ് ഹൈക്കോടതി നടത്തിയത്. കുര്യന്‍ പീഡിപ്പിച്ചുവെന്ന വാര്‍ത്ത ആദ്യം "ദേശാഭിമാനി" പ്രസിദ്ധീകരിച്ചതാണ് ഇതിന് മുഖ്യകാരണമായി ചൂണ്ടിക്കാട്ടുന്നത്. ദേശാഭിമാനി വാര്‍ത്ത വരുന്നതിന് മുമ്പുതന്നെ അന്ന് മുഖ്യമന്ത്രിയായിരുന്ന ആന്റണിക്ക് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നതെല്ലാം ഹൈക്കോടതി വിസ്മരിച്ചു. കേസിലെ മറ്റ് പ്രതികളെ 2005 ല്‍ ഹൈക്കോടതി വെറുതെ വിട്ടതും കുര്യനെ ഒഴിവാക്കാന്‍ സിംഗിള്‍ ബെഞ്ച് ന്യായമാക്കി.
(എം പ്രശാന്ത്)
deshabhimani 050213
No comments:
Post a Comment