Friday, February 8, 2013
കുര്യനെതിരെ നടപടി വേണം: ദേശീയ വനിതാ സംഘടനകള്‍
സൂര്യനെല്ലിക്കേസില്‍ ആരോപണവിധേയനായ പി ജെ കുര്യനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്നും ദേശീയ വനിതാ സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സൂര്യനെല്ലിക്കേസില്‍ പെണ്‍കുട്ടി നല്‍കിയ അപ്പീല്‍ പുനഃപരിശോധിക്കണമെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. 42 ദിവസസം 45 പുരുഷന്മാരാല്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ജസ്റ്റിസ് വര്‍മ കമീഷന്‍ ശുപാര്‍ശകളുടെ പശ്ചാത്തലത്തില്‍ കേസ് പുനഃപരിശോധിക്കണം. പുനരന്വേഷിക്കുന്നതിനെ പി ജെ കുര്യന്‍ എതിര്‍ക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. സുപ്രീംകോടതി അദ്ദേഹത്തെ കേസില്‍നിന്ന് ഒഴിവാക്കിയെന്നാണ് പറയുന്നത്. പീഡിപ്പിച്ചവരില്‍ പി ജെ കുര്യനുമുണ്ടെന്ന് ഇര ഉറപ്പിച്ചു പറയുന്നുമുണ്ട്. അന്വേഷണസംഘാംഗമായ കെ കെ ജോഷ്വയുടെ വെളിപ്പെടുത്തലും പരിഗണിക്കേണ്ടതുണ്ട്. ഇരയുടെ മൊഴി പരിഗണിക്കാത്ത അന്വേഷണസംഘത്തലവന്‍ സിബി മാത്യൂസ്, കുര്യനെ രക്ഷിക്കാനുള്ള തെളിവുകള്‍മാത്രമാണ് ശേഖരിച്ചത്. കുര്യനെതിരെ ഏഴ് സാക്ഷികളുടെ മൊഴിയുമുണ്ട്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷപദം ഒഴിയണം. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം നേരിടാനുള്ള നിയമഭേദഗതികള്‍ ചര്‍ച്ചചെയ്യുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അദ്ദേഹം അധ്യക്ഷനാവുന്നത് പരിഹാസ്യമാണ്. അക്രമം നേരിടാതെ സ്വതന്ത്രമായി സ്ത്രീകള്‍ക്ക് ജീവിക്കാനുള്ള അന്തരീക്ഷമൊരുക്കണമെന്നും കര്‍ശനമായ നിയമനിര്‍മാണം ഇതിനായി നടത്തണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധാ സുന്ദരരാമന്‍, വിമല്‍ തൊറാത്ത്(ഓള്‍ ഇന്ത്യ ദളിത് മഹിളാ അധികാര്‍ മഞ്ച്), ഷീല കാകഡെ(ഓള്‍ ഇന്ത്യ വിമന്‍സ് കോണ്‍ഫറന്‍സ്), ഇന്ദു അഗ്നിഹോത്രി(സെന്റര്‍ ഫോര്‍ വിമന്‍സ് ഡവലപ്മെന്റ് സ്റ്റഡീസ്), മോഹിനി ഗിരി(ഗില്‍ഡ് ഓഫ് സര്‍വീസ്), ജ്യോത്സ്ന ചാറ്റര്‍ജി(ജോയിന്റ് വിമന്‍സ് പ്രോഗ്രാം), അരസ അബിദി(മുസ്ലിം വിമന്‍സ് ഫോറം), ആനി രാജ(നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍), ലീല പസാ(യങ് വിമന്‍സ് ക്രിസ്ത്യന്‍ അസോസിയേഷന്‍) എന്നിവര്‍ ചേര്‍ന്നാണ് പ്രസ്താവന പുറപ്പെടുവിച്ചത്.
കുര്യന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍
ന്യൂഡല്‍ഹി: സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കും. ഡല്‍ഹി കൂട്ട ബലാത്സംഗത്തിനുശേഷം സ്ത്രീപീഡനങ്ങള്‍ക്കെതിരെ രാജ്യത്തുയര്‍ന്ന കടുത്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കുര്യനെതിരായ ആരോപണത്തെ അവഗണിക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. സൂര്യനെല്ലിക്കേസിലെ ഇരയുടെ അമ്മ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ പി ജെ കുര്യനെതിരെ നടപടിയെടുക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഈ കത്ത് കിട്ടിയാല്‍ അത് ഗൗരവമായിത്തന്നെ പരിഗണിച്ച് ആവശ്യമായ നടപടിയെടുക്കുമെന്ന് എഐസിസി വക്താവ് റഷീദ് അല്‍വി മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി. പാര്‍ലമെന്റ് സമ്മേളനം 21ന് തുടങ്ങാനിരിക്കുകയാണ്. സമ്മേളനം തടസ്സപ്പെടുംവിധം കുര്യന്റെ പ്രശ്നം വളര്‍ന്നുവരുമെന്ന് കോണ്‍ഗ്രസിന് ആശങ്കയുണ്ട്. അതിനുമുമ്പ് അന്വേഷണം നടത്താന്‍ തീരുമാനമെടുക്കേണ്ടിവരും. കുര്യനെ സംരക്ഷിച്ചെന്ന തോന്നല്‍ ഗുണകരമാകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു.
സോണിയയെ കാണാന്‍ കുര്യന് അനുമതി ലഭിച്ചില്ല
ന്യൂഡല്‍ഹി: സൂര്യനെല്ലി കേസില്‍ തന്റെ നിലപാട് അറിയിക്കാന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ സോണിയയെ നേരില്‍ കാണാന്‍ സമയം ചോദിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് അക്ബര്‍ റോഡിലെ 14-ാം നമ്പര്‍ ബംഗ്ലാവില്‍ വ്യാഴാഴ്ച പൂര്‍ണസമയം വിശ്രമത്തിലായിരുന്നു കുര്യന്‍. ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ കാണാന്‍ എത്തിയെങ്കിലും ക്യാമറ അനുവദിച്ചില്ല. ഡല്‍ഹി കൂട്ട ബലാത്സംഗത്തിനുശേഷം സ്ത്രീപീഡനങ്ങള്‍ക്കെതിരെ രാജ്യത്തുയര്‍ന്ന കടുത്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കുര്യനെതിരായ ആരോപണത്തെ അവഗണിക്കാനാകില്ലെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. ഇതിന്റെ ഭാഗമായാണ് സോണിയ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത്. സൂര്യനെല്ലിക്കേസിലെ ഇരയുടെ അമ്മ സോണിയക്ക് കത്തുമയച്ചിരുന്നു. തനിക്കെതിരായ ഇപ്പോഴത്തെ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് കുര്യന്‍ പറഞ്ഞു. സോണിയയെ കണ്ട് താനത് ബോധ്യപ്പെടുത്തും. ഒരാളെ കുറ്റക്കാരനായി ആദ്യമെ പ്രഖ്യാപിച്ചശേഷം വിചാരണ ചെയ്യുന്ന രീതിയാണ് കേരളത്തിലെ മാധ്യമങ്ങള്‍, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍ ചെയ്യുന്നതെന്നും കുര്യന്‍ പരിഭവിച്ചു. കെ സുധാകരന്‍ എംപിയും മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പി ഡി ടി ആചാരിയും കുര്യനെ വീട്ടിലെത്തി കണ്ടു.
deshabhimani 080213
Labels:
ഇടുക്കി,
സ്ത്രീ,
സ്ത്രീസംഘടന
Subscribe to:
Post Comments (Atom)
No comments:
Post a Comment