Monday, February 18, 2013
സഭയ്ക്കും നാഗശാപമോ?
പി സി ജോര്‍ജിന്റെ ശൈലി ആഭാസവും അശ്ലീലവും മാത്രമല്ല വിഷം വമിപ്പിക്കുന്നതുമാണെന്ന കാര്യത്തില്‍ ചിലര്‍ക്ക് മാത്രമേ സംശയമുണ്ടായിരുന്നുള്ളൂ. ഭരണനിരയിലടക്കം ഇതേപ്പറ്റി യോജിപ്പാണ് കൂടുതല്‍. തിങ്കളാഴ്ച സഭയില്‍ ഇക്കാര്യത്തില്‍ ഏകാഭിപ്രായം പ്രകടമായി. ചീഫ്വിപ്പ് നാഗക്ഷേത്രത്തില്‍ തുലാഭാരം നടത്തിയതിനാല്‍ സഭാ ലൈബ്രറിയില്‍ മൂര്‍ഖന്‍പാമ്പ് എത്തിയത് സാജുപോളാണ് ശ്രദ്ധയില്‍പ്പെടുത്തിയത്. സഭയ്ക്കുതന്നെ നാഗശാപമുണ്ടാകുമോ എന്നായി ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്റെ ആധി. നദീതീരസംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും (ഭേദഗതി) ബില്‍ ചര്‍ച്ചയിലാണ് നദിയും പരിസ്ഥിതിയും മണലും വിഷവും നാഗവുമെല്ലാം കാടും പുഴയും കടലും കടന്നെത്തിയത്.
നാല് ബില്‍ അംഗീകരിച്ച ദിവസം അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാന്‍ തയ്യാറാകാതിരുന്നത് അപൂര്‍വതയായി. സഭ അംഗീകരിക്കുന്ന നിയമങ്ങള്‍ക്ക് സമയബന്ധിതമായി ചട്ടങ്ങള്‍ നിര്‍മിക്കണമെന്ന സ്പീക്കറുടെ ഉത്തരവും ശ്രദ്ധേയമായി. നദീസംരക്ഷണബില്‍ ചര്‍ച്ചയില്‍ വി എസ് സുനില്‍കുമാറാണ് ജോര്‍ജിനെതിരായ ആക്രമണത്തിന് തുടക്കമിട്ടത്. നെല്ലിയാമ്പതിയിലെ കച്ചവടവും കൊള്ളമുതല്‍ വീതംവയ്ക്കുന്നതിലെ തര്‍ക്കവുമാണ് ഭരണപക്ഷത്തെന്ന് സുനില്‍ പറഞ്ഞു. ചങ്ങനാശേരിയിലെ ക്വട്ടേഷന്‍ സംഘത്തലവനായ മധുവാണ് തനിക്ക് തുലാഭാരനേര്‍ച്ച നടത്തിയതെന്ന് ജോര്‍ജ് വെളിപ്പെടുത്തിയപ്പോള്‍ എ കെ ബാലന്റെ ചോദ്യം ഹരിപ്പാട് മണ്ഡലത്തിലെ ക്ഷേത്രത്തിലാണ് തുലാഭാരമെന്നത് ശ്രദ്ധിക്കണം. നാഗശാപത്താല്‍ ജോര്‍ജ് ഇപ്പോള്‍ ഏലസ് കെട്ടിയാണ് നടക്കുന്നതെന്ന രഹസ്യം അറിയിച്ചത് സാജുപോളായിരുന്നു. ബാബു എം പാലിശേരി സഭാംഗങ്ങളെ പട്ടിക തിരിച്ചു. ഗാന്ധിനോട്ട് കണ്ടാല്‍ അനങ്ങുന്നവര്‍, ജാതിയും സമുദായവും നോക്കുന്ന മഞ്ഞ എംഎല്‍എ, ചുവപ്പ് എംഎല്‍എ, കടുംപച്ച എംഎല്‍എ, ഹരിത എംഎല്‍എ, ഉറക്കംതൂങ്ങികളായ സ്ലീപ്പിങ് എംഎല്‍എ, നീല എംഎല്‍എ എന്ന് ബാബു പറഞ്ഞുതീര്‍ത്തതും ഭരണനിരയില്‍ കെ ശിവദാസന്‍നായരടക്കം കലിതുള്ളി. സഭാംഗങ്ങളെ അപമാനിക്കുന്നതാണ് പ്രയോഗമെന്നായി ആക്ഷേപം. എംഎല്‍എമാരെ തെണ്ടികളെന്നു വിളിച്ചപ്പോള്‍ ഉണരാതിരുന്ന അഭിമാനത്തെ കളിയാക്കിയ ബാബു താന്‍ ആരുടെയും പേരുപറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. "കണ്ണീര്‍ക്കായലിലേതോ കടലാസിന്റെ തോണി" എന്ന സിനിമാപാട്ടുപോലെ നെയ്യാറില്‍ കടലാസ് തോണിയിറക്കുന്നവരാണ് ഹരിതവാദികളെന്ന് പി ശ്രീരാമകൃഷ്ണന്‍ നിരീക്ഷിച്ചു. കോഴിക്കോട് കലക്ടറെ മണല്‍മാഫിയ ആക്രമിച്ചതും കലക്ടറേറ്റ് വളപ്പിലെ മരംകൊള്ളയും വിവരിച്ച എ പ്രദീപ്കുമാര്‍ മാഫിയകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയാണെന്ന് ചൂണ്ടിക്കാട്ടി. മണല്‍ സംഭരണവും വിതരണവും സ്വകാര്യവ്യക്തികളില്‍ നിന്നു മാറ്റി പൊതുമേഖലയിലാക്കി മാഫിയാപ്രവര്‍ത്തനം തടയണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശിച്ചു. മണല്‍വാരല്‍ തടയാനും സംരക്ഷണത്തിനുമായി കൂടുതല്‍ പൊലീസ് സേനയെ വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. മണല്‍പ്രതിസന്ധി പരിഹരിക്കാന്‍ കടല്‍മണല്‍ ഖനമാകാമെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചെന്നിത്തല പറഞ്ഞു തീര്‍ന്നതും ആവേശത്തോടെ എഴുന്നേറ്റ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി കടല്‍മണല്‍ ഖനത്തിന് ജിമ്മില്‍ പദ്ധതി നിര്‍ദേശിച്ചത് സൂചിപ്പിച്ച് സര്‍വകക്ഷിയോഗം വിളിക്കാനുള്ള ചുമതലയും ഏറ്റെടുത്തു. മണലിനും കെട്ടിടനിര്‍മാണത്തിനും ബദല്‍മാതൃകകള്‍ വേണമെന്ന് ജോസഫ് വാഴക്കന്‍ ആവശ്യപ്പെട്ടു. കെ സുരേഷ്കുറുപ്പിന്റെ തടസ്സവാദം തള്ളിയാണ് സ്പീക്കര്‍, മന്ത്രി അടൂര്‍ പ്രകാശിന് ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത്. കേരള മുദ്രപ്പത്ര (ഭേദഗതി), ശമ്പളവും ബത്തകളും നല്‍കല്‍ (ഭേദഗതി), കേരള അഭിഭാഷക ഗുമസ്ത ക്ഷേമനിധി (ഭേദഗതി) ബില്ലുകളും സഭ അംഗീകരിച്ചു. മുല്ലക്കര രത്നാകരന്‍, മാത്യു ടി തോമസ്, കെ സുരേഷ്കുറുപ്പ്, എസ് രാജേന്ദ്രന്‍, പി ടി എ റഹിം, എം എ വാഹീദ്, ആര്‍ സെല്‍വരാജ് എന്നിവരും ബില്‍ ചര്‍ച്ചകളില്‍ സംസാരിച്ചു.
ഷുക്കൂര്‍ വധക്കേസിലെ സാക്ഷികളുടെ മൊഴിമാറ്റവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ നോട്ടീസാണ് പരാമര്‍ശിക്കാന്‍ അനുവദിക്കാതിരുന്നത്. കോടതിയില്‍ വിചാരണയിലുള്ള വിഷയത്തില്‍ ചര്‍ച്ച പാടില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. നോട്ടീസ് നല്‍കിയ ഇ പി ജയരാജനും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും എ കെ ബാലനും പ്രതിഷേധവുമായി എഴുന്നേറ്റു. സ്പീക്കര്‍ ഉത്തരവില്‍ ഉറച്ചുനിന്നതോടെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചു. സഭ അംഗീകരിക്കുന്ന നിയമങ്ങള്‍ക്ക് ചട്ടങ്ങള്‍ നിര്‍മിക്കണമെന്ന് സബോര്‍ഡിനേറ്റ് ലെജിസ്ലേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ എം ഉമ്മറാണ് ക്രമപ്രശ്നമായി ഉന്നയിച്ചത്. പ്ലാച്ചിമട ബില്ലടക്കം അഞ്ച് നിയമങ്ങള്‍ക്ക് ചട്ടം രൂപീകരിച്ചിട്ടില്ലെന്ന് പറഞ്ഞതോടെ സര്‍ക്കാരിനെ ഓര്‍മപ്പെടുത്തി സ്പീക്കര്‍ ഉത്തരവിറക്കി.
പി വി ജീജോ deshabhimani 190213
Subscribe to:
Post Comments (Atom)
No comments:
Post a Comment