Monday, February 11, 2013

ബാങ്കിങ് സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കണം: സായ്നാഥ്


കൊച്ചി: കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ ബാങ്കിങ് സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കണമെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി സായ്നാഥ് പറഞ്ഞു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ 27-ാം ദേശീയ സമ്മേളനത്തില്‍ "ബാങ്കിങ്- ജനങ്ങളുടെ ഒരു മൗലികാവകാശം" എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂരിഭാഗം കര്‍ഷക ആത്മഹത്യാകുറിപ്പുകളില്‍ ബാങ്കിങ് സംവിധാനവും ഉദ്യോഗസ്ഥരുടെ അവഹേളനവുമാണ് മരണകാരണമായി പറഞ്ഞിട്ടുള്ളത്. രാജ്യത്തെ കാര്‍ഷികരംഗം തകര്‍ച്ചയുടെ വക്കിലാണ്. ചെറുകിട കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്ന ബാങ്കിങ് സംവിധാനമാണ് നമുക്കാവശ്യം. കര്‍ഷകര്‍ക്ക് ബാങ്ക് വായ്പകള്‍ അന്യമാവുകയാണ്. വായപകള്‍ യഥാര്‍ഥ അവകാശികള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്. ഔറംഗബാദിലെ ദേശസാല്‍കൃത ബാങ്ക് 150 മെഴ്സിഡെസ് ബെന്‍സ് കാറുകള്‍ വാങ്ങാന്‍ വെറും ഏഴു ശതമാനം പലിശയ്ക്ക് 66 കോടി രൂപയാണ് വായ്പ അനുവദിച്ചത്. എന്നാല്‍ കര്‍ഷകര്‍ക്ക് അഞ്ചു മുതല്‍ എട്ട് ലക്ഷം രൂപ വരെയുള്ള ട്രാക്ടറുകള്‍ വാങ്ങാന്‍ 14 ശതമാനം പലിശയ്ക്കാണ് വായ്പ നല്‍കിയതെന്നും സായ്നാഥ് പറഞ്ഞു.

രാജ്യത്തെ 60 ശതമാനം ഗ്രാമീണ ജനതയ്ക്കും സ്വന്തമായി ബാങ്ക് അക്കൗണ്ടില്ലെന്ന് സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. വിക്ടര്‍ ലൂയീസ് അന്ത്വാന്‍ പറഞ്ഞു. രാജ്യത്തെ 80 ശതമാനം സ്ത്രീകള്‍ക്കും ബാങ്ക് അക്കൗണ്ടില്ല. സാധാരണ മനുഷ്യരെ ബാങ്കുകളിലേയ്ക്ക് എത്തിക്കാനും അവര്‍ക്ക് സേവനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് രാജന്‍ നാഗര്‍, ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കിടാചലം എന്നിവരും സെമിനാറില്‍ സംസാരിച്ചു.

ശക്തമായ തൊഴിലാളിയൂണിയന്‍ മാനേജ്‌മെന്റിന് കരുത്ത് പകരും: ഡോ കെ സി ചക്രവര്‍ത്തി

കൊച്ചി: ശക്തമായ തൊഴിലാളി യൂണിയന്‍ സംവിധാനത്തിലൂടെ മാത്രമേ ശക്തമായ ബാങ്കിംഗ് മാനേജ്‌മെന്റ് സംവിധാനങ്ങള്‍ക്ക് രൂപംനല്‍കാനും ബാങ്കിംഗ്‌മേഖലയെ കാര്യക്ഷമമാക്കാനും കഴിയൂവെന്ന് ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ ഡോ കെ സി ചക്രവര്‍ത്തി പറഞ്ഞു.  തൊഴിലാളി യൂണിയനുകളും മാനേജ്‌മെന്റും സംയുക്തമായി കമ്പോളശക്തികള്‍െക്കതിരെ പ്രവര്‍ത്തിക്കണമെന്നും തൊഴിലാളിയൂണിയനുകള്‍ക്കാണ്  ചൂഷണത്തില്‍നിന്നും തൊഴിലാളികളെ മുക്തമാക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. എഐബിഇഎ ദേശീയസമ്മേളനത്തോടനുബന്ധിച്ച് നടന്ന 'ബാങ്കിംഗ്‌സേവനം മൗലികാവകാശം' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഗ്രാമങ്ങളിലും ബാങ്കിംഗ്‌സംവിധാനം കൊണ്ടുവരണം. അതുവഴി രാജ്യത്തെ സാധാരണക്കാര്‍ക്കും ബാങ്ക് അക്കൗണ്ട് ലഭിക്കാനുള്ള സാധ്യതകള്‍ ഉണ്ടാകണമെന്നും സാങ്കേതികവിദ്യകളും ഇത്തരം പദ്ധതികള്‍ക്കായി ഉപയോഗിക്കണമെന്നും ഇത്തരത്തിലുള്ള മുന്നേറ്റങ്ങളിലൂടെ മാത്രമേ ബാങ്കിംഗ്‌സേവനം മൗലികാവകാശമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രയോജനമുള്ളൂയെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷക ആത്മഹത്യകള്‍ക്ക് തടയിടാനും കാര്‍ഷികമേഖലയെ ഉത്തേജിപ്പിക്കാനും ബാങ്കിംഗ്‌സൗകര്യം കാര്യക്ഷമവും ജനകീയമാക്കുകയും വേണമെന്ന് പി സായിനാഥ് പറഞ്ഞു. രാജ്യത്തെ കാര്‍ഷിക ആത്മഹത്യകളില്‍ ഭൂരിഭാഗവും ബാങ്കിംഗ്‌രംഗത്ത് അവര്‍ക്ക് നേരിടേണ്ടിവന്ന പ്രതിസന്ധിയിലൂടെയാണ് ഉണ്ടായത്. വിദര്‍ഭയിലെ രാമചന്ദ്ര രത്തന്‍ റാവത്തിന്റെ ആത്മഹത്യാകുറിപ്പ് ഈയവസരത്തില്‍ ശ്രദ്ധേയമാണ്. തഹസില്‍ദാര്‍ ഒപ്പിട്ട 100 രൂപയുടെ സ്റ്റാമ്പ്‌പേപ്പറിലാണ് അദ്ദേഹം ആത്മഹത്യാകുറിപ്പ് എഴുതിയത്. തന്റെ കുടുംബത്തെയെങ്കിലും ബാങ്കുകാര്‍ ഉപദ്രവിക്കരുതെന്നാണ് അയാള്‍ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു.  ബാങ്കിംഗ്‌മേഖല കര്‍ഷകര്‍ക്ക് അനുകൂലമല്ലെന്നതിനു തെളിവാണ് ഔറംഗബാദിലെ ദേശസാല്‍കൃത ബാങ്ക് 150 മെഴ്‌സിഡെസ് ബെന്‍സിന് വെറും ഏഴ് ശതമാനം പലിശയ്ക്ക് 66 കോടി രൂപ ലോണ്‍ നല്‍കിയത്.  ഇതേസമയം കര്‍ഷകന് അഞ്ച് ലക്ഷം രൂപയുടെ ട്രാക്ടര്‍ വാങ്ങണമെങ്കില്‍ 14 ശതമാനം പലിശനല്‍കണമെന്നും അദ്ദേഹം പറഞ്ഞു.  കര്‍ഷകമേഖലയെക്കുറിച്ച് പഠിക്കാന്‍ കമ്മീഷനുകള്‍ രൂപീകരിക്കുന്നതല്ലാതെ മറ്റൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല ഈ അവസരത്തില്‍ കാര്‍ഷികപ്രശ്‌നങ്ങളെ മനസിലാക്കി ബാങ്കുകള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 80 ശതമാനം ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കും 60 ശതമാനം ഗ്രാമീണര്‍ക്കും സ്ത്രീകള്‍ക്കും ബാങ്കിംഗ് അക്കൗണ്ടുകളോ മറ്റു സൗകര്യങ്ങളോ ഇപ്പോഴുമില്ലെന്ന് പ്രൊഫ. വിക്ടര്‍ ലൂയിസ് അന്തുവന്‍ പറഞ്ഞു. മനുഷ്യവിഭവ വികാസത്തില്‍ 134-ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. അതേസമയം രാജ്യത്ത് വന്‍തോതില്‍ കോടീശ്വരന്മാര്‍ ഉയര്‍ന്നുവരികയും ചെയ്യുന്നു.
രാജ്യത്തിന് പുറത്തുള്ള ഇന്ത്യക്കാരുടെ വരുമാനത്തെയും കള്ളപ്പണത്തെക്കുറിച്ചും വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനും അവ തിരിച്ചുപിടിക്കാനും സര്‍ക്കാര്‍ ശ്രമിക്കുകയാണെങ്കില്‍ രാജ്യത്തെ മുഴുവന്‍ ദാരിദ്ര്യവും ഇല്ലാതാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

നാല് ശതമാനം തുക വിദ്യാഭ്യാസത്തിന് മാറ്റിവെയ്ക്കുന്ന സര്‍ക്കാരിന് നികുതി കൃത്യമായി പിരിക്കുന്നതിലൂടെ സര്‍വകലാശാലവരെയുള്ള പഠനം സൗജന്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.  സാമ്പത്തികമാന്ദ്യം യൂറോപ്യന്‍രാജ്യങ്ങളെ ബാധിച്ചപ്പോള്‍ ഇന്ത്യ ഉറച്ചുനിന്നത് ദേശസാല്‍കൃത ബാങ്കിംഗ്‌സംവിധാനത്തിലൂടെയും തൊഴിലാളിയൂണിയനുകളുടെ പ്രവര്‍ത്തനങ്ങളിലൂടെയുമാണ്.

ബാങ്കിംഗ് സേവനം മൗലികാവകാശമാകണമെങ്കില്‍ വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കുകയും ദാരിദ്ര്യംഇല്ലായ്മചെയ്യുകയും അതിന്റെ ഭാഗമായി ഇവരെ ബാങ്കിംഗ് സംവിധാനത്തില്‍ ബന്ധപ്പെടുത്തുകയുമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മതം രാഷ്ട്രീയമായും രാഷ്ട്രീയം ക്രിമിനല്‍വല്‍ക്കരണമായും ക്രിമിനല്‍വല്‍ക്കരണം അഴിമതിയിലേക്കും അഴിമതി രാജ്യത്തിന്റെ നാശത്തിലേക്കും നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ എഐബിഇഎ ദേശീയ ജനറല്‍ സെക്രട്ടറി സി എച്ച് വെങ്കിടാചലം പ്രസിഡന്റ് രാജന്‍ നഗര്‍, വിദേശ പ്രതിനിധികള്‍, ദേശീയനേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani/janayugom 110213

No comments:

Post a Comment