Tuesday, February 12, 2013

കുര്യനുപിന്നില്‍ ഉറച്ച് കോണ്‍ഗ്രസ്, ബിജെപി ഉരുണ്ടുകളി തുടരുന്നു


സൂര്യനെല്ലി കേസില്‍ പി ജെ കുര്യന്‍ നിരപരാധിയാണെന്ന വാദത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുന്നു. നിര്‍ണായക വെളിപ്പെടുത്തലുകള്‍ വന്നിട്ടും കുര്യനെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിനുമുമ്പുതന്നെ കുര്യന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന കോണ്‍ഗ്രസ് വക്താവ് പി സി ചാക്കോയുടെ പ്രസ്താവനയെ മറ്റൊരു കോണ്‍ഗ്രസ് വക്താവ് സന്ദീപ് ദീക്ഷിത് തള്ളി. എഐസിസി ആസ്ഥാനത്തെ പതിവുവാര്‍ത്താസമ്മേളനത്തിലാണ് പി സി ചാക്കോയുടെ അഭിപ്രായത്തെ സന്ദീപ് ദീക്ഷിത് തള്ളിയത്. പി സി ചാക്കോ കേരളത്തിലാണ് പരാമര്‍ശം നടത്തിയത്. അത് ഔദ്യോഗിക വാര്‍ത്താസമ്മേളനത്തിലല്ല. അതിനാല്‍ സന്ദീപ് ദീക്ഷിത് പറഞ്ഞതാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഔദ്യോഗികനിലപാട്. ചാക്കോയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ് സന്ദീപ് പറഞ്ഞത്. കുര്യന്റെ കാര്യത്തില്‍ കോടതിയും സംസ്ഥാന സര്‍ക്കാരുമാണ് നിലപാടെടുക്കേണ്ടത്. കോടതി കുര്യനെ കേസില്‍നിന്ന് ഒഴിവാക്കിയതിനാല്‍ രാജിയുടെ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.

സൂര്യനെല്ലി കേസില്‍നിന്ന് കുര്യനെ ഒഴിവാക്കുന്നതിനുള്ള കാരണങ്ങളിലൊന്നായി സുപ്രീംകോടതി നേരത്തെ കണ്ടിരുന്നത് കേസിലെ മറ്റു പ്രതികളെ വിട്ടയച്ചുകൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ്. എന്നാല്‍, ആ കേസില്‍ പെണ്‍കുട്ടി നല്‍കിയ അപ്പീല്‍ അംഗീകരിച്ച സുപ്രീംകോടതി കേസ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ നടക്കുന്ന വിചാരണയില്‍ പുതിയ വസ്തുതകള്‍ വരും. കുര്യനെ കുമളി ഗസ്റ്റ് ഹൗസില്‍ കണ്ടെന്ന് നിരവധി സാക്ഷികള്‍ വെളിപ്പെടുത്തുകയും ചെയ്തു. ഏറ്റവുമൊടുവില്‍ കുര്യനെ ഗസ്റ്റ് ഹൗസില്‍ താനാണ് എത്തിച്ചതെന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ധര്‍മരാജനും വെളിപ്പെടുത്തി. ഇത്രയും പ്രതികൂലസാഹചര്യങ്ങളുണ്ടായിട്ടും കുര്യനെ സംരക്ഷിക്കുകയാണ് കോണ്‍ഗ്രസ്. പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ നിലപാടും കുര്യനെ രക്ഷപ്പെടുത്താനുള്ളതാണ്. സ്വന്തം ഗ്രൂപ്പുകാരനായ ആള്‍ എത്ര വലിയ ആരോപണത്തിന് വിധേയനായാലും സംരക്ഷിക്കുകയെന്ന നിലപാടാണ് ആന്റണി സ്വീകരിച്ചിരിക്കുന്നത്. കുര്യന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെ വലുതായി സ്വാധീനിക്കുന്നത് ആന്റണിയുടെ നിലപാടാണ്. അത് കുര്യനെ സംരക്ഷിക്കുകയെന്നതാണ്.

ബിജെപി ഉരുണ്ടുകളി തുടരുന്നു

സൂര്യനെല്ലി കൂട്ട ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ പി ജെ കുര്യന്റെ കാര്യത്തില്‍ ബിജെപി കേന്ദ്രനേതൃത്വം ഉരുണ്ടുകളി തുടരുന്നു. കുര്യനെതിരായ ആരോപണം ഗൗരവമായതിനാല്‍ പരിശോധിക്കാതെ പ്രതികരിക്കാന്‍ കഴിയില്ലെന്ന് ബിജെപി വക്താവ് പ്രകാശ് ജാവദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഷയത്തെക്കുറിച്ച് ചൊവ്വാഴ്ച വെങ്കയ്യ നായിഡു സമഗ്രമായി പ്രതികരിക്കുമെന്നും അദ്ദേഹം&ാറമവെ;അറിയിച്ചു. കുര്യനെക്കുറിച്ചുള്ള ചോദ്യം അവഗണിക്കാനായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ ഉടനീളം ജാവദേക്കറിന്റെ ശ്രമം. ദേശീയ മാധ്യമ പ്രവര്‍ത്തകരടക്കം കുര്യന്റെ കാര്യത്തില്‍ പ്രതികരണം ആരാഞ്ഞെങ്കിലും ജാവദേക്കര്‍ മറുപടി പറഞ്ഞില്ല.

അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയെക്കുറിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം അപലപനീയമാണെന്നും പരിസ്ഥിതി മന്ത്രാലയത്തിന്റെ പിടിവാശി കാരണം പദ്ധതികള്‍ തടസ്സപ്പെടുന്നുവെന്നും ജാവദേക്കര്‍ കുറ്റപ്പെടുത്തി. കുര്യനെ കേസില്‍നിന്ന് ഒഴിവാക്കാന്‍ അരുണ്‍ ജയ്റ്റ്ലി സുപ്രീംകോടതിയില്‍ ഹാജരായതാണോ ബിജെപിയെ പ്രയാസത്തിലാക്കുന്നത് എന്ന ചോദ്യത്തോട് അല്ലെന്നായിരുന്നു മറുപടി. ജയ്റ്റ്ലിയുടെ നടപടി ജോലിയുടെ ഭാഗമായിരുന്നു. അതും ബിജെപി നിലപാടും തമ്മില്‍ ബന്ധമില്ലെന്ന് ജാവദേക്കര്‍ അവകാശപ്പെട്ടു. എന്നാല്‍, അരുണ്‍ ജയ്റ്റ്ലിയുടെ സമ്മര്‍ദവും ഉപദേശവുമാണ് ബിജെപിയെ പിന്തിരിപ്പിക്കുന്നത് എന്നാണ് സൂചന. സംസ്ഥാനനേതൃത്വത്തിലെ ഔദ്യോഗികവിഭാഗം പി ജെ കുര്യന്‍ രാജി വയ്ക്കണമെന്ന നിലപാടിലാണ്. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ പരസ്യമായി പിന്തുണയ്ക്കാന്‍ കഴിയാത്ത ഗതികേടിലാണ് കേന്ദ്രനേതൃത്വം. കുര്യന്‍ രാജിവയ്ക്കേണ്ടെന്ന് മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷി നേരത്തെ വ്യക്തമാക്കിയിരുന്നു. സൂര്യനെല്ലി ബലാത്സംഗക്കേസ് പെണ്‍കുട്ടിയുടെ വ്യക്തിപരമായ കാര്യമാണെന്നായിരുന്നു ജോഷിയുടെ വാദം.&ാറമവെ;ജോഷി പറഞ്ഞതാണ് പാര്‍ടിയുടെ ഔദ്യോഗിക നിലപാടെന്ന് മുക്താര്‍ അബ്ബാസ് നഖ്വിയും വ്യക്തമാക്കി.

deshabhimani 120213

No comments:

Post a Comment