Monday, February 11, 2013
35 ലക്ഷം റേഷന്‍കാര്‍ഡുകള്‍ റദ്ദാക്കുന്നു
പൊതുവിതരണ സമ്പ്രദായം അട്ടിമറിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 35 ലക്ഷം റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കും. ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്കു റേഷന്‍ നിഷേധിക്കാനുള്ള പദ്ധതിയുടെ രൂപരേഖ സിവില്‍ സപ്ലൈസ് വകുപ്പ് തയ്യാറാക്കി കഴിഞ്ഞു.
ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെട്ടിനിരത്തലിനാണ് ഇതുവഴി കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കാനുള്ള തീരുമാനം ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും സിവില്‍ സപ്ലൈസ് കമ്മിഷണര്‍ ശ്യാം ജഗന്നാഥനും സ്ഥിരീകരിച്ചു. വ്യാജ റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കാനെന്ന മറവിലാണ് 35 ലക്ഷം കാര്‍ഡുടമകള്‍ക്കു റേഷന്‍ നിഷേധിക്കുക.
ഈ നടപടിമൂലം 2,66,32,245 എ പി എല്‍ വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകളില്‍ 30 ലക്ഷത്തിലേറെയും ബി പി എല്‍ വിഭാഗത്തിലെ 99,540,044 കാര്‍ഡുകളില്‍ 5 ലക്ഷത്തോളവുമാണ് റദ്ദാവുക. സംസ്ഥാനത്ത് ആകെ 3,65,86,249 കാര്‍ഡുടമകളാണുള്ളതെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ കണക്ക്. അന്ത്യോക്യാ അന്നയോജന പദ്ധതി പ്രകാരം ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കാര്‍ഡുടമകള്‍ക്ക് കിലോയ്ക്ക് ഒരു രൂപ നിരക്കിലാണ് റേഷനരി നല്‍കുന്നത്. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി സബ്‌സിഡിയോടുകൂടി അരി ലഭിക്കുന്ന 5 ലക്ഷത്തോളം കുടുംബങ്ങളെയും എ പി എല്‍ വിഭാഗത്തിലെ 30 ലക്ഷത്തിലേറെ കാര്‍ഡുടമകളെയുമാണ് പൊതുവിതരണ സമ്പ്രദായത്തിന്റെ സംരക്ഷണ വലയത്തില്‍ നിന്നു പുറത്താക്കുന്നത്.
വ്യാജ റേഷന്‍ കാര്‍ഡുകളുടെ ബാഹുല്യംമൂലം സര്‍ക്കാരിന് പ്രതിമാസം 23 കോടിയുടെ നഷ്ടമുണ്ടാകുന്നുവെന്നാണ് കാര്‍ഡുകള്‍ റദ്ദാക്കി ലക്ഷക്കണക്കിനു കുടുംബങ്ങളെ പൊതുവിപണിയില്‍ കശാപ്പിന് എറിഞ്ഞുകൊടുക്കാന്‍ സര്‍ക്കാര്‍ ചമയ്ക്കുന്ന ന്യായവാദം. സബ്‌സിഡി നിരക്കില്‍ ബി പി എല്‍ വിഭാഗത്തിന് 66,301 മെട്രിക് ടണ്ണും എ പി എല്‍ വിഭാഗത്തിന് 68,340 മെട്രിക് ടണ്ണും ഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്യുന്നത്. ഇതില്‍ 11,781 ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ വ്യാജ റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് നല്‍കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നത് തൊടുന്യായങ്ങള്‍ നിരത്തി ലക്ഷക്കണക്കിനു കാര്‍ഡുടമകള്‍ക്ക് റേഷന്‍ നിഷേധിക്കാനുള്ള കളമൊരുക്കലാണെന്നും ആരോപണം ഉയരുന്നു.
35 ലക്ഷം കാര്‍ഡുടമകളെ പൊതുവിതരണ സമ്പ്രദായത്തില്‍ നിന്നു പടിയടച്ചു പുറത്താക്കാനുള്ള പദ്ധതി മെനയുന്ന പണി മാസങ്ങള്‍ക്കുമുമ്പു തന്നെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന്റെ അകത്തളങ്ങളില്‍ ആരംഭിച്ചിരുന്നുവെന്നാണ് സൂചന. ആധാര്‍ കാര്‍ഡുകളെ അടിസ്ഥാനമാക്കി മാത്രം റേഷന്‍ വിതരണം എന്ന നിര്‍ദ്ദേശമാണ് ആദ്യം ഉയര്‍ന്നത്. എന്നാല്‍ 40 ശതാനത്തലേറെപേര്‍ ഇപ്പോഴും ആധാര്‍ കാര്‍ഡില്ലാത്തവരാണ്. അതിനാലാണ് റേഷന്‍ നിഷേധത്തിന് റേഷന്‍ കാര്‍ഡുകള്‍ക്കു വ്യാജ മുദ്രകുത്താനുള്ള പദ്ധതി തയ്യാറായത്.
രണ്ടു വയസിനു താഴെ പ്രായമുള്ള കുട്ടികളുടെ പേര് റേഷന്‍ കാര്‍ഡില്‍ ഉണ്ടായാല്‍ അക്കാരണത്താല്‍ തന്നെ കാര്‍ഡ് റദ്ദാക്കാനാണ് തീരുമാനം. അനര്‍ഹര്‍ കാര്‍ഡില്‍ കയറിപ്പറ്റിയിട്ടുണ്ടെങ്കില്‍ അവരുടെ പേരുകള്‍ ഒഴിവാക്കി റേഷന്‍കാര്‍ഡ് നിലനിര്‍ത്തുന്നതിനു പകരം തലവേദനയുണ്ടായാല്‍ തലതന്നെ വെട്ടിമാറ്റിക്കളയാം എന്നതരത്തിലുള്ള ഹീനതന്ത്രമാണ് സിവില്‍ സപ്ലൈസ് വകുപ്പ് പയറ്റുന്നത്.
അപേക്ഷ നല്‍കിയാല്‍ ഉടന്‍ തന്നെ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുറേ വ്യാജന്മാര്‍ കാര്‍ഡുടമകളായി കടന്നുകൂടിയിട്ടുണ്ടാകാം. അതിന്റെപേരില്‍ 35 ലക്ഷം കാര്‍ഡുകള്‍ വെട്ടിനിരത്തിയാല്‍ പൊതുവിതരണ സമ്പ്രദായമാകെ അലങ്കോലമാകും. ലക്ഷക്കണക്കിനു കാര്‍ഡുടമകളെ തീവില പടരുന്ന പൊതുവിപണിയിലേയ്ക്കു ആട്ടിപ്പായിച്ചാല്‍ അതു വന്‍ ജനകീയ പ്രക്ഷോഭത്തിനാണ് വഴിമരുന്നിടുക - സിവില്‍ സപ്ലൈസ് വകുപ്പിലെ തന്നെ ഉന്നതവൃത്തങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
(കെ രംഗനാഥ്)
janayugom 110213
Labels:
പൊതുവിതരണം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment