Wednesday, February 13, 2013

തെളിവുകള്‍ പുറത്തുവന്നിട്ടും സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു: പിണറായി


സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെതിരെ പുതിയ തെളിവുകള്‍ ഒന്നൊന്നായി പുറത്തുവന്നിട്ടും സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കള്ളക്കളി അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണം. മലപ്പുറത്ത് കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനംചെയ്തും വെന്നിയൂരില്‍ തൃക്കുളം കൃഷ്ണന്‍കുട്ടിക്ക് കാഥിക ശ്രേഷ്ഠ പുരസ്കാരം വിതരണംചെയ്തും സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം എം മണിയെ പ്രസംഗത്തിന്റെ പേരില്‍ കേസെടുത്ത് ജയിലില്‍ അടച്ച യുഡിഎഫ് സര്‍ക്കാര്‍, പുതിയ തെളിവുകളും സാക്ഷിമൊഴികളും വന്നിട്ടും കുര്യനെതിരെ അനങ്ങുന്നില്ല. ഈ നിലപാട് തിരുത്തി കേസില്‍ പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. പൊതുവിദ്യാഭ്യാസ മേഖല തകര്‍ക്കുന്ന നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അണ്‍എയിഡഡ് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാരിന് താത്പര്യം. പൊതുവിദ്യാലയങ്ങള്‍ തകര്‍ന്നാല്‍ പാവപ്പെട്ടവന് വിദ്യാഭ്യാസം നഷ്ടമാകും. പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമാണ്. വിദ്യാഭ്യാസ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ തിരുത്തിക്കാന്‍ ജനങ്ങള്‍ രംഗത്തിറങ്ങണം.

നാടിന്റെ ഭാവി തകര്‍ക്കാനുള്ള ജാതി-മത സംഘടനകളുടെ നീക്കം ചെറുക്കാന്‍ കേരളീയ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണം. ജാതീയ വേര്‍തിരിവ് ശക്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നു. ഇക്കാര്യം മതനിരപേക്ഷ സമൂഹം തിരിച്ചറിയണം. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ചില സംഘടനകള്‍ ആസൂത്രിതനീക്കം നടത്തുന്നുണ്ട്. ശ്രീനാരായണഗുരുവിനെ ദൈവമായും ഒരു വിഭാഗത്തിന്റെ ആളായും ചിത്രീകരിക്കാനാണ് ശ്രമം. ഗുരു ഏതെങ്കിലും ജാതിയുടെ മാത്രം സ്വന്തമല്ല. കേരളീയസമൂഹത്തിന്റെ സ്വത്താണ്. അതുകൊണ്ടുതന്നെ എസ്എന്‍ഡിപി ഒരു ജാതിയുടെ മാത്രം സംഘടനയല്ല. ഗുരു സ്ഥാപിച്ച സംഘടനയുടെ തലപ്പത്തുള്ളവര്‍ ജാതി പറയുമെന്ന് ആവര്‍ത്തിക്കുന്നത് അദ്ദേഹത്തെ അപമാനിക്കലാണ്. സമൂഹത്തിലെ ജാതീയ വേര്‍തിരിവിനെതിരെയാണ് ഗുരു പ്രവര്‍ത്തിച്ചത്. എസ്എന്‍ഡിപി കോഴിക്കോട്ട് മഹാസംഗമം നടത്തിയത് സിപിഐ എമ്മിനെ വെല്ലുവിളിക്കാനാണ്. വെള്ളാപ്പള്ളി നടേശന്‍ വിചാരിച്ചാലൊന്നും പാര്‍ടിയെ വെല്ലുവിളിക്കാനോ തകര്‍ക്കാനോസാധിക്കില്ല. മുമ്പ് ബിജെപിയുടെ പിന്തുണയോടെ ഇത്തരമൊരു നീക്കമുണ്ടായതാണ്. അതൊന്നും ഇവിടെ വിലപ്പോവില്ല. കേരളത്തിന്റെ പുരോഗതിയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്ക് ഇവരെല്ലാം മനസ്സിലാക്കുന്നത് നല്ലതാണ്. പണം പിരിച്ച് പള്ളിക്കൂടമുണ്ടാക്കാനാണ് ശ്രീനാരായണഗുരു പറഞ്ഞത്. പണം പിരിക്കല്‍ മാത്രം നടക്കുന്നു. ഗുരുവിന്റെ ശിഷ്യന്മാരെന്ന് പറയുന്നവര്‍ക്ക് സ്വന്തം സ്ഥാപനങ്ങളില്‍ കുട്ടികളെ പ്രവേശിപ്പിക്കാന്‍ പണം വാങ്ങുന്നില്ലെന്ന് നെഞ്ചത്ത് കൈവച്ച് പറയാനാകുമോ? ഗുരുവിന്റെ ധര്‍മം പ്രചരിപ്പിക്കേണ്ടവര്‍ അതു ചെയ്യണം. അല്ലെങ്കില്‍ സമൂഹം ചോദ്യംചെയ്യും. കാരണം ഗുരു എല്ലാവരുടെയും സ്വന്തമാണ്. ചില മുസ്ലിം സംഘടനകള്‍ വര്‍ഗീയത ഇളക്കിവിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന അത്തരം സംഘടനകള്‍ സദാചാര പൊലീസ് ചമയുന്നു. സമുദായത്തെ സംരക്ഷിക്കുമെന്ന് പറഞ്ഞ് അവര്‍ നടത്തുന്ന അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. ഇതിനെതിരെ മതന്യൂനപക്ഷങ്ങളിലെ മതനിരപേക്ഷ വിഭാഗങ്ങള്‍ രംഗത്തുവരണമെന്നും പിണറായി പറഞ്ഞു.

deshabhimani 130213

No comments:

Post a Comment