Sunday, February 17, 2013

സിപിഐ എം ജാഥ: പോരാട്ടഗാനങ്ങള്‍ ഒരുങ്ങുന്നു


ഞങ്ങടടുപ്പിലെ തീയും കെടുത്തീട്ട് നിങ്ങള്‍ വിരുന്നൊരുക്കുന്നതാര്‍ക്കായ്...? ഞങ്ങടെ ചില്ലറ കച്ചവടത്തിലും പങ്കാളിയാവാന്‍ വിദേശികളോ....? ജീവിക്കാന്‍ വേണ്ടിയുള്ള ജനതയുടെ പോരാട്ടത്തിന്റെ വിളംബരജാഥയ്ക്ക് കരുത്ത് പകര്‍ന്ന് ഗാനങ്ങള്‍. സിപിഐ എം അഖിലേന്ത്യാജാഥയുടെ പ്രചാരണത്തിനായി ജ്ഞാനപീഠം ജേതാവ് ഒ എന്‍ വിയാണ് ഈ വരികള്‍ കുറിച്ചത്. അതിജീവനത്തിനായുള്ള തൊഴിലാളിവര്‍ഗത്തിന്റെ സമരസന്ദേശയാത്രയ്ക്ക് കരുത്തുപകരാന്‍ വീറുറ്റ ഗാനങ്ങള്‍ അണിയറയിലൊരുങ്ങുന്നു. ഒ എന്‍ വി അടക്കമുള്ള പ്രഗത്ഭരുടെ ഗാനങ്ങളാണ് ജനങ്ങളില്‍ ആവേശം വിതയ്ക്കാനെത്തുന്നത്. സമരാവേശം പകരുന്ന ആറ് ഗാനങ്ങളടങ്ങിയ ഓഡിയോ സിഡി ഉടന്‍ പുറത്തിറങ്ങും.

ഒ എന്‍ വിയുടെ രണ്ട് ഗാനങ്ങളാണ് ഓഡിയോ സിഡിയിലുള്ളത്. പ്രശസ്ത സംഗീതസംവിധായകരായ എം ജയചന്ദ്രന്‍, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് എന്നിവര്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സുദീപ്കുമാറും സംഘവുമാണ് ഗാനങ്ങള്‍ ആലപിച്ചത്. ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ എഴുതിയ ഗാനത്തിന് എം എ ബേബിയുടെ മകന്‍ അശോകും കവി ഏഴാച്ചേരി രാമചന്ദ്രന്റെ വരികള്‍ക്ക് പ്രശസ്ത സംഗീതസംവിധായകന്‍ എം കെ അര്‍ജുനന്‍ ഈണം പകര്‍ന്നു. നാടന്‍പാട്ട് കലാകാരന്‍ സി ജെ കുട്ടപ്പനും സംഘവും പാടിയ നാടന്‍പാട്ടിന്റെ റെക്കോഡിങ് എറണാകുളത്ത് പൂര്‍ത്തിയാക്കി. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ് നാടന്‍പാട്ടെഴുതിയത്. ഡല്‍ഹി പെണ്‍കുട്ടിയുടെ ദാരുണമരണത്തിന്റെയും സൂര്യനെല്ലി കേസിന്റെയും പശ്ചാത്തലത്തില്‍, ഉണരുന്ന സ്ത്രീശക്തിയെക്കുറിച്ച് മുരുകന്‍ കാട്ടാക്കട രചിച്ച് അദ്ദേഹം തന്നെ ആലപിച്ച ഗാനവും സിഡിയിലുണ്ടാകും. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന ദക്ഷിണമേഖലാ ജാഥ 25, 26, 27 തീയതികളില്‍ സംസ്ഥാനത്ത് പര്യടനം നടത്തും. ജാഥയുടെ സന്ദേശവുമായി നാടെങ്ങും ഈ പോരാട്ടഗാനങ്ങള്‍ മുഴങ്ങും.

deshabhimani 170213

No comments:

Post a Comment