Thursday, February 14, 2013
കളളക്കേസ്: ഉമ്മന്‍ചാണ്ടി മാപ്പുപറയണം- പിണറായി
ഷുക്കൂര്‍ വധക്കേസിന്റെ മറവില്‍ സിപിഐ എം നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്തതിനെപ്പറ്റി നിഷ്പക്ഷവും സ്വതന്ത്രവും ഉന്നതതലത്തിലുള്ളതുമായ സമഗ്രാന്വേഷണം ഏര്‍പ്പെടുത്തണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ സംസ്ഥാനസര്‍ക്കാരിനോടാവശ്യപ്പെട്ടു.
മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ മരണപ്പെട്ട കേസില്‍ സിപിഐ എം നേതാക്കളെ പ്രതിയാക്കിയത് കേരളപൊലീസ് സൃഷ്ടിച്ച വ്യാജ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ വ്യക്തമാക്കിയിരിക്കുകയാണ്. സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന്‍, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും നിയമസഭാംഗവുമായ ടി. വി. രാജേഷ് എന്നിവരെ വധക്കേസില്‍ പ്രതികളാക്കിയത് പൊലീസ് സൃഷ്ടിച്ച വ്യാജത്തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് ലീഗ് പ്രവര്‍ത്തകര്‍ തന്നെ കോടതിയില്‍ സമര്‍പ്പിച്ച അന്യായത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് കെട്ടിച്ചമച്ച പൊലീസ് ഉദ്യോഗസ്ഥരെ അടിയന്തിരമായി സര്‍വീസില്‍നിന്നും സസ്പെന്റ് ചെയ്ത് സമഗ്രാന്വേഷണം ഏര്‍പ്പെടുത്തണം.
സിപിഐ എം നേതാക്കളെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തുന്നതിന് പൊലീസിന് പ്രേരണ നല്‍കിയ ഭരണത്തിലെ കറുത്തകരങ്ങളെയും പുറത്തുകൊണ്ടുവരണം. ജയരാജനെയും രാജേഷിനെയും പ്രതിയാക്കിയ നടപടി അസാധുവാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നിയമനടപടി സ്വീകരിക്കുകയും വേണം. ഇവരെ കള്ളക്കേസിലുള്‍പ്പെടുത്തുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസും ഒരു വിഭാഗം മാധ്യമങ്ങളും വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. രാഷ്ട്രീയ ദുഷ്ടലക്ഷ്യം നടപ്പാക്കാന്‍ ഭരണസംവിധാനത്തെയും പൊലീസിനെയും യു.ഡി.എഫ് സര്‍ക്കാര്‍ എങ്ങനെ ദുരുപയോഗപ്പെടുത്തുന്നു എന്നതിനെപ്പറ്റിയുള്ള ഞെട്ടിക്കുന്ന തെളിവാണ് പുറത്തുവന്നിരിക്കുന്നത്. ഇതിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അധികാരത്തില്‍ തുടരാനുള്ള ധാര്‍മികാവകാശം നഷ്ടമായിരിക്കുകയാണ്. സിപിഐ എം നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്തതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനങ്ങളോട് പരസ്യമായി മാപ്പുപറയണമെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
deshabhimani
Labels:
പോലീസ്,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment