Sunday, February 17, 2013

ഷുക്കൂര്‍ വധക്കേസ് വിചാരണ നാളെ മുതല്‍; അടവ് പിഴച്ച് പ്രോസിക്യൂഷന്‍


തലശേരി: വ്യാജമൊഴി ആയുധമാക്കിയാണ് സിപിഐ എം നേതാക്കളെ ജയിലിലടച്ചതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസ് വിചാരണക്കെത്തുന്നു. ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ചയാണ് ഷുക്കൂര്‍ കേസ് പരിഗണിക്കുന്നത്. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെയും ടി വി രാജേഷ് എംഎല്‍എയെയും പ്രതികളാക്കാന്‍ കെട്ടിച്ചമച്ച വ്യാജമൊഴി, കേസില്‍ പ്രോസിക്യൂഷന് തിരിച്ചടിയാവും. തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ മറ്റൊരു കേസില്‍ തളിപ്പറമ്പ് കപ്പാലത്തെ പഴയപുരയില്‍ അബു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഷുക്കൂര്‍കേസിലെ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്തുവന്നത്.

തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പര്‍ മുറിയില്‍നിന്ന് ഷുക്കൂറിനെ വധിക്കാന്‍ സിപിഐ എം അരിയില്‍ ലോക്കല്‍ സെക്രട്ടറി യു വി വേണു നിര്‍ദേശം നല്‍കുന്നത് ജയരാജനും രാജേഷും കേട്ടുവെന്ന അബുവിന്റെയും മുഹമ്മദ് സാബിറിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നേതാക്കളെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചത്. സംഭവദിവസം തളിപ്പറമ്പ് സഹകരണ ആശുപത്രി പരിസരത്തുപോലും പോയിട്ടില്ലെന്നാണ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുന്നത്. പൊലീസ് അവതരിപ്പിച്ച കള്ളസാക്ഷികളാണ് അബുവും മുഹമ്മദ് സാബിറുമെന്ന് സംശയാതീതമായി തെളിഞ്ഞു. മറ്റു സാക്ഷികളുടെ മൊഴിയിലെ വിശ്വാസ്യതയും ചോദ്യംചെയ്യപ്പെട്ടു. വ്യാജസാക്ഷിമൊഴികള്‍ ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കേസില്‍ കോടതിമുമ്പാകെ നിരപരാധിത്വം തെളിയിക്കാന്‍ കുറ്റാരോപിതര്‍ക്ക് സാധിക്കും. മുന്‍സിഫ് കോടതിമുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലം മാറ്റാന്‍ മുസ്ലിംലീഗിന്റെ "ആത്മാര്‍ഥത"യുള്ള സാക്ഷികളുടെ മേല്‍ കനത്ത രാഷ്ട്രീയ സമ്മര്‍ദമുണ്ടാവുമെങ്കിലും അത് എളുപ്പമാവില്ലെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ 33 പ്രതികളാണുള്ളത്. ഇതില്‍ ഇരുപതാം പ്രതി ജീവിച്ചിരിപ്പില്ല. കസ്റ്റഡിയിലുള്ള വാഹനം വിട്ടുകിട്ടാന്‍ തിങ്കളാഴ്ച പ്രതിഭാഗം ഹര്‍ജി നല്‍കും. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരനും പ്രതിഭാഗത്തിനുവേണ്ടി നിക്കോളസ് ജോസഫുമാണ് ഹാജരാവുക.

ഷുക്കൂര്‍ വധക്കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

ഷുക്കൂര്‍ വധക്കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. വളപട്ടണം സിഐ യു പ്രേമനെ മലപ്പുറം പാണ്ടിക്കാടേയ്ക്കാണ് സ്ഥലം മാറ്റിയത്. കേസില്‍ സാക്ഷികള്‍ അടുത്തിനെ നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. പി ജയരാജനെയും ടി വി രാജേഷിനെയും ആശുപത്രിയില്‍ സന്ദര്‍ശിച്ചില്ലെന്ന് സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. സിഐ പ്രേമനാണ് ഇവരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

deshabhimani 170213

No comments:

Post a Comment