Monday, February 11, 2013
പാടശേഖരം നികത്തുന്നത് സിപിഐ എം പ്രവര്‍ത്തകര്‍ തടഞ്ഞു
ശാസ്താംകോട്ട തടാകത്തിന്റെ വൃഷ്ടിപ്രദേശത്ത് അനിയന്ത്രിതമായി പാടശേഖരങ്ങള്‍ മണ്ണിട്ടുനികത്തുന്നത് സിപിഐ എം പ്രവര്‍ത്തകര്‍ തടഞ്ഞ് കൊടികുത്തി. തടാകത്തില്‍നിന്നു കല്ലടയാറ്റിലേക്കുള്ള മൈനര്‍ ഇറിഗേഷന്റെ തോട് തകര്‍ത്ത് കലുങ്ക് നിര്‍മിക്കാനുള്ള റിയല്‍എസ്റ്റേറ്റ് മാഫിയയുടെ ശ്രമവും പ്രവര്‍ത്തകര്‍ ഇടപെട്ടു തടഞ്ഞു.
തടാകത്തിന്റെ പ്രധാന വൃഷ്ടിപ്രദേശമായ പടിഞ്ഞാറെ കല്ലട കടപുഴ ബണ്ട്റോഡിനു സമീപമുള്ള ഇടിയാറ്റുപുറം, നെടുംചാല്‍ പാടശേഖരങ്ങളാണ് അനിയന്ത്രിതമായി നികത്തിക്കൊണ്ടിരിക്കുന്നത്. തടാകത്തിനെ കല്ലടയാറുമായി ബന്ധിപ്പിക്കുന്ന അതീവ പാരിസ്ഥിതിക ദുര്‍ബലമേഖലയാണിത്. കല്ലടയാറ്റില്‍നിന്നു ഭൂഗര്‍ഭത്തിലൂടെ തടാകത്തിലേക്ക് വേനല്‍കാലത്തും തുടരുന്ന ഒഴുക്കാണ് ഇപ്പോള്‍ തടാകത്തെ ശുദ്ധജലമാക്കി നിലനിര്‍ത്തുന്നത്. തടാകത്തിലെ ജലനിരപ്പ് പോഷിപ്പിക്കാന്‍ നെല്‍ക്കൃഷി ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ഇനി നടപ്പാക്കേണ്ടിയിരിക്കുന്നതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുമ്പോഴും അനിയന്ത്രിതമായി തുടരുന്ന നിലംനികത്തല്‍ തടാക സംരക്ഷണത്തിനു വിഘാതമായി നില്‍ക്കുന്നു. ദിനംപ്രതി നൂറുകണക്കിന് ലോഡ് മണ്ണാണ് പാടംനികത്താന്‍ എത്തിക്കൊണ്ടിരിക്കുന്നത്. പടിഞ്ഞാറെ കല്ലട പഞ്ചായത്തില്‍ മണല്‍-ചെളി മാഫിയക്ക് സ്വാധീനം ചെലുത്താനാകാത്ത അവശേഷിക്കുന്ന പാടശേഖരങ്ങളാണ് ഇവ.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നെല്‍കകൃഷി നിലയ്ക്കുകയും പാടം നികത്തിയുള്ള ഇതര കൃഷികള്‍ വ്യാപകമാകുകയും ചെയ്തതോടെയാണ് ഭൂമാഫിയ ഈ പാടശേഖരങ്ങളില്‍ കണ്ണുവയ്ക്കുന്നത്. മൈനാഗപ്പള്ളി കേന്ദ്രീകരിച്ചുള്ള റിയല്‍എസ്റ്റേറ്റ് മാഫിയ ലക്ഷക്കണക്കിനു രൂപയുടെ വസ്തുക്കളാണ് കോയിക്കല്‍ഭാഗം - കടപുഴ മേഖലകളില്‍ വാങ്ങിക്കൂട്ടിയത്. പാടശേഖരങ്ങള്‍ മണ്ണിട്ടു നികത്തുന്നതിനൊപ്പം പണകോരിയുള്ള കൃഷിരീതിയും വ്യാപകമായി. ആദ്യം പണകോരി കൃഷിചെയ്യുന്നതും പിന്നീട് മണ്ണിട്ടുനികത്തി പാടശേഖരങ്ങള്‍ കരഭൂമിയാക്കി മാറ്റുന്നതും ഇവിടെ പതിവാകുന്നു. ഇടിയാറ്റുപുറം - നെടുംചാല്‍ മേഖലയില്‍ വന്‍തോതില്‍ നടക്കുന്ന നിലംനികത്തലിനെതിരെ റെവന്യൂ അധികൃതര്‍ക്കു നിരവധി പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് ആക്ഷേപമുണ്ട്. അഞ്ചുവര്‍ഷത്തിനിടയില്‍ പാടശേഖരങ്ങള്‍ നികത്തി കരഭൂമിയാക്കി മാറ്റിയവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
deshabhimani 110213
Subscribe to:
Post Comments (Atom)
No comments:
Post a Comment