Wednesday, February 13, 2013

മെട്രോ ധാരണാപത്രം നീളുന്നു


കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിനുവരെ പദ്ധതിയുണ്ടാക്കിയ കെഎംആര്‍എല്‍ ഒന്നാംഘട്ട നിര്‍മാണത്തിന് ഡിഎംആര്‍സിയുമായി ഒപ്പിടേണ്ട ധാരണപത്രം വൈകിക്കുന്നു. പദ്ധതിയില്‍ ഡിഎംആര്‍സിയുടെ പങ്ക് സംബന്ധിച്ച ധാരണാപത്രം ഒരുമാസത്തിനുള്ളില്‍ ഒപ്പിടുമെന്നാണ് ജനുവരി എട്ടിന് കേന്ദ്രമന്ത്രി കമല്‍നാഥ് പറഞ്ഞത്. ധാരണപത്രത്തിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും എന്നാല്‍ 27ന് ചേരുന്ന ഡയറക്ടര്‍ബോര്‍ഡിലും ഇതിന് അന്തിമ രൂപമാകില്ലെന്നും കെഎംആര്‍എല്‍ ചെയര്‍മാന്‍ ഏല്യാസ് ജോര്‍ജ് ദേശാഭിമാനിയോട് പറഞ്ഞു.

ധാരണപത്രത്തിന്റെ കരട് ഡിഎംആര്‍സി കെഎംആര്‍എലിന് സമര്‍പ്പിച്ചത്് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ്. ഒരുവര്‍ഷം പിന്നിട്ടു. കഴിഞ്ഞ നവംബര്‍ 14ന് ഡല്‍ഹിയില്‍ കമല്‍നാഥുമായുള്ള ചര്‍ച്ചയ്ക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത് 10 ദിവസത്തിനുള്ളില്‍ ധാരണാപത്രം ഒപ്പിടുമെന്നാണ്. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ ജനുവരി എട്ടിന് കൊച്ചിയില്‍ വന്ന് കമല്‍നാഥും പറഞ്ഞു: ഒരുമാസത്തിനുള്ളില്‍ ധാരണപത്രമാകും. ആ സമയപരിധിയും കഴിഞ്ഞു. 27ന് ചേരുന്ന കെഎംആര്‍എല്‍ ബോര്‍ഡിലും ധാരണപത്രത്തിന്റെ കാര്യം പരിഗണിക്കുന്നില്ലെന്നാണ് എംഡി ഇപ്പോള്‍ പറയുന്നത്. പദ്ധതി നിര്‍മാണത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കാകണമെന്നതെല്ലാം സംബന്ധിച്ച ധാരണപത്രത്തിലെ വ്യവസ്ഥകള്‍ ബോര്‍ഡ് പരിശോധിക്കേണ്ടതുണ്ട്. നിയമപ്രശ്നങ്ങള്‍കൂടി ഉള്‍പ്പെട്ട കാര്യമാണ്. അതെല്ലാം പരിശോധിച്ചുമാത്രമെ കരാറിലെത്താന്‍ കഴിയൂ എന്നും ഏല്യാസ് ജോര്‍ജ് പറഞ്ഞു.

കൊച്ചി മെട്രോ നിര്‍മാണത്തില്‍ ഡിഎംആര്‍സിയുടെ പങ്ക് സംബന്ധിച്ച അവ്യക്തത തുടരുമെന്നുതന്നെയാണ് ഇതിലെ സൂചന. ടെന്‍ഡറുകള്‍ വിളിക്കുന്ന ചുമതല മാത്രമാണ് ഇപ്പോള്‍ ഡിഎംആര്‍സിക്കുള്ളത്. സിവില്‍ ജോലികളുടെ ടെന്‍ഡര്‍ നടപടികള്‍ ഒരുമാസത്തിനുള്ളില്‍ അവര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. മറ്റു ടെന്‍ഡറുകളും വിവിധ നിര്‍മാണഘട്ടങ്ങളില്‍ വരും. തുടര്‍ന്നുള്ള നിര്‍വഹണഘട്ടത്തില്‍ ഡിഎംആര്‍സിയുടെ പങ്ക് എന്താകുമെന്ന് വ്യക്തമല്ല. മേല്‍നോട്ടവും സാമ്പത്തിക ചെലവുകളുടെ ഉത്തരവാദിത്തവും വലിയ ടെന്‍ഡറുകളിലെ നിര്‍ണായക ചുമതലയും കെഎംആര്‍എലിനായിരിക്കുമെന്നാണ് ഇപ്പോഴത്തെ ധാരണ. അങ്ങനെയെങ്കില്‍ ടെന്‍ഡറുകള്‍ വിളിച്ചുകഴിയുന്നതോടെ ഡിഎംആര്‍സി പ്രധാന ചുമതലകളില്‍നിന്ന് ഒഴിവാക്കപ്പെടുമെന്ന ആശങ്ക ശക്തമാണ്.

deshabhimani 130213

No comments:

Post a Comment