Tuesday, February 12, 2013

വീട്ടുകാര്‍ക്ക് അറിയിപ്പ് കിട്ടിയത് മൂന്നാംപക്കം


അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത് കുടുംബത്തെ അറിയിച്ചശേഷമാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അവകാശവാദം പൊളിഞ്ഞു. അഫ്സല്‍ ഗുരുവിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് കശ്മീരില്‍ കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചത് തിങ്കളാഴ്ച. ശനിയാഴ്ചയാണ് അഫ്സലിനെ തിഹാര്‍ ജയിലില്‍ തൂക്കിക്കൊന്നത്. കുടുംബാംഗങ്ങളെ അറിയിക്കാതെ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ വ്യാപകവിമര്‍ശം ഉയര്‍ന്നിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇത് തള്ളി. കുടുംബത്തിന് വെള്ളിയാഴ്ച കത്ത് അയച്ചുവെന്നാണ് ആഭ്യന്തരമന്ത്രാലയം പറഞ്ഞത്. ശനിയാഴ്ച രാവിലെ അഫ്സലിനെ വധശിക്ഷയ്ക്ക് വിധേയനാക്കുമെന്ന് കത്തില്‍ വിശദീകരിച്ചിരുന്നില്ല. ദയാഹര്‍ജി തള്ളിയ വിവരം കുടുംബത്തെ അറിയിച്ചെന്നുമാത്രമാണ് ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ശനിയാഴ്ച വൈകിട്ട് ശ്രീനഗര്‍ ജനറല്‍ പോസ്റ്റ് ഓഫീസില്‍ കത്ത് കിട്ടിയതായി ജമ്മു കശ്മീര്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ജോണ്‍ സാമുവല്‍ അറിയിച്ചു. പിറ്റേന്ന് ഞായറാഴ്ചയായതിനാല്‍ കത്ത് എത്തിക്കാനായില്ലെന്നും സാമുവല്‍ വ്യക്തമാക്കി. വധശിക്ഷയുടെ വിവരം തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് അഫ്സല്‍ ഗുരുവിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു.

ജയില്‍ച്ചട്ടം അനുസരിച്ച് ഒരാളെ വധിക്കുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ കുടുംബത്തെ വിവരം അറിയിക്കണം. എന്നാല്‍, എങ്ങനെയാണ് അറിയിക്കേണ്ടതെന്നോ എത്രദിവസംമുമ്പ് അറിയിക്കണമെന്നോ വ്യക്തമായി പറയുന്നില്ല. കേന്ദ്രസര്‍ക്കാര്‍ ഇത് മുതലെടുക്കുകയായിരുന്നു.

കശ്മീരിലെ യുവാക്കളെ ഇന്ത്യന്‍ മുഖ്യധാരയില്‍നിന്ന് കൂടുതല്‍ അകറ്റാന്‍ മാത്രമേ അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ വഴിയൊരുക്കൂവെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും കശ്മീര്‍ സംസ്ഥാന സെക്രട്ടറിയുമായ മുഹമദ് യൂസഫ് തരിഗാമി പറഞ്ഞു. കശ്മീരുകാരുടെ വികാരം മനസ്സിലാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കയാണ്. അഫ്സലിന്റെ വധശിക്ഷ നടപ്പാക്കപ്പെട്ടശേഷം കശ്മീരില്‍ ക്രമസമാധാനം വഷളാവുകയാണ്. ഇടുങ്ങിയ താല്‍പ്പര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് തിടുക്കത്തിലെടുത്ത തീരുമാനമാണിത്. വധശിക്ഷയും സംസ്കാരവും അഫ്സലിന്റെ കുടുംബത്തെ അറിയിക്കാതിരുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുക്കണം. രാജ്യത്ത് വ്യത്യസ്ത അഭിപ്രായങ്ങളുള്ള എല്ലാവരും മുന്നോട്ടുവരികയും കശ്മീരിലെ ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയും വേണം. എങ്കില്‍മാത്രമേ ഒറ്റപ്പെടലിന്റെ തോത് കുറയ്ക്കാനാകൂ. ഒറ്റപ്പെടലും തുടര്‍ന്നുള്ള ക്ഷോഭവുമാണ് ഭീകരതയ്ക്ക് വിളനിലമാകുന്നത് - തരിഗാമി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment