Saturday, February 2, 2013
പി ജെ കുര്യന്‍ അടക്കമുള്ളവര്‍ ശിക്ഷിക്കപ്പെടും വരെ പോരാട്ടം: മഹിളാ അസോസിയേഷന്‍
സൂര്യനെല്ലി കേസില്‍ കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനും കുറ്റംചെയ്ത മറ്റുള്ളവരും ശ്രിക്ഷിക്കപ്പെടും വരെ പോരാട്ടം തുടരുമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പറഞ്ഞു. നീതി ഉറപ്പാക്കാന്‍ കേസിന്റെ തുടക്കംമുതല്‍ അസോസിയേഷന്‍ സംസ്ഥാനഘടകം സജീവമായ ഇടപെട്ടിരുന്നു. എന്നാല്‍, പക്ഷപാത സമീപനത്തിലൂടെ യുഡിഎഫ് സര്‍ക്കാര്‍ പ്രതികളെ രക്ഷിക്കുകയായിരുന്നുവെന്ന് പ്രസിഡന്റ് ശ്യാമിലി ഗുപ്ത, വൈസ് പ്രസിഡന്റ് സുഭാഷിണി അലി, ജന. സെക്രട്ടറി സുധ സുന്ദരരാമന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ അസോസിയേഷന്‍ കക്ഷി ചേര്‍ന്നു. എട്ട് വര്‍ഷമായി പരിഗണിക്കപ്പെടാതെ കിടക്കുന്നത് അസോസിയേഷനുവേണ്ടി ഹാജരായ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഡല്‍ഹി ബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക ബഞ്ചിലേക്ക് സൂര്യനെല്ലി കേസ് എത്താന്‍ വഴിയൊരുക്കി. പീഡിപ്പിച്ചവരുടെ കൂട്ടത്തില്‍ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ പേര് പെണ്‍കുട്ടി പറഞ്ഞതിനാല്‍ യുഡിഎഫ് സര്‍ക്കാര്‍ കേസ് ഗൗരവമായെടുത്തില്ല. 1996ല്‍ അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് പ്രത്യേക കോടതി രൂപീകരിച്ചത്. 34 പ്രതികളെ കോടതി ശിക്ഷിച്ചു. യുഡിഎഫ് അധികാരമേറിയശേഷം ഹൈക്കോടതി ഒരാള്‍ ഒഴികെ എല്ലാവരുടെയും ശിക്ഷ റദ്ദാക്കി. പെണ്‍കുട്ടിയ്ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശമാണ് ഹൈക്കോടതി നടത്തിയത്. പെണ്‍കുട്ടി പ്രതികളുമായി പരസ്പര ബന്ധത്തോടെ വേഴ്ചയില്‍ ഏര്‍പ്പെടുകയായിരുന്നെന്നും ഹൈക്കോടതി ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍, പ്രതികളെ വിട്ടയച്ചത് നടുക്കമുണ്ടാക്കുന്നുവെന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്-പ്രസ്താവനയില്‍ പറഞ്ഞു.
കുര്യനെതിരായ ആരോപണം കോടതി അന്വേഷിക്കണം: വി എസ്
തിരു: സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെതിരായ ആരോപണം കോടതി ഗൗരവമായി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മുമ്പും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യത്തില്‍ കോടതി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നാണ് താന്‍ ആശിക്കുന്നത്. ഇത് കോടതിയോടുള്ള അഭ്യര്‍ഥനയാണെന്നും വി എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കുര്യന്‍ പ്രതിയാണോ അല്ലയോ എന്ന് തനിക്കറിയാമെന്ന് ചീഫ് വിപ്പ്
തിരു: സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യന്‍ പ്രതിയാണോ അല്ലയോ എന്നത് തനിക്കറിയാമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞു. അതിനുളള "ക്രിസ്റ്റല്‍ ക്ലിയര്‍" തെളിവ് തന്റെ പക്കലുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ജോര്‍ജ് പറഞ്ഞു. കുര്യന്‍ പ്രതിയാണോ അല്ലയോ എന്ന് ചീഫ് വിപ്പിന്റെ കസേരയില്‍ ഇരുന്ന് പറയുന്നില്ല. തന്നെ എത്രപേര്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിക്ക് അറിയില്ല. പിന്നെ എങ്ങനെ പി ജെ കുര്യനെ ഓര്‍ത്തിരിക്കുമെന്നും പി സി ജോര്‍ജ് ചോദിച്ചു.
സൂര്യനെല്ലി: പ്രതികരണമില്ലാതെ മുഖ്യമന്ത്രി
തിരു: സൂര്യനെല്ലി ലൈംഗികപീഡനക്കേസില്‍ പി ജെ കുര്യനെതിരെ നിയമനടപടിയെടുക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി. സെക്രട്ടറിയറ്റ് ദര്‍ബാര്‍ഹാളില്‍ നടന്ന ചടങ്ങിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ കണ്ടപ്പോഴാണ് മറുപടി പറയാതെ ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറിയത്. കുര്യനെതിരെ നടപടിയെടുക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ടുണ്ടല്ലോയെന്ന ചോദ്യം മുഖ്യമന്ത്രി കേട്ട ഭാവം നടിച്ചില്ല. ദര്‍ബാര്‍ഹാളിനുപിന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ കൂടിനില്‍ക്കുന്നുവെന്ന വിവരം അറിഞ്ഞ മുഖ്യമന്ത്രി ചടങ്ങ് അവസാനിക്കുന്നതുവരെ വേദിയിലിരുന്നു.
സുപ്രീംകോടതി പറഞ്ഞതിനപ്പുറം പറയാനില്ല: ചെന്നിത്തല
പാലക്കാട്: പി ജെ കുര്യന്റെ കാര്യത്തില്‍ സുപ്രീംകോടതി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. സൂര്യനെല്ലി കേസില്‍ കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനും പങ്കുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. അധികാരത്തിനുവേണ്ടിയുള്ള വടംവലി സംസ്ഥാനത്ത് മൂര്‍ച്ഛിച്ചതായും ചെന്നിത്തല പാലക്കാട്ട് കോണ്‍ഗ്രസിന്റെയും ഐഎന്‍ടിയുസിയുടെയും പരിപാടികളില്‍ സംസാരിക്കവെ പറഞ്ഞു. പാര്‍ലമെന്ററി ഭരണത്തില്‍ അധികാരം ആവശ്യമാണ്. എന്നാല്‍, അധികാരത്തിനുവേണ്ടി കുറുക്കുവഴി തേടുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചു. അധികാരം പിടിച്ചടക്കാന്‍ എന്തു കുത്സിതമാര്‍ഗവും ഉപയോഗിക്കാമെന്ന മനോഭാവവും വളരുന്നു. ഇത് ഭരണത്തെ പ്രശ്നത്തിലേക്ക് നയിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
deshabhimani 020213
Labels:
ഇടുക്കി,
സമൂഹം,
സ്ത്രീസംഘടന,
സ്ഥാനാര്‍ത്ഥികള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment