Saturday, February 2, 2013

പെണ്‍കുട്ടിയുടെ പരാതി തള്ളി, കുര്യനെ തുണച്ച് മുഖ്യമന്ത്രി


സൂര്യനെല്ലി പെണ്‍കുട്ടിയുടെ പരാതി മുഖവിലക്കെടുക്കാതെ കുര്യനെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാര്‍ത്താസമ്മേളനം. 17 വര്‍ഷം മുന്‍പുള്ള പരാതിയില്‍ കഴമ്പില്ലെന്നും കുര്യനെ ഹൈക്കോടതിയും സുപ്രീം കോടതിയും ഒഴിവാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പുതിയ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോയെന്ന ചോദ്യത്തിന് മറുപടി പറയാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ എല്ലാ പ്രതികളെയും അറസ്റ്റു ചെയ്തു. അതില്‍കൂടുതല്‍ പേരെ അറസ്റ്റു ചെയ്യാന്‍ തുടര്‍ന്നു വന്ന നായനാര്‍ സര്‍ക്കാരിനോ അച്യുതാനന്ദന്‍ സര്‍ക്കാരിനോ കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. രാഷ്ട്രീയ താല്‍പര്യം വച്ചാണിപ്പോള്‍ വിവാദമുണ്ടാക്കാനുള്ള ശ്രമം നടത്തുന്നത്. പി ജെ കുര്യനെതിരെയുള്ള ആരോപണം വേദനാജനകമാണെന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി കുര്യനെതിരെ പെണ്‍കുട്ടി ഉന്നയിക്കുന്ന ആരോപണങ്ങള്‍ തള്ളി. പെണ്‍കുട്ടിയുടെ മൊഴി സര്‍ക്കാര്‍ തള്ളിക്കളയുകയാണോ എന്ന ചോദ്യത്തിന് 17 വര്‍ഷം മുന്‍പു പറഞ്ഞതല്ലാതെ പുതിയ കാര്യമൊന്നും ഇതിലില്ലെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

മാധ്യമപ്രവ്രര്‍ത്തകരുടെ പല ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറി.അന്വേഷണോദ്യോഗസ്ഥനായ കെ കെ ജോഷ്വയുടെ വെളിപ്പെടുത്തല്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പ്രശ്നമാണ്്. പി ജെ കുര്യന്‍ ഇപ്പോള്‍ എന്‍എസ്എസ് സെക്രട്ടറി സുകുമാരന്‍ നായരെ ന്യായീകരിക്കുന്നതും ഈ കേസും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ആദ്യം മുതലേ യുഡിഎഫ് സര്‍ക്കാര്‍ കേസിന്റെ ഗൗരവം ഉള്‍ക്കൊണ്ട് മുന്നോട്ടു പോയി. ആദ്യം അന്വേഷിച്ച ആന്റണി സര്‍ക്കാര്‍ അറസ്റ്റു ചെയ്ത പ്രതികളെ ഹൈക്കോടതി പിന്നീട് വെറുതെ വിട്ടു. അതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ആ കേസില്‍ പ്രഗല്‍ഭനായ വക്കീലിനെ ചുമതലപ്പെടുത്തി. കേസില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടറെ യുഡിഎഫ് മാറ്റിയില്ല. കുര്യനെതിരായ പരാതി അന്വേഷണോദ്യോഗസ്ഥനായ സിബി മാത്യൂസ് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതാണ്. ആ റിപ്പോര്‍ട്ട് പ്രകാരം ഹൈക്കോടതിയും സുപ്രീം കോടതിയും കുര്യനെ കേസില്‍ നിന്നും ഒഴിവാക്കി. സര്‍ക്കാരിന് ഒന്നും മറച്ചു വെക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ കുര്യനെതിരെയുള്ള പഴയ പരാതി ഇപ്പോള്‍ വിവാദമാക്കിയത് ദൗര്‍ഭാഗ്യകരമാണെന്ന് മാത്രമേ പറയാനുള്ളുവെന്ന് പ്രതികരിച്ച് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.

deshabhimani

No comments:

Post a Comment