Tuesday, February 12, 2013

ജനം ഹൃദയത്തിലേറ്റിയ സര്‍ക്കാര്‍


ത്രിപുരയില്‍ ഫെബ്രുവരി 14ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുകയാണ് മണിക് സര്‍ക്കാര്‍. വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്ന് 1998 മുതല്‍ മുഖ്യമന്ത്രിപദത്തിലിരിക്കുന്ന മണിക് സര്‍ക്കാര്‍ എല്ലാ ദിവസവും ഒന്നിലധികം പൊതുയോഗങ്ങളെ അഭിസംബോധനചെയ്യുന്നു. സിപിഐ എം സംസ്ഥാനകമ്മിറ്റി ഓഫീസില്‍ രാത്രി വൈകി ദേശാഭിമാനിയോട് സംസാരിച്ച മണിക് സര്‍ക്കാരിന്, ത്രിപുരയില്‍ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഏഴാംവിജയം നേടുമെന്നതില്‍ സംശയമില്ല. ""ജനങ്ങള്‍ അവരുടെ ഹൃദയത്തിലാണ് ഇടതുമുന്നണിയെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നതാണ്"" ഈ ആത്മവിശ്വാസത്തിന് അടിസ്ഥാനമെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗംകൂടിയായ അദ്ദേഹം പറഞ്ഞു. മുഖാമുഖത്തിന്റെ പൂര്‍ണരൂപം.

? വോട്ടെടുപ്പിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ സ്ഥിതിഗതികള്‍ എങ്ങനെ വിലയിരുത്തുന്നു.

ഇടതുപക്ഷപ്രചാരണത്തോട് ജനങ്ങളുടെ പ്രതികരണം മുമ്പില്ലാത്തത്ര അനുകൂലമാണ്. എതിര്‍കക്ഷികളെ സഹായിച്ചിരുന്ന ജനങ്ങളും പ്രവര്‍ത്തകരും ഇടതുമുന്നണിയെ പിന്തുണയ്ക്കാന്‍ മുന്നോട്ടുവരുന്നു. ഇന്ന് ഞാന്‍ പങ്കെടുത്ത സബ്രൂമില്‍ മുന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗവും എഴുപതോളംപേരും ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. ജനങ്ങള്‍ ഞങ്ങളെ പ്രതിഷ്ഠിച്ചത് അവരുടെ ഹൃദയത്തിലാണ്. സമാധാനം, അധികാരവികേന്ദ്രീകരണത്തിലൂടെ ജനാധിപത്യം ശക്തിപ്പെടുത്തല്‍, ജീവിതനിലവാരത്തിലുണ്ടായ ഉയര്‍ച്ച, രണ്ടാം യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനടപടികള്‍ തുടങ്ങിയവ ജനങ്ങളെ ഇടതുപക്ഷത്തെ ഹൃദയത്തിലേറ്റാന്‍ പ്രേരിപ്പിച്ചു.

? കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഇടതുസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍. 

ഏറ്റവും പ്രധാനം സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാനായി എന്നതാണ്. ഒരുകാലത്ത് ത്രിപുരയും തീവ്രവാദവും ഒന്നായാണ് തിരിച്ചറിയപ്പെട്ടത്. വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ കൂട്ടത്തോടെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറാന്‍ തുടങ്ങി. ത്രിപുരയിലേക്ക് വരാന്‍ എല്ലാവരും ഭയപ്പെട്ടിരുന്നു. തീവ്രവാദത്തിനെതിരെ തുടര്‍ച്ചയായ, കഠിനമായ പോരാട്ടമായിരുന്നു സിപിഐ എമ്മിന് നടത്തേണ്ടിവന്നത്. ഈ പോരാട്ടത്തില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, ബ്ലോക്ക് സമിതി അധ്യക്ഷര്‍, പാര്‍ടിപ്രവര്‍ത്തകര്‍, അനുഭാവികള്‍, സാധാരണ ജനങ്ങള്‍ എന്നിവരുടെ വിലപ്പെട്ട ജീവിതം ഹോമിക്കേണ്ടി വന്നു. എന്നാല്‍, ഇന്ന് ത്രിപുര അറിയപ്പെടുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും ശാന്തമായ പ്രദേശമായാണ്. മൂന്നുനൂറ്റാണ്ട് ത്രിപുരയെ അസ്വസ്ഥമാക്കിയ തീവ്രവാദത്തെ മനുഷ്യാവകാശലംഘനമില്ലാതെ ചെറുത്തുതോല്‍പ്പിച്ച സംസ്ഥാന പൊലീസിന് "പ്രസിഡന്‍ഷ്യല്‍ കളേഴ്സ്" പുരസ്കാരം ലഭിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഈ ബഹുമതി ലഭിക്കുന്ന നാലാമത്തെ സംസ്ഥാനമാണ് ത്രിപുര. ആദിവാസികളും അല്ലാത്തവരുമായ സാധാരണക്കാരുടെ സഹകരണം ഒന്നുകൊണ്ടുമാത്രമാണ് ഈ ബഹുമതി നേടാനായത്. സര്‍ക്കാര്‍ നടപ്പാക്കിയ ത്വരിതഗതിയിലുള്ള വികസനപ്രവര്‍ത്തനവും തീവ്രവാദത്തെ നേരിടാന്‍ സഹായിച്ചു. മതനിരപേക്ഷചട്ടക്കൂട് നിലനിര്‍ത്താനായി എന്നതാണ് ഇടതുസര്‍ക്കാരിന്റെ മറ്റൊരു പ്രധാനനേട്ടം. ത്രിപുര ചെറിയ സംസ്ഥാനമാണെങ്കിലും ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന വിഭാഗത്തില്‍പ്പെട്ടവരും ആദിവാസികളും അധിവസിക്കുന്നുണ്ട്. ഏത് മതത്തിലും വിശ്വസിക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തി. ഇടതുസര്‍ക്കാരിന് പ്രത്യേക മതമില്ല. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ മുമ്പില്‍ എല്ലാ മതങ്ങള്‍ക്കും തുല്യസ്ഥാനമാണ്. മതപരമായ പരിപാടികള്‍ സമാധാനപൂര്‍വം നടത്താന്‍ സര്‍ക്കാര്‍ അവസരമൊരുക്കി. മതനിരപേക്ഷസമീപനം ദേശീയനിലവാരത്തില്‍ കടുത്ത ആക്രമണം നേരിടുന്നതുകൊണ്ടുതന്നെ ഈ നയത്തിന് ഏറെ പ്രാധാന്യമുണ്ട്.

? ഒരാഴ്ച സംസ്ഥാനത്തിന്റെ ഗ്രാമീണമേഖലയിലൂടെ സഞ്ചരിച്ചപ്പോള്‍ അടിസ്ഥാനസൗകര്യമേഖലയില്‍ വികസനം പ്രകടമായി കണ്ടു. ഗ്രാമങ്ങളില്‍പ്പോലും ടാറിട്ട റോഡുകളും സ്കൂള്‍- ആശുപത്രി കെട്ടിടങ്ങളും. ചെറിയ സംസ്ഥാനമായിട്ടും ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത് എങ്ങനെയാണ്.

അധികാരവികേന്ദ്രീകരണത്തിലൂടെ ഗ്രാമീണജനാധിപത്യം ശക്തമാക്കിയാണ് ഈ നേട്ടം കൈവരിക്കാനായത്. മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും കേന്ദ്രീകരിച്ച അധികാരം വികേന്ദ്രീകരിച്ച് ഗ്രാമീണസമിതികള്‍ക്ക് നല്‍കി. ത്രിപുരയിലെ ത്രിതലപഞ്ചായത്ത് സമ്പ്രദായം രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ടതാണെന്ന് വിനയത്തോടെ പറയാനാഗ്രഹിക്കുന്നു. അധികാരവികേന്ദ്രീകരണത്തിലൂടെ ജനങ്ങളെ ശാക്തീകരിക്കാനും ഇടതുസര്‍ക്കാര്‍ തയ്യാറായി. ആദിവാസിസ്വയംഭരണ ജില്ലാ കൗണ്‍സിലിന്റെ രൂപീകരണമാണ് മറ്റൊരു പ്രധാന ചുവടുവയ്പ്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ജനാധിപത്യ അന്തരീക്ഷവും രാഷ്ട്രീയ അവബോധവും വിവിധ തെരഞ്ഞെടുപ്പുകളില്‍ 90 ശതമാനത്തിലധികംപേര്‍ വോട്ടുചെയ്യാന്‍ എത്തുന്നതില്‍നിന്ന് മനസ്സിലാക്കാം. ഇതില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് എടുത്തുപറയേണ്ടതുണ്ട്. സര്‍ക്കാര്‍ നടപ്പാക്കിയ വിവിധങ്ങളായ വികസനപരിപാടികള്‍ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നു. കാര്‍ഷികം, അനുബന്ധമേഖലകള്‍, വൈദ്യുതോല്‍പ്പാദനം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം എന്നീ മേഖലകളിലെല്ലാം സംസ്ഥാനം പുരോഗതി കരസ്ഥമാക്കി. കേന്ദ്രധനമന്ത്രാലയവും കേന്ദ്ര സ്ഥിതിവിവരക്കണക്ക് സംഘടനയും തയ്യാറാക്കിയ കണക്കനുസരിച്ച് ത്രിപുരയിലെ ആളോഹരിവരുമാനം 2004ല്‍ 24,394 രൂപയായിരുന്നു. ഇതേസംഘടനകള്‍ 2011ല്‍ നടത്തിയ സര്‍വേയില്‍ ആളോഹരിവരുമാനം 55,754 രൂപയായി വര്‍ധിച്ചെന്ന് പറയുന്നു. ജനങ്ങളുടെ വാങ്ങല്‍ശേഷിയിലുണ്ടായ ഈ വര്‍ധന സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രത്യേകിച്ച്, വ്യാപാര- വാണിജ്യ മേഖലകളില്‍ ദൃശ്യമാണ്. വികസനം ദ്രുതഗതിയില്‍ നടക്കുന്നുണ്ടെങ്കിലും ഇതില്‍ പൂര്‍ണ സംതൃപ്തരല്ലെന്നാണ് ഞങ്ങള്‍ പറയുന്നത്. ജനങ്ങളുടെ ജീവിതനിലവാരം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. കോണ്‍ഗ്രസ് ഭരണകാലത്ത് ഏറെ അവഗണിക്കപ്പെട്ട പട്ടികജാതി- വര്‍ഗ- മറ്റു പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രത്യേക പരിപാടികളും നടപ്പാക്കിവരുന്നു. ഇത് നല്ല ഫലം ഉളവാക്കുന്നുണ്ട്.

? നവഉദാരവല്‍ക്കരണനയത്തിന്റെ ഇക്കാലത്ത് സംസ്ഥാനത്തിന്റെ വിഭവങ്ങള്‍ കേന്ദ്രം കവരുമ്പോഴും അടിസ്ഥാനസൗകര്യവികസന മേഖലയും സാമൂഹ്യക്ഷേമപദ്ധതികളും വിജയിപ്പിക്കുന്നത് എങ്ങനെയാണ്. 

ധനപരമായ അച്ചടക്കം പാലിക്കുന്ന സര്‍ക്കാരാണിത്. ധനമാനേജ്മെന്റ് കരുതലോടെയാണ്. ശരിയായ ആവശ്യങ്ങള്‍ക്കുമാത്രമാണ് പണം ചെലവഴിക്കുന്നത്. തുടക്കംമുതല്‍ ചെലവുചുരുക്കല്‍നയം സര്‍ക്കാര്‍ പിന്തുടരുന്നുണ്ട്. ഏറ്റവും കുറഞ്ഞ ശമ്പളമുള്ള മന്ത്രിമാരും എംഎല്‍എമാരും ത്രിപുരയിലായിരിക്കും. ജനങ്ങളില്‍ ഭാരിച്ച നികുതി ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ നയമല്ല. അഴിമതിയാരോപണം ഉയര്‍ന്നാല്‍ ഉടന്‍ അന്വേഷണത്തിന് ഉത്തരവിടുകയും അത് ശരിയാണെന്ന് കണ്ടാല്‍ നടപടി സ്വീകരിക്കുകയും ചെയ്യും. പണത്തിന്റെ ദുരുപയോഗം അനുവദിക്കില്ല. അധികാരവികേന്ദ്രീകരണത്തിലൂടെ ജനങ്ങളുടെ ശാക്തീകരണം ഉറപ്പാക്കിയതും പണച്ചോര്‍ച്ച തടയാന്‍ സഹായിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ മെച്ചപ്പെട്ട പ്രകടനം ഫണ്ട് യഥാസമയം നല്‍കാന്‍ കേന്ദ്രത്തെ നിര്‍ബന്ധിതമാക്കുന്നു.

? ഗ്രാമങ്ങളില്‍ ബിരുദം നേടി ജോലിയില്ലാത്ത ചെറുപ്പക്കാരെ കണ്ടു. സാക്ഷരതയില്‍ നാലാംസ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനത്ത് തൊഴിലില്ലായ്മ എത്രമാത്രം രൂക്ഷമാണ്. 

തൊഴിലവസരം സൃഷ്ടിക്കുകയെന്നത് നീറുന്ന ദേശീയപ്രശ്നമാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് അടിസ്ഥാനസൗകര്യങ്ങളൊന്നും ത്രിപുരയില്‍ സൃഷ്ടിച്ചില്ല. അടിസ്ഥാനസൗകര്യങ്ങളില്ലാതെ തൊഴിലവസരം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ വരില്ല. സംസ്ഥാന സര്‍വീസില്‍ ജോലി നല്‍കിയതുകൊണ്ടുമാത്രം തൊഴിലില്ലായ്മ പരിഹരിക്കാനാകില്ല. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പിനിടയിലും സംസ്ഥാന സര്‍വീസിലേക്കുള്ള റിക്രൂട്ട്മെന്റ് നിര്‍ത്തലാക്കിയിട്ടില്ല. 1972ല്‍ സംസ്ഥാനം രൂപീകരിച്ചപ്പോള്‍ സര്‍വീസില്‍ 27,000 ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നതെങ്കില്‍, ഇപ്പോള്‍ 1,61,000 ആയി. കഴിഞ്ഞ ഒരുവര്‍ഷം 22,000 മുതല്‍ 25,000 വരെപേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. ഇനിയും നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. 45 ലക്ഷം ഒഴിവ് കേന്ദ്രസര്‍ക്കാര്‍ നികത്തിയിട്ടില്ലെന്നുമാത്രമല്ല, അത് വരുംവര്‍ഷങ്ങളില്‍ ലാപ്സാവുകയും ചെയ്യും. ത്രിപുരയിലെ സബ്രൂമില്‍നിന്ന് 75 കിലോമീറ്റര്‍മാത്രം അകലെയുള്ള ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖവുമായി ബന്ധം സ്ഥാപിക്കുന്നതിന് കാത്തിരിക്കുകയാണ് ഞങ്ങള്‍. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുന്നു. ഇത് സാധ്യമായാല്‍ നിലവിലുള്ള ഭൂമിശാസ്ത്രപരമായ കോട്ടങ്ങള്‍ നേട്ടങ്ങളായി മാറും. കിഴക്കനേഷ്യയിലേക്കുള്ള പ്രധാനകവാടമായി ത്രിപുര മാറും. അഗര്‍ത്തലയെ ബംഗ്ലാദേശിലെ അഖൗഡയുമായി ബന്ധിപ്പിക്കുന്ന 11 കിലോമീറ്റര്‍ റെയില്‍വേ ലൈനിനെക്കുറിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച അന്തിമഘട്ടത്തിലാണ്. അഗര്‍ത്തലയെ സബ്രൂമുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈനും ഉടന്‍ യാഥാര്‍ഥ്യമാകും. അഗര്‍ത്തലയില്‍നിന്ന് ധാക്കയിലേക്കുള്ള ബസ് സര്‍വീസ് ആരംഭിച്ചതിന്റെ തുടര്‍ച്ചയായി വിമാനസര്‍വീസ് തുടങ്ങാനും പദ്ധതിയുണ്ട്. ഇതൊക്കെ യാഥാര്‍ഥ്യമായാല്‍ ത്രിപുരയുടെ വ്യവസായവല്‍ക്കരണത്തിന് ഗതിവേഗം ലഭിക്കും. ? ത്രിപുരയില്‍ പ്രകൃതിവാതകശേഖരമുണ്ടെന്ന് വാര്‍ത്തയുണ്ട്. അതിന്റെ സാധ്യതകള്‍. പ്രകൃതിവാതകത്തിന്റെ വന്‍ശേഖരമാണ് ത്രിപുരയിലുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളായ ഒഎന്‍ജിസിയും ഗെയിലും ഒരു സ്വകാര്യസ്ഥാപനവും പര്യവേക്ഷണം നടത്തുകയാണ്. ഗുണമേന്മയുള്ളതാണ് ഈ വാതകമെന്നും കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വകാര്യവ്യക്തികള്‍ വാതകാധിഷ്ഠിത വൈദ്യുതപദ്ധതികള്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യം കാട്ടി മുന്നോട്ടുവന്നിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ അത് നിരുത്സാഹപ്പെടുത്തുകയാണ്. മറ്റ് വ്യവസായ ആവശ്യങ്ങള്‍ക്ക് വാതകം ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഒഎന്‍ജിസി 730 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതപ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ഈ വികസനപ്രവര്‍ത്തനസാധ്യതകളെ ഉയര്‍ന്ന സാക്ഷരത, ഗുണമേന്മയേറിയ മനുഷ്യവിഭവശേഷി, ഉയര്‍ന്ന വാങ്ങല്‍ശേഷി എന്നിവയുമായി ബന്ധപ്പെടുത്തി പരിശോധിച്ചാല്‍ സംസ്ഥാനത്ത് വ്യവസായസംരംഭങ്ങള്‍ക്ക് ശക്തമായ അടിത്തറയുണ്ടെന്ന് കാണാം. നിക്ഷേപകര്‍ മുന്നോട്ടുവരാന്‍ തുടങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

അഭിമുഖം: മണിക് സര്‍ക്കാര്‍ / വി ബി പരമേശ്വരന്‍ deshabhimani 120213

No comments:

Post a Comment