Friday, February 8, 2013

സാമ്പത്തിക വളര്‍ച്ച ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍


രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍. സാമ്പത്തിക വളര്‍ച്ച കൈവരിക്കാനെന്ന പേരില്‍ യുപിഎ സര്‍ക്കാര്‍ ജനദ്രോഹനയങ്ങളും പരിഷ്കാരങ്ങളും അതിശക്തമായി മുന്നോട്ടുകൊണ്ടുപോകുമ്പോഴും വളര്‍ച്ച താഴേക്കാണ്. 2012-13 സാമ്പത്തികവര്‍ഷത്തെ സാമ്പത്തികവളര്‍ച്ച അഞ്ചു ശതമാനമാണെന്ന് കേന്ദ്ര സ്ഥിതിവിവരസംഘടന തയ്യാറാക്കിയ കണക്കില്‍ പറയുന്നു. 2011-12ല്‍ 6.2 ശതമാനമായിരുന്നു സാമ്പത്തികവളര്‍ച്ച. ഈ സാമ്പത്തികവര്‍ഷത്തെ മൊത്തം ദേശീയവരുമാനം 55,03,476 കോടി രൂപയായിരിക്കുമെന്ന് ആഭ്യന്തരോല്‍പ്പാദനം സംബന്ധിച്ച് ആദ്യത്തെ പുതുക്കിയ കണക്കില്‍ പറയുന്നു. 2011-12ല്‍ ഇത് 52,43,582 കോടി രൂപയായിരുന്നു. നിര്‍മാണമേഖല, വാണിജ്യം, ഹോട്ടല്‍, ഗതാഗതം, കമ്യൂണിക്കേഷന്‍, ധന-ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, ബിസിനസ് സര്‍വീസസ് തുടങ്ങിയ മേഖലകളിലാണ് അഞ്ചുശതമാനത്തിലധികം സാമ്പത്തികവളര്‍ച്ചയുള്ളത്. കൃഷി-വനം-മത്സ്യബന്ധനമേഖലയില്‍ 1.8 ശതമാനമാണ് വളര്‍ച്ചാനിരക്ക്. നിര്‍മിതോല്‍പ്പന്നമേഖലയില്‍ 1.9 ശതമാനം വളര്‍ച്ചയുണ്ടായി. വൈദ്യുതി, വാതകം, ജലവിതരണമേഖലകളില്‍ 4.9 ശതമാനവും മൈനിങ്-ക്വാറി മേഖലയില്‍ 0.4 ശതമാനവുമാണ് വളര്‍ച്ച.

2011-12ല്‍ 3.6 ശതമാനം വളര്‍ച്ചയുണ്ടായ കാര്‍ഷിക-വന-മത്സ്യബന്ധനമേഖലയില്‍ വളര്‍ച്ച 1.8 ശതമാനമായി കുറഞ്ഞത് ഗ്രാമീണമേഖലയിലെ ജനങ്ങളുടെ വരുമാനത്തിലും ജീവിതത്തിലും കടുത്ത ദോഷഫലങ്ങളുണ്ടാക്കുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 5.2 ശതമാനം വളര്‍ച്ചയാണ് ഭഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ നേടിയത്. അത് 2.8 ശതമാനമായി കുറയും. പരുത്തി, കരിമ്പ്, പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനത്തിലും കുറവുവരും. വ്യവസായമേഖലയില്‍ 1.9 ശതമാനം വളര്‍ച്ചാനിരക്ക് മാത്രമാണ് പ്രതീക്ഷിക്കുന്നത്. 2011-12ലെ ആദ്യ മൂന്നു പാദങ്ങളില്‍ യഥാക്രമം 4.2 ശതമാനവും 9.5 ശതമാനവും വളര്‍ച്ചാനിരക്കുണ്ടായിരുന്ന നിര്‍മിതോല്‍പ്പന്ന, വൈദ്യുതിമേഖലകളില്‍ ഈ സാമ്പത്തികവര്‍ഷം യഥാക്രമം ഒരു ശതമാനവും 4.4 ശതമാനവും വളര്‍ച്ച മാത്രമാണ് പ്രതീക്ഷിക്കുന്നത്. നിര്‍മാണമേഖലയില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ 5.6 ശതമാനം വളര്‍ച്ചാനിരക്ക് 5.9 ശതമാനമായി വര്‍ധിച്ചു. വാണിജ്യം, ഹോട്ടല്‍, ഗതാഗതം, വാര്‍ത്താവിനിമയം എന്നീ മേഖലകള്‍ക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏഴുശതമാനം വളര്‍ച്ചയുണ്ടായിരുന്നത് 5.2 ശതമാനമായി കുറഞ്ഞു. സിവില്‍ വ്യോമയാനമേഖലയിലെ യാത്രക്കാരുടെ മേഖലയില്‍ 3.4 ശതമാനവും ചരക്കുകടത്ത് മേഖലയില്‍ 4.8 ശതമാനവും കുറവുണ്ടായതാണ് ഇതിനു പ്രധാന കാരണം. തുറമുഖങ്ങള്‍ വഴിയുള്ള ചരക്കുകൈകാര്യം ചെയ്യുന്നതില്‍ 3.1 ശതമാനം കുറവുവന്നു. പ്രതിശീര്‍ഷ വരുമാനം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ 38,037 രൂപയില്‍ നിന്ന് 39,143 രൂപയായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
(വി ജയിന്‍)

ഡീസല്‍ സബ്സിഡി 2015ല്‍ പൂര്‍ണമായും ഇല്ലാതാക്കും

ന്യൂഡല്‍ഹി: ഡീസല്‍വില കുറച്ച് നല്‍കുന്നതുമൂലമുള്ള നഷ്ടം 2015 മധ്യത്തോടെ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയ. കഴിഞ്ഞ മാസമാണ് ഡീസല്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞത്്. മാസം 50 പൈസവീതം വില കൂട്ടി സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. തുടര്‍ന്ന്, അന്താരാഷ്ട്ര വിപണിയിലെ അതേവില ഡീസലിന് ഉപയോക്താക്കള്‍ നല്‍കേണ്ടിവരും. ഇന്ധന ഉറവിടങ്ങള്‍ കുറഞ്ഞുവരികയാണ്. ഇന്ധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ഇന്ധനക്ഷമത വര്‍ധിപ്പിക്കുകയുംചെയ്യണം. പാചകവാതകത്തിന് ഇനിയും വില വര്‍ധിപ്പിക്കണം. ഡീസല്‍, പാചകവാതകം, കല്‍ക്കരി എന്നിവ അന്താരാഷ്ട്ര നിലവാരത്തേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യയില്‍ വില്‍ക്കുന്നതെന്ന് അലുവാലിയ പറഞ്ഞു. ഇന്ത്യപോലുള്ള ദരിദ്രരാജ്യങ്ങള്‍ക്ക് സമ്പന്നരാജ്യങ്ങളായി മാറണമെങ്കില്‍ ഇത്തരം സബ്സിഡികള്‍ തുടരാനാകില്ല-അലുവാലിയ പറഞ്ഞു.

deshabhimani 080213

No comments:

Post a Comment