Wednesday, February 6, 2013
വികസന വിരുദ്ധതയ്ക്കെതിരെ യോജിച്ച സമരം വേണം: പിണറായി
വികസന വിരുദ്ധ നിലപാടുകള്‍ക്കെതിരെ യോജിച്ച സമരം വളര്‍ത്തിയെടുക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വികസനത്തില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായ സഹകരണം വേണം. അതേസമയം വികസനവിരുദ്ധമായ കാര്യങ്ങള്‍ക്കെതിരായ സമരത്തിലും യോജിച്ച നിലപാടുണ്ടാവണം. കക്ഷിരാഷ്ട്രീയം അതിന് തടസ്സമായാല്‍ കേരളത്തിന്റെ താല്‍പ്പര്യം ബലികഴിക്കപ്പെടും. കേരള നിയമനിര്‍മാണ സഭയുടെ 125-ാം വാര്‍ഷികം പ്രമാണിച്ച് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു പിണറായി.
കേരളമാതൃക ശക്തിപ്പെടുത്താന്‍ ആഗോളവല്‍ക്കരണത്തിന് ബദല്‍നയം ആവിഷ്കരിച്ചേ മതിയാകൂ. കേരളത്തിന്റെ പ്രത്യേകത ഉള്‍ക്കൊണ്ടുള്ള നയമാണ് ആവശ്യം. രാഷ്ട്രപതി രണ്ടാം കേരള മോഡലിനെപ്പറ്റിയാണ് പറഞ്ഞത്. ഒന്നാം കേരള മോഡല്‍ സംരക്ഷിച്ചുമാത്രമേ രണ്ടാം കേരള മോഡലിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയൂ. നാളത്തെ വികസനത്തിന് കേരളമാതൃകയെ പരിരക്ഷിക്കണം. ജനസംഖ്യയെ അടിസ്ഥാനമാക്കി കേന്ദ്രവിഹിതം നിശ്ചയിക്കുന്നതിന് പകരം ഓരോ സംസ്ഥാനത്തിന്റെ പ്രത്യേകതകൂടി കണക്കിലെടുക്കണം.
ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയാല്‍ കേരളംപോലെ ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കും. കേന്ദ്രനികുതി വിഹിതം വീതംവയ്ക്കുന്നതിനുള്ള മാനദണ്ഡങ്ങളും പൊളിച്ചെഴുതണം. സംസ്ഥാനത്തിന്റെ വികസനത്തിന് ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കണം. വിവിധ രംഗങ്ങളില്‍ വൈദഗ്ധ്യമുള്ളവരെ ഉള്‍പ്പെടുത്തി ചര്‍ച്ചകളിലൂടെ അതിനുള്ള ബ്ലൂപ്രിന്റ് തയ്യാറാക്കണം. ആഗോള വിജ്ഞാന ഘടനയുമായി നമ്മുടെ കുട്ടികളെ വിളക്കി ചേര്‍ക്കണം. മത്സരങ്ങളില്‍ വിജയിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടത്. ആസൂത്രണത്തില്‍ പാവപ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കണം. പൊതുമേഖലയെയും പരമ്പരാഗത മേഖലയെയും സംരക്ഷിക്കണം. സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെ ഗുണഫലം ഭാവിതലമുറയ്ക്ക് പരിമിതപ്പെട്ടുപോകാതെ ശ്രദ്ധിക്കുകയും വേണം. വൈദ്യുതിരംഗത്ത് സ്വയംപര്യാപ്തത കൈവരിച്ചാല്‍മാത്രമേ വ്യാവസായിക മേഖലയില്‍ മുന്നേറാന്‍ കഴിയൂ. ജാതീയമായ ഉച്ചനീചത്വങ്ങളെ എതിര്‍ക്കാനും കഴിയണം. ഭാഷയുടെ കാര്യത്തിലും ശ്രദ്ധചെലുത്തണം. ശാസ്ത്ര സാങ്കേതിക പദങ്ങള്‍ക്ക് സമാനമായ പദങ്ങള്‍ നമ്മുടെ ഭാഷയില്‍ കണ്ടെത്താന്‍ കഴിയണമെന്നും പിണറായി പറഞ്ഞു.
deshabhimani 060213
Labels:
രാഷ്ട്രീയം,
വികസനം
Subscribe to:
Post Comments (Atom)
No comments:
Post a Comment