Tuesday, February 5, 2013
കുര്യന്റെ വഴി പുറത്തേക്ക്
കുരുക്ക് മുറുകി
സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ പി ജെ കുര്യനെതിരായ തുടരന്വേഷണം തടയാന്‍ ഉയര്‍ത്തിയ വാദമുഖങ്ങളെല്ലാം തകര്‍ത്തുകൊണ്ട് ശക്തമായ തെളിവുകള്‍ പുറത്തുവന്നു. കേസില്‍ നിന്ന് കുര്യനെ ഒഴിവാക്കാന്‍ സൃഷ്ടിച്ച തെളിവുകളെല്ലാം വ്യാജമാണെന്നും തെളിഞ്ഞു. ഇതോടെ, രാജ്യസഭാ ഉപാധ്യക്ഷനായ കോണ്‍ഗ്രസിന്റെ ഉന്നതനേതാവ് കുര്യന്‍ കുറ്റക്കാരനാണെന്നു വരികയാണ്. അദ്ദേഹത്തിനെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യം ന്യായമാണെന്നും വ്യക്തമാകുന്നു.
കുരുക്ക് മുറുകിയെന്ന് ഉറപ്പായ കുര്യന്‍ രക്ഷാമാര്‍ഗം തേടി തലസ്ഥാനത്ത് തമ്പടിച്ചിരിക്കയാണ്. കുര്യന് കേസില്‍നിന്ന് രക്ഷപ്പെടാന്‍ സഹായകമായ മൊഴി നല്‍കിയ തിരുവല്ലയിലെ ഇടിക്കുളയുടെ ഭാര്യ അന്നമ്മയും ബിജെപി നേതാവ് കെ എസ് രാജനും നടത്തിയ പുതിയ വെളിപ്പെടുത്തലുകളാണ് കുര്യനെതിരായ ശക്തമായ തെളിവുകളാകുന്നത്. വൈകീട്ട് നാലിന് വീട്ടിലെത്തിയ കുര്യന്‍ അഞ്ചു മണിയോടെ തിരിച്ചുപോയി എന്നാണ് ഭാര്യ തിരുവല്ല പുന്നയ്ക്കാട്ടുശേരില്‍ അന്നമ്മ ചൊവാഴ്ച മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. സംഭവദിവസം രാത്രി എട്ടു വരെ കുര്യന്‍ ഇടിക്കുളയുടെ വീട്ടിലുണ്ടായിരുന്നു എന്നാണ് രാജന്‍ നേരത്തെ നല്‍കിയ മൊഴി. എന്നാല്‍, കുര്യനെ വൈകീട്ട് അഞ്ചോടെ ഇടിക്കുളയുടെ വീട്ടില്‍ കണ്ടെന്ന് രാജനും കഴിഞ്ഞദിവസം പറഞ്ഞു. ഈ രണ്ട് വെളിപ്പെടുത്തലുകളും കുര്യനെ വീണ്ടും പ്രതിക്കൂട്ടിലാക്കിയിരിക്കയാണ്. താന്‍ നിരപരാധിയാണെന്നും തുടരന്വേഷണം ആവശ്യമില്ലെന്നുമുള്ള കുര്യന്റെ തുടര്‍ച്ചയായ വാദം പൊളിയുകയും കുരുക്കുകള്‍ ഒന്നൊന്നായി മുറുകുകയുമാണ്.
രാത്രി എട്ടുവരെ സുഹൃത്തായ ഇടിക്കുളയുടെ വീട്ടില്‍ ഉണ്ടായിരുന്നു എന്നായിരുന്നു കുര്യന്റെ വാദം. അഞ്ചുമണിയോടെ കുര്യന്‍ പോയെന്നും അതിനിടെ വീട്ടിലിരുന്ന് ഫോണ്‍ ചെയ്തിരുന്നുവെന്നും അത് ആര്‍ക്കെന്ന് അറിയില്ലെന്നും അന്നമ്മ ചൊവാഴ്ച തന്നെ വന്നു കണ്ട മാധ്യമങ്ങളോടു പറഞ്ഞു. കുര്യന് ചായ കൊടുത്തു. മുക്കാല്‍ മണിക്കൂറിനകം തിരികെ പോയി. എവിടേക്കെന്ന് അറിയില്ല. കുര്യനും കൂടെ ഉണ്ടായിരുന്നവരും രണ്ടു കാറിലാണ് വന്നത്. അപ്പോള്‍തന്നെ സംശയം തോന്നി ചോദിച്ചു, എന്താ രണ്ടു കാറിലെന്ന്. ഒന്നില്‍ സെക്യൂരിറ്റിക്കാരാണെന്ന് പറഞ്ഞു. അന്ന് വീടിന്റെ പുറകില്‍ പണിക്കാരുണ്ടായിരുന്നതിനാല്‍ കൂടുതലൊന്നും ശ്രദ്ധിച്ചില്ല. ഇത് സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ ആരും ചോദ്യം ചെയ്തിരുന്നില്ലെന്ന് അന്നമ്മ വ്യക്തമാക്കി. ഭര്‍ത്താവുമായി കുര്യന് നല്ല സൗഹൃദമായിരുന്നു. 12 വര്‍ഷം മുന്‍പ് ക്യാന്‍സര്‍ ബാധിച്ച് ഭര്‍ത്താവ് മരിച്ചു. കുര്യനെ കണ്ടത് രാത്രി ഏഴോടെയാണെന്നായിരുന്നു രാജന്‍ നേരത്തെ സൂര്യനെല്ലി കേസ് അന്വേഷിച്ച സംഘത്തിന് നല്‍കിയ മൊഴി. ഇതാണ് ഇപ്പോള്‍ ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ അഞ്ചു മണിയോടെയന്ന് തിരുത്തിയത്. ദിവസം കൃത്യമായി ഓര്‍മയില്ലെന്നും രാജന്‍ പറഞ്ഞു. അക്കാലത്ത് ഉമയാറ്റുകര സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന താന്‍, നിക്ഷേപം സമാഹരിക്കാനാണ് കോണ്‍ഗ്രസ് നേതാവും ബാങ്ക് പ്രസിഡന്റുമായിരുന്ന ചാര്‍ലി എബ്രഹാമിനൊപ്പം ഇടിക്കുളയുടെ വീട്ടില്‍ പോയത്. അവിടെ കുര്യന്‍ ഉണ്ടായിരുന്നു. പിന്നീട് ചാര്‍ലി പറഞ്ഞതനുസരിച്ചാണ് കുര്യനെ കണ്ടത് രാത്രി ഏഴിനെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസിന് മൊഴി നല്‍കിയതെന്നും രാജന്‍ പറഞ്ഞു. രാജന്റെ ഈ മൊഴിയാണ് കേസില്‍ നിന്നു രക്ഷപ്പെടാന്‍ കുര്യന് തുണയായത്.
കുര്യന്റെ വഴി പുറത്തേക്ക്
സൂര്യനെല്ലി കേസില്‍ കുരുക്കുമുറുകിയ പി ജെ കുര്യന് രാജ്യസഭ ഉപാധ്യക്ഷസ്ഥാനം ഒഴിയേണ്ടിവരും. കുര്യന്റെ പങ്ക് സംബന്ധിച്ച തുടരന്വേഷണത്തിനുള്ള നിയമസാധ്യത അനുദിനം തെളിയുകയാണ്. തിരുവല്ലയിലെ സുഹൃത്ത് ഇടിക്കുളയുടെ വീട്ടിലെ സന്ദര്‍ശനം എന്ന പിടിവള്ളിയില്‍ പിടിച്ചാണ് കേസില്‍നിന്ന് കുര്യന്‍ ഒഴിവാക്കപ്പെട്ടത്. എന്നാല്‍, ഇടിക്കുളയുടെ ഭാര്യ അന്നമ്മയും പ്രധാന സാക്ഷിയായ ബിജെപി നേതാവ് കെ എസ് രാജന്റെയും പുതിയ വെളിപ്പെടുത്തലുകള്‍ സുര്യനെല്ലി കേസില്‍ ഇരയുടെ പരാതിക്ക് ബലമായി. ക്രിമിനല്‍ നടപടിക്രമം 173(8) വകുപ്പ് പ്രകാരം തുടരന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പൊലീസിന് സ്വാതന്ത്ര്യം നല്‍കുകയാണ് ഇനി വേണ്ടത്. പുതുതായി എന്തെങ്കിലും തെളിവോ മൊഴിയോ വിവരമോ ലഭിച്ചാല്‍ തുടരന്വേഷണം ആകാമെന്നാണ് ഈ വകുപ്പില്‍ പറയുന്നത്.
അതേസമയം, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിലപാട് സുര്യനെല്ലി പെണ്‍കുട്ടിക്ക് പ്രതികൂലവും കുര്യന് അനുകൂലവുമാണ്. 2006 ല്‍ ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയുടെ മന്ത്രിസ്ഥാനം രക്ഷിക്കാന്‍ മുഖ്യമന്ത്രിയായിക്കെ ഉമ്മന്‍ചാണ്ടി കളിച്ച കളി ആവര്‍ത്തിക്കുകയാണ്. പക്ഷേ, ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കേണ്ടിവന്നതുപോലെ കുര്യനെയും കൈയൊഴിയേണ്ടി വരും. പുതിയ വെളിപ്പെടുത്തലിന്റെയും മൊഴിമാറ്റത്തിന്റെയും അടിസ്ഥാനത്തില്‍ കുര്യന്‍ മാത്രമല്ല, ആക്ഷേപവിധേയനെ രക്ഷിക്കാന്‍ നിയമസഭക്കകത്തും പുറത്തും യജ്ഞിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതിക്കൂട്ടിലായിരിക്കയാണ്.
തുടന്വേഷണം പറ്റില്ലെന്ന നിലപാട് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കോടതി ഇടപെടല്‍ ഉണ്ടായേക്കും. സ്ത്രീരക്ഷയ്ക്കായി രാഷ്ട്രപതി ഒപ്പിട്ട ഓര്‍ഡിനന്‍സും കുര്യനെ വരിഞ്ഞുമുറുക്കുകയാണ്. ഇതിനിടെ, കുര്യന്‍ രാജ്യസഭ ഉപാധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടട്ടേയെന്ന അഭിപ്രായം കോണ്‍ഗ്രസിലും ശക്തിപ്പെടുന്നുണ്ട്. ഇത്തരം അഭിപ്രായം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയില്‍ നിന്നുണ്ടാവാതിരിക്കാന്‍ ഇന്ദിര ഭവനിലെത്തി ചെന്നിത്തലയെ കുര്യന്‍ കണ്ടു. സോണിയാ കുടുംബവുമായി ബന്ധമുള്ള കേരളത്തിലെ, ലോക്സഭാംഗം ഉള്‍പ്പെടെയുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ താഴെയിറക്കാന്‍ പരിശ്രമിക്കുന്നുണ്ടെന്നാണ് കുര്യന്‍ പറയുന്നത്. സുപ്രീംകോടതി അഭിഭാഷകരെ നിയോഗിക്കുന്നതിലും കുര്യനെതിരെ പുതിയ തെളിവുകള്‍ വരുന്നതിനു പിന്നിലും ഈ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാതിയും കുര്യന്‍ ഉന്നയിച്ചിട്ടുണ്ട്.
(ആര്‍ എസ് ബാബു)
അന്നമ്മയ്ക്ക് ഓര്‍മപ്പിശകെന്ന് കുര്യന്‍
തിരു: ഇടിക്കുളയുടെ ഭാര്യ അന്നമ്മയ്ക്ക് പ്രായക്കൂടുതല്‍മൂലമുള്ള ഓര്‍മപ്പിശകാണെന്ന് പി ജെ കുര്യന്‍. താന്‍ രാത്രി എട്ടു മണിവരെ ഇടിക്കുളയുടെ വീട്ടിലുണ്ടായിരുന്നെന്നും അന്നമ്മയ്ക്കു തെറ്റിയതാണെന്നും കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. 17 വര്‍ഷം മുമ്പത്തെ കാര്യം അന്നമ്മയ്ക്ക് ഓര്‍മയുണ്ടാകില്ല. പരപ്രേരണ മൂലമാകാം അവര്‍ ഇപ്പോള്‍ ഇത്തരത്തില്‍ പറയുന്നത്. രാജന്‍ ഇപ്പോള്‍ മൊഴിമാറ്റിയത് വലിയ സമ്മര്‍ദം കൊണ്ടായിരിക്കണം. അന്നും രാജനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നു. തനിക്കെതിരായ പരാതിയില്‍ പുനരന്വേഷണത്തിന് സാഹചര്യമില്ലെന്ന് അവകാശപ്പെട്ട കുര്യന്‍ ഹൈക്കോടതിയും സുപ്രീംകോടതിയും തന്റെ വാദങ്ങള്‍ ശരിവച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടു.
deshabhimani 060213
Labels:
ഇടുക്കി,
കോടതി,
വലതു സര്‍ക്കാര്‍,
സ്ത്രീ
Subscribe to:
Post Comments (Atom)
No comments:
Post a Comment