Wednesday, February 6, 2013

യുപിഎ നയങ്ങള്‍ ജനജീവിതം ദുസ്സഹമാക്കി: സഞ്ജീവറെഡ്ഡി


കൊച്ചി: പുരോഗമനപരമെന്ന് അവകാശപ്പെടുന്ന യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ രാജ്യത്തെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയെന്ന് ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ജി സഞ്ജീവറെഡ്ഡി പറഞ്ഞു. ഈ നയങ്ങള്‍ അടിയന്തരമായി തിരുത്തണമെന്നാവശ്യപ്പെട്ടാണ് ട്രേഡ് യൂണിയന്‍ സംയുക്ത വേദിയുടെ നേതൃത്വത്തില്‍ 20, 21 തീയതികളില്‍ ദേശീയ പണിമുടക്ക് നടക്കുന്നത്. ആവശ്യം അവഗണിക്കുന്നപക്ഷം കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറാകാനും അദ്ദേഹം തൊഴിലാളിസമൂഹത്തോട് ആവശ്യപ്പെട്ടു. ഇ ബാലാനന്ദന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ ബാലാനന്ദന്‍ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു സഞ്ജീവറെഡ്ഡി.

കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ചിരുന്ന നയങ്ങളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യതിചലിച്ചു. സോഷ്യലിസത്തെക്കുറിച്ചാണ് ജവഹര്‍ലാല്‍ നെഹ്റുമുതലുള്ള നേതാക്കള്‍ പഠിപ്പിച്ചത്. ദുസ്സഹമായ വിലക്കയറ്റമാണ് രാജ്യത്തുണ്ടായിരിക്കുന്നത്. വിലക്കയറ്റം തടയാനുള്ള ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നില്ല. സാധാരണക്കാരന്റെയും ദരിദ്ര ജനവിഭാഗങ്ങളുടെയും ക്ഷേമം എന്നത് കോണ്‍ഗ്രസ് മറന്നു. സാമൂഹ്യനീതി വാഗ്ദാനംനല്‍കി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് നടപ്പാക്കുന്നില്ല. പകരം വിദേശനിക്ഷേപകര്‍ക്ക് രാജ്യത്തെ കൊള്ളയടിക്കാന്‍ അവസരം നല്‍കുന്നു. സര്‍ക്കാര്‍ രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ ക്ഷേമവും മറന്നിരിക്കുകയാണ്. വിദേശ മുതലാളിമാര്‍ രാജ്യത്തിന്റെ സമ്പത്താകെ കൊള്ളയടിക്കുന്നു. വിദേശനിക്ഷേപത്തിലൂടെ മാത്രമെ വികസനം സാധ്യമാകൂ എന്ന മിഥ്യാധാരണയാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. വിദേശനിക്ഷേപത്തിന്റെ കാര്യത്തില്‍ നമ്മള്‍ ചൈനയെ മാതൃകയാക്കണം. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യവും ക്ഷേമവും സംരക്ഷിച്ചാണ് അവര്‍ വിദേശനിക്ഷേപം അനുവദിക്കുന്നത്. രണ്ടുവര്‍ഷം മുമ്പുണ്ടായ തൊഴിലാളി യൂണിയന്‍ ഐക്യം തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് പുതിയ വേദി തുറന്നു. വിവിധ ഘടകങ്ങളാണ് ഇതുവരെ ട്രേഡ് യൂണിയനുകളെ ഭിന്നിപ്പിച്ചുനിര്‍ത്തിയത്. നേതൃത്വത്തിലുള്ള ഭിന്നിപ്പ് തൊഴിലാളികള്‍ക്കിടയിലില്ലായിരുന്നു. അതില്‍നിന്ന് നേതൃത്വം പഠിച്ചു. തൊഴിലാളികളെ ചൂഷണംചെയ്യുന്നവര്‍ പരസ്പരം മത്സരിക്കുന്നുണ്ടെങ്കിലും തൊഴിലാളികളെയും യൂണിയനെയും നേരിടുന്നതില്‍ തൊഴിലുടമകള്‍ ഒറ്റക്കെട്ടായിരുന്നു. ഇത് മനസ്സിലാക്കി വിശാല ട്രേഡ് യൂണിയന്‍ ഐക്യം ഉണ്ടാക്കാനായത് തൊഴിലാളിസമൂഹത്തിന്റെ കരുത്ത് വര്‍ധിപ്പിച്ചിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയന്‍ ഐക്യവേദി കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും അവര്‍ പരിഗണിച്ചിട്ടില്ല. അതിനാലാണ് പണിമുടക്കിലേക്കു പോയത്.

മിനിമം വേതനം 10,000 രൂപയാക്കി ദേശീയ മിനമം വേതനം പ്രഖ്യാപിക്കുക, അസംഘടിതമേഖലയിലെ ക്ഷേമത്തിന് കൊണ്ടുവന്ന സാമൂഹ്യ സുരക്ഷാനിയമം നടപ്പാക്കുക, വിറ്റുതുലയ്ക്കാതെ പൊതു മേഖലയെ സംരക്ഷിക്കുക, കരാര്‍ ജോലികളും ചൂഷണവും അവസാനിപ്പിക്കാന്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുക, പെന്‍ഷന്‍, ഗ്രാറ്റുവിറ്റി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്. കോണ്‍ഗ്രസുകാരനാണെങ്കില്‍ക്കൂടി കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങളെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും സഞ്ജീവറെഡ്ഡി പറഞ്ഞു. സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍കുമാര്‍ സെന്‍ എംപി അധ്യക്ഷനായി. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുടരാന്‍ അനുവദിക്കരുതെന്നും ദേശീയ പണിമുടക്ക് വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

deshabhimani 060213

No comments:

Post a Comment