Friday, February 1, 2013

തല്‍ക്കാലം സുപ്രീംകോടതിയില്‍ പോകില്ല: കമല്‍ഹാസന്‍


വിശ്വരൂപം എന്ന തന്റെ സിനിമ നിരോധിക്കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരെ ഉടന്‍ സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് ചിത്രത്തിന്റെ സംവിധായകനും നടനുമായ കമല്‍ഹാസന്‍ പറഞ്ഞു. ചില മതമൗലികവാദസംഘടനകളുടെയും തമിഴ്നാട് സര്‍ക്കാരിന്റെയും നിലപാടിന്റെ അടിസ്ഥാനത്തിലാണ് "വിശ്വരൂപം" തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞത്. തുടര്‍ന്ന് കാര്യങ്ങള്‍ ഇത്തരത്തിലാണെങ്കില്‍ താന്‍ തമിഴ്നാട് വിടുമെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചിരുന്നു. തന്റെ സിനിമയോടുള്ള സമീപനത്തില്‍ അങ്ങേയറ്റം ദുഃഖമുണ്ടെന്നും എന്നാല്‍, ചിത്രത്തിന്റെ പ്രദര്‍ശനം സംബന്ധിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ച നടക്കുന്നതിനാല്‍ ഹൈക്കോടതി വിധിക്കെതിരെ തല്‍ക്കാലം സുപ്രീംകോടതിയെ സമീപിക്കുന്നില്ലെന്നും കമല്‍ പറഞ്ഞു. തമിഴ്നാട് സര്‍ക്കാര്‍ കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിനെതിരെയുള്ള നീക്കം സാംസ്കാരിക തീവ്രവാദമാണെന്നും രാഷ്ട്രീയ പ്രതികാരത്തിന്റെ ഇരയാണ് താനെന്നും കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

അതേസമയം ചിത്രം നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് പ്രദര്‍ശനാനുമതി നല്‍കിയാല്‍ സംസ്ഥാനത്ത് കലാപമുണ്ടാവുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു. ഇതില്‍ ഒരു രാഷ്ട്രീയ പ്രതികാരവുമില്ല. കമല്‍ഹാസനോട് വ്യക്തിപരമായി ഒരു വിരോധുമില്ല. എഐഎഡിഎംകെയോട് ആഭിമുഖ്യമുള്ള ജയ ടിവിക്ക് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം നല്‍കാത്തതിനാലാണ് സര്‍ക്കാര്‍ ചിത്രം നിരോധിച്ചതെന്ന ഡിഎംകെ നേതാവ് കരുണാനിധിയുടെ പ്രസ്താവനക്കെതിരെ താന്‍ അപകീര്‍ത്തിക്കേസ് കൊടുക്കുമെന്നും ജയലളിത പറഞ്ഞു.

deshabhimani 010213

No comments:

Post a Comment