Wednesday, February 13, 2013
വയലാര്‍ രവിക്കെതിരെ നിയമസഭാ സമിതി
ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച കേന്ദ്ര മന്ത്രി വയലാര്‍ രവിക്കെതിരെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി അധ്യക്ഷന്‍. വയലാര്‍ രവി അത്തരത്തില്‍ പറയാന്‍ പാടില്ലായിരുന്നുവെന്ന് സമിതി ചെയര്മാന് മോന്‍സ് ജോസഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊതു പ്രവര്‍ത്തകര്‍ സഭ്യമായ രീതിയില്‍ പ്രതികരിക്കാനും മറുപടി പറയാനും തയ്യാറാകണം. വയലാര്‍ രവിയെ പോലെയുള്ള ഒരാള്‍ അങ്ങനെയൊരു പ്രതികരണം നടത്തിയത് ശരിയായില്ലെന്നും മോന്‍സ് ജോസഫ് പറഞ്ഞു. നിയമസഭയ്ക്ക് മുന്നില്‍ വനിതാ എംഎല്‍എമാരായ ഇ എസ് ബിജി മോള്, ഗീതാ ഗോപി എന്നിവര്‍ക്ക്് പൊലീസ് മര്‍ദനം ഏല്‍ക്കേണ്ടിവന്ന സംഭവത്തില്‍ വേഗം നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. സമതി അംഗം കൂടിയായ ബിജിമോള്‍ക്കു നേരെ നടന്ന അക്രമം ഗൗരവമായാണ് കാണുന്നത്. എംഎല്‍എമാര്‍ക്ക് സുരക്ഷിതത്വം ഇല്ലാതാകുന്നത് അംഗീകരിക്കാനാവില്ലെന്നും സമതി ചെയര്മാന് പറഞ്ഞു.
വയലാര്‍ രവിയുടെ പെരുമാറ്റം സംസ്കാരശൂന്യം: മഹിളാ അസോ.
തിരു: മാധ്യമപ്രവര്‍ത്തകയോട് കേന്ദ്രമന്ത്രി വയലാര്‍ രവി നടത്തിയ പരാമര്‍ശം സംസ്കാരശൂന്യമാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിന് ഉന്നയിക്കുന്ന ചോദ്യങ്ങളില്‍ അസംതൃപ്തി തോന്നിയാല്‍ അത് പ്രകടിപ്പിക്കുന്നതിനും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, അതിനുപയോഗിക്കുന്ന ഭാഷയും ഭാവവും മാന്യതയുള്ളതാകണം. പി ജെ കുര്യനെതിരായ വെളിപ്പെടുത്തലില്‍ യാഥാര്‍ഥ്യം ഉണ്ടോയെന്നാണ് മാധ്യമപ്രവര്‍ത്തക അന്വേഷിച്ചത്. മറുപടിയായി വയലാര്‍ രവിയില്നിന്നുണ്ടായ പരാമര്‍ശങ്ങള്‍ കൊച്ചുമകളാകാന്‍ പ്രായമുള്ള പെണ്‍കുട്ടിയോട് ഒരിക്കലും പറയാന്‍ പാടില്ലാത്തതായിരുന്നു. സ്ത്രീവിരുദ്ധമായ ഇത്തരം പരാമര്‍ശങ്ങളില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് ടി എന്‍ സീമ എംപിയും സെക്രട്ടറി കെ കെ ശൈലജയും പ്രസ്താവനയില്‍ പറഞ്ഞു.
വയലാര്‍ രവിയുടെ പരാമര്‍ശം: പത്രപ്രവര്‍ത്തക യൂണിയന് പ്രതിഷേധിച്ചു
ആലപ്പുഴ: സൂര്യനെല്ലിക്കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ചുളള പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകയോട് മാന്യമല്ലാത്ത ഭാഷയില്‍ സംസാരിച്ച കേന്ദ്രപ്രവാസികാര്യ മന്ത്രി വയലാര്‍ രവിയുടെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാകമ്മിറ്റിയോഗം പ്രതിഷേധിച്ചു. മന്ത്രിയുടെ സംസാരം പ്രതിഷേധാര്‍ഹമാണെന്നും ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരുടെ ഭാഗത്തുനിന്നുള്ള ഇത്തരം സംഭവങ്ങള്‍ അങ്ങേയറ്റം ഖേദകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എസ് ഡി വേണുകുമാര്‍ അധ്യക്ഷനായി. സെക്രട്ടറി എം എം ഷംസുദീന്‍, രാജേഷ് തകഴി, എന്‍ സന്തോഷ്കുമാര്‍, രതീഷ്രവി, എസ് സജിത്ത് എന്നിവര്‍ സംസാരിച്ചു.
വയലാര്‍ രവി പരസ്യമായി മാപ്പുപറയണം
തിരു: മാതൃഭൂമി ചാനലിലെ മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച കേന്ദ്രമന്ത്രി വയലാര്‍ രവി പരസ്യമായി മാപ്പുപറയണമെന്ന് നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ എന്‍ മീഡിയ(എന്‍ഡബ്ല്യുഎംഐ) ആവശ്യപ്പെട്ടു. വയലാര്‍ രവിയുടെ മോശം പെരുമാറ്റത്തില്‍ കെ എ ബീനയുടെ അധ്യക്ഷതയില്‍ പ്രസ്ക്ലബ്ബില്‍ ചേര്‍ന്ന യോഗം ശക്തമായി അപലപിച്ചു. സ്ത്രീ സമൂഹത്തോടു മുഴുവന്‍ മാപ്പുപറയാന്‍ മന്ത്രി തയ്യാറായില്ലെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പരാതി നല്‍കും. സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് വയലാര്‍ രവി മോശമായി സംസാരിച്ചത്. തൊഴില്‍ ഇടങ്ങളിലെ പീഡനമായി വയലാര്‍ രവിയുടെ പെരുമാറ്റത്തെ കണക്കാക്കണമെന്നും കേന്ദ്രമന്ത്രിയുടെ നിയമ ലംഘനത്തെ കോണ്‍ഗ്രസ് പാര്‍ടി ഗൗരവമായി കണക്കാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചില രാഷ്ട്രീയ നേതാക്കള്‍ വാര്‍ത്താസമ്മേളനങ്ങളിലും പ്രസംഗങ്ങളിലും അഭിമുഖങ്ങളിലും സ്ത്രീകളെ കുറിച്ച് നടത്തുന്ന അപമാനകരമായ പരാമര്‍ശങ്ങളിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി.
വയലാര്‍ രവി മാപ്പ് പറയണം
തിരു: മാതൃഭൂമി ചാനലിന്റെ ആലപ്പുഴ റിപ്പോര്‍ട്ടര്‍ ഐശ്വര്യയോട് അപമര്യാദയായി പെരുമാറിയ കേന്ദ്രമന്ത്രി വയലാര്‍ രവി മാപ്പ് പറയണമെന്ന് വനിതാ പത്ര പ്രവര്‍ത്തകരുടെ അഖിലേന്ത്യാ കൂട്ടായ്മയുടെ കേരള ഘടകം ആവശ്യപ്പെട്ടു.
സൂര്യനെല്ലി ലൈംഗിക ആക്രമണ കേസില്‍ പി ജെ കുര്യന്റെ പങ്കിനെ കുറിച്ചുള്ള ആരോപണത്തോടുള്ള പ്രതികരണം ചോദിച്ചപ്പോള്‍ ആണ് പ്രതിഷേധാര്‍ഹമായ പ്രതികരണം ഉണ്ടായത് . പത്രപ്രവര്‍ത്തകയായ യുവതിയെ അപമാനിച്ചത് നിയമപരമായി തന്നെ കുറ്റകരമാണ് എന്ന് ഓര്‍ക്കണം. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനം ആയി കേന്ദ്രമന്ത്രിയുടെ പെരുമാറ്റം കണക്കിലെടുക്കുന്നു- സംഘടന പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani
Labels:
വലതു സര്‍ക്കാര്‍,
വാർത്ത,
സ്ത്രീ
Subscribe to:
Post Comments (Atom)
No comments:
Post a Comment