Monday, February 18, 2013

തിരിച്ചെത്തി, വെനസ്വേലയുടെ കമാന്‍ഡര്‍


കാരക്കാസ്: സോഷ്യലിസ്റ്റ് വിരുദ്ധരുടെ മരണപത്രങ്ങളെ ചീന്തിയെറിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഹ്യൂഗോ ഷാവേസ് ജന്മനാട്ടില്‍ മടങ്ങിയെത്തി. ക്യൂബയിലെ ചികിത്സ കഴിഞ്ഞെത്തിയ പ്രിയനേതാവിനെ വെനസ്വേലന്‍ ജനത തുടിക്കുന്ന ഹൃദയത്തോടെയും ഇടറാത്ത മുദ്രാവാക്യങ്ങളോടെയും വരവേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ഹവാനയില്‍നിന്ന് ഷാവേസ് മടങ്ങിയെത്തിയതെന്ന് വെനസ്വേല വൈസ് പ്രസിഡന്റ് നിക്കോളസ് മഡൂറോ അറിയിച്ചു. തുടര്‍ചികിത്സയ്ക്കായി ഷാവേസിനെ കാരക്കാസിലെ ഡോ. കാര്‍ലോസ് അര്‍വേലോ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. മഡൂറോക്കു പുറമെ വെനസ്വേലന്‍ ദേശീയ അസംബ്ലി പ്രസിഡന്റ് ഡയസ്ഡാഡോ കാബെല്ലോ, ഷാവേസിന്റെ മകള്‍ റോസ, സഹോദരന്‍ അദാന്‍ എന്നിവരും ഹവാനയില്‍നിന്ന് പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഷാവേസ് മടങ്ങിവരവ് ജനങ്ങളെ അറിയിച്ചു. "ഞാന്‍ ഒരിക്കല്‍ക്കൂടി ജന്മനാട്ടില്‍ മടങ്ങിയെത്തിയിരിക്കുന്നു. നന്ദി ദൈവമേ.. നന്ദി പ്രിയരാഷ്ട്രമേ.. ഇവിടെ നമ്മള്‍ ചികിത്സ തുടരും.." ഇതായിരുന്നു കഴിഞ്ഞ നവംബര്‍ ഒന്നിനുശേഷം ഇതാദ്യമായി ഷാവേസിന്റെ ട്വിറ്റര്‍ സന്ദേശം. "ഞാന്‍ ക്രിസ്തുവിനെ ചേര്‍ത്തുവയ്ക്കുന്നു. എന്റെ ഡോക്ടര്‍മാരിലും നേഴ്സുമാരിലും വിശ്വാസമര്‍പ്പിക്കുന്നു. എപ്പോഴും വിജയത്തിലേക്കു തന്നെ മുന്നേറാം. നമ്മള്‍ ജീവിക്കും. നമ്മള്‍ വിജയം വരിക്കും"- ഷാവേസിന്റെ വാക്കുകള്‍. ക്യൂബന്‍ ജനതയ്ക്കും വിപ്ലവനായകന്‍ ഫിദല്‍ കാസ്ട്രോക്കും പ്രസിഡന്റ് റൗള്‍ കാസ്ട്രോയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.

യാതനയുടെ ദിനങ്ങളില്‍ ഷാവേസ് ഏറെ പഠിച്ചെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും ഷാവേസിനെ ആശംസിച്ച് എഴുതിയ കത്തില്‍ ഫിദല്‍ കാസ്ട്രോ പറഞ്ഞു. ഷാവേസ് തിരിച്ചെത്തിയ വിവരമറിഞ്ഞ് ജനങ്ങള്‍ തെരുവില്‍ തടിച്ചുകൂടി ആനന്ദനൃത്തമാടി. ഷാവേസിനെ പ്രവേശിപ്പിച്ച ആശുപത്രിക്കുമുന്നില്‍ വന്‍ ജനക്കൂട്ടം കാത്തുനില്‍ക്കുകയാണ്. കാരക്കാസിലെ ബൊളീവര്‍ പ്ലാസയില്‍ ഒത്തുകൂടിയ ആയിരങ്ങള്‍ ഷാവേസിന്റെ ചിത്രങ്ങളും സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തി. അവര്‍ ലോകത്തോട് വിളിച്ചുപറഞ്ഞു- "ഞങ്ങളുടെ കമാന്‍ഡര്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു. ഷാവേസ് ഒരാളല്ല. ഞങ്ങളെല്ലാം ഷാവേസുമാരാണ്".

deshabhimani  190213

No comments:

Post a Comment