Tuesday, February 12, 2013

പദ്ധതിനിര്‍വഹണം അവതാളത്തില്‍ സഭയില്‍ പ്രതിഷേധം


തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പദ്ധതിരൂപീകരണവും നിര്‍വഹണവും അവതാളത്തിലാക്കിയ സര്‍ക്കാര്‍നടപടിയില്‍ നിയമസഭയില്‍ പ്രതിഷേധം. സര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങള്‍മൂലം പദ്ധതിപ്രവര്‍ത്തനം സ്തംഭിച്ചിരിക്കുകയാണെന്ന് ചോദ്യോത്തരവേളയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കേ, 21 ശതമാനം തുകമാത്രമാണ് ചെലവഴിച്ചതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ 2012-13 വര്‍ഷത്തേക്ക് 8534.71 കോടിയുടെ പദ്ധതികളാണ് തയ്യാറാക്കിയത്. എന്നാല്‍, ഇതുവരെ 474.94 കോടിമാത്രമാണ് ചെലവഴിച്ചത്. ഇനിയുള്ള ഒന്നരമാസംകൊണ്ട് ബാക്കി തുക ചെലവഴിക്കാനാകില്ല. ധനവകുപ്പ് പദ്ധതികളെ തടസ്സപ്പെടുത്തുകയാണെന്നും കോടിയേരി പറഞ്ഞു.

ഗ്രാമസഭകളില്‍പ്പോലും ചര്‍ച്ചചെയ്യാതെ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍നടപടി അധികാരവികേന്ദ്രീകരണത്തെ തകര്‍ക്കുമെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. കുളിപ്പിച്ചുകുളിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമങ്ങളുടെ വികസനത്തെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് എസ് ശര്‍മ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളെ പണം കാട്ടിയിട്ട് അത് നല്‍കാതിരിക്കുകയാണ് സര്‍ക്കാരെന്ന് ജി സുധാകരന്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന നയങ്ങള്‍ സര്‍ക്കാര്‍ തിരുത്തണമെന്ന് ടി വി രാജേഷ്, വി ശിവന്‍കുട്ടി, എം ഹംസ, തോമസ് ചാണ്ടി എന്നിവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ പദ്ധതിതുക മാര്‍ച്ച് അവസാനത്തിനുമുമ്പ് ചെലവഴിക്കാനാകുമെന്ന് മന്ത്രി എം കെ മുനീര്‍ അറിയിച്ചു. ജില്ലാ ആസൂത്രണസമിതിയുടെ അധികാരം എടുത്തുകളഞ്ഞിട്ടില്ല. തദ്ദേശസ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന സുലേഖ, സാംഖ്യാ സോഫ്റ്റ്വെയറിന്റെ അപാകതകള്‍ പരിഹരിക്കും. സ്വന്തമായി വരുമാനമില്ലാത്ത പഞ്ചായത്തുകള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് ലോകബാങ്കില്‍നിന്ന് ധനസഹായം ലഭ്യമാക്കും. അതിനുള്ളില്‍ പഞ്ചായത്തുകള്‍ സ്വയംപര്യാപ്തമാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

deshabhimani 120213

No comments:

Post a Comment