Wednesday, February 20, 2013

വഴിവിട്ട സഹായം: റിയല്‍ എസ്റ്റേറ്റ് ലോബി ചരടുവലി തുടങ്ങി


റിയല്‍ എസ്റ്റേറ്റ് മേഖലയെ വ്യവസായത്തിന്റെ വിഭാഗത്തില്‍പെടുത്തി ആനുകൂല്യങ്ങളും ഇളവുകളും നേടിയെടുക്കാന്‍ വ്യാപാര-വ്യവസായ ലോബി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കി. പൊതുബജറ്റ് അവതരിപ്പിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് വിവിധ വ്യാപാര-വ്യവസായ സംഘടനകള്‍ ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

വ്യവസായം എന്ന പരിഗണനയും അതുവഴിയുള്ള നികുതി ഇളവുകളും ലഭിക്കുന്നതിനാണ് ഭൂമാഫിയകളും ഇടനിലക്കാരും ചേര്‍ന്ന് ഈ ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. വിവിധ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ ഇതിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. റോബര്‍ട്ട് വധേരയുമായി ബന്ധമുള്ള സ്ഥാപനത്തെ ഉപയോഗിച്ച് സര്‍ക്കാറിനെ സ്വാധിനിച്ച് ഇക്കാര്യത്തിലുള്ള പ്രഖ്യാപനം ബജറ്റില്‍ തന്നെ നടത്തിക്കുന്നതിനാണ് ശ്രമം. വന്‍കിട റിയല്‍ എസ്റ്റേറ്്‌റ് സ്ഥാപനങ്ങള്‍ക്കൊപ്പം വ്യാപാരി വ്യവസായികളുടെ ദേശീയ സംഘടനയായ ഫിക്കിയും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

 വിവിധ നിലവാരത്തിലുള്ള നികുതി ഇളവുകളാണ് ഈ ആവശ്യം കൊണ്ട് സ്ഥാപനങ്ങളും സംഘടനകളും പ്രധാനമായും ലക്ഷ്യം വെക്കുന്നത്. അതോടൊപ്പം വ്യവസായത്തിന്റെ പരിധിയില്‍ ഈ മേഖലയെ ഉള്‍പ്പെടുത്തിയാല്‍ അടിസ്ഥാന സൗകര്യ വികസനവും സര്‍ക്കാരിനെക്കൊണ്ട് ചെയ്യിക്കാമെന്നതിനാലാണ് ബജറ്റിന് തൊട്ടുമുമ്പ് സമ്മര്‍ദ്ദവുമായി രംഗത്തെത്തിയിരിക്കുന്നത്.
 വന്‍കിട ടൗണ്‍ഷിപ്പുകള്‍, ഫഌറ്റ സമുച്ചയങ്ങള്‍ എന്നിവ പുതിയ കാലത്തിന്റെ വികസന പരിപ്രേക്ഷ്യമാണ് എന്നും അതുകൊണ്ട് ഈ മേഖലയ്ക്ക് വ്യവസായത്തിന്റെ എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്നുമാണ് ഫിക്കി ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങിനെയൊരു സാഹചര്യത്തില്‍ ഈ മേഖലയുടെ വികസനത്തിന് റോഡ്, വെള്ളം, മാലിന്യനിര്‍മ്മാര്‍ജ്ജനം തുടങ്ങിയ എല്ലാ കാര്യങ്ങളിലും സര്‍ക്കാര്‍ തലത്തിലുള്ള സഹായങ്ങളും സൗകര്യങ്ങളും വേണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്.

റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് സമീപകാലത്ത് വിവാദമായ പല ഇടപാടുകളും പുറത്തുവന്നത്. ഈ വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാനും സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ആനുകൂല്യങ്ങളും സാമ്പത്തിക നേട്ടങ്ങളും ലക്ഷ്യം വെച്ചുമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വ്യവസായത്തിന്റെ ആനുകൂല്യങ്ങള്‍ നേടുന്നതിനുള്ള സമ്മര്‍ദ്ദം വ്യവസായ - റിയല്‍ എസ്റ്റേറ്റ് ലോബി ആരംഭിച്ചിരിക്കുന്നത്.
(അബ്ദുള്‍ ഗഫൂര്‍)

janayugom 200213

No comments:

Post a Comment