Friday, February 15, 2013

മാതൃഭൂമിയില്‍ വീണ്ടും നാടുകടത്തല്‍: പൂര്‍ണ ഗര്‍ഭിണിയെയും സ്ഥലംമാറ്റാന്‍ ശ്രമം


വേജ് ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് നടന്ന പത്ര പ്രവര്‍ത്തക യൂണിയന്‍ സമരങ്ങളില്‍ പങ്കെടുത്തതിന് ജീവനക്കാരോടുള്ള "മാതൃഭൂമി"യുടെ പ്രതികാര സ്ഥലംമാറ്റം തുടരുന്നു. തിരുവനന്തപുരം യൂണിറ്റിലെ പൂര്‍ണഗര്‍ഭിണികൂടിയായ സീനിയര്‍ സബ്എഡിറ്റര്‍ ജി ശുഭയെ കഴക്കൂട്ടം സബ്ബ്യൂറോയിലേക്ക് മാറ്റി വ്യാഴാഴ്ച രാവിലെ ഉത്തരവ് ഇറങ്ങിയെങ്കിലും കടുത്ത പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് വൈകിട്ടോടെ റദ്ദാക്കി. കൊച്ചി സ്വദേശിയായ ശുഭയെ തിരുവനന്തപുരത്തേക്ക് മാറ്റിയിട്ട് ഏഴുമാസമാകുന്നതേയുള്ളു. ഇതിനിടയിലാണ് വീണ്ടും കഴക്കൂട്ടം സബ്ബ്യൂറോയിലേക്ക് മാറ്റിയത്. ഗര്‍ഭിണിയായ ശുഭയ്ക്ക് ദീര്‍ഘയാത്രയ്ക്ക് പ്രയാസമുള്ളപ്പോഴാണ് മാനേജ്മെന്റ് കടുത്ത സ്ത്രീവിരുദ്ധ നിലപാടെടുത്തത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നത് തിരിച്ചറിഞ്ഞാണ് മണിക്കൂറുകള്‍ക്കകം തീരുമാനം റദ്ദാക്കിയത്. മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ ജോ. സെക്രട്ടറി കൂടിയാണ് ശുഭ.

വേജ്ബോര്‍ഡ് റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനെതിരെ കോഴിക്കോട് മാതൃഭൂമി ഓഫീസിനുമുന്നിലേക്ക് പത്രപ്രവര്‍ത്തക യൂണിയന്‍ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത 31 പേരെ ഇതിനകം മറ്റു സംസ്ഥാനങ്ങളിലേക്കും അച്ചന്‍കോവില്‍, മാങ്കുളം തുടങ്ങിയ ഉള്‍നാടുകളിലേക്കും സ്ഥലം മാറ്റി. ഈ പ്രതികാര നടപടിക്കെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റി ലേബര്‍ കമീഷണര്‍ക്ക് പരാതി നല്‍കി. ഈ അന്വേഷണത്തിന്റെ ഭാഗമായി ലേബര്‍ ഇന്‍സ്പെക്ടര്‍ കഴിഞ്ഞദിവസം കോഴിക്കോട് മാതൃഭൂമി ഓഫീസില്‍ എത്തി മാനേജ്മെന്റ് ജീവനക്കാരില്‍നിന്ന് മൊഴിയെടുത്തു. ഇതിനിടെ തങ്ങള്‍ക്ക് പരാതിയില്ലെന്ന് പറഞ്ഞ് കേരള പത്രപ്രവര്‍ത്തക യൂണിയന് കത്ത് കൊടുക്കാന്‍ മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയനുമേല്‍ കടുത്ത സമ്മര്‍ദമുണ്ടായി. ഇതിനു വഴങ്ങാത്തതിനെത്തുടര്‍ന്നാണ് നാടുകടത്തല്‍ പുനരാരംഭിച്ചത്.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ പാലക്കാട് യൂണിറ്റിലെ ഫോട്ടോഗ്രഫര്‍ മനോജിനെ കഴിഞ്ഞദിവസം ബംഗളൂരുവിലേക്കും മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ കേന്ദ്രകമ്മിറ്റിയംഗം കോഴിക്കോട് സെന്‍ട്രല്‍ ഡസ്കിലെ ചീഫ് സബ് എഡിറ്റര്‍ വി ടി സന്തോഷ്കുമാറിനെ കൊല്ലത്തേക്കും മാറ്റി. മാതൃഭൂമിയിലെ തൊഴിലാളി വിരുദ്ധ നിലപാടും നാടുകടത്തലും വാര്‍ത്തയാക്കിയ വെബ്പോര്‍ട്ടലുകള്‍ക്കെതിരെയും മാനേജ്മെന്റ് നിയമനടപടി ഭീഷണിയുയര്‍ത്തിയിട്ടുണ്ട്. വാര്‍ത്ത നല്‍കിയ വെബ്പോര്‍ട്ടലായ "ഡൂള്‍ ന്യൂസിന്" കഴിഞ്ഞ ദിവസം അഭിഭാഷകര്‍ മുഖേന നോട്ടീസും അയച്ചു.

deshabhimani 150213

No comments:

Post a Comment