അമൃതയ്ക്കെതിരെ മ്യൂസിയം പൊലീസ് എടുത്ത കേസ് പിന്‍വലിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ ആവശ്യപ്പെട്ടു. നിയമസഭയില്‍ വനിതാ ബില്‍ ചര്‍ച്ച ചെയ്ത ദിവസമാണ് നഗരത്തില്‍ സര്‍ക്കാര്‍ വാഹനത്തില്‍ എത്തിയവര്‍ പെണ്‍കുട്ടിയെ അപമാനിച്ചത്. പ്രതികളെ മുഴുവന്‍ പിടികൂടുന്നതിനുമുമ്പ് പരാതിക്കാരിക്കെതിരെ കേസെടുത്തത് സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നതിന്റെ തെളിവാണ്- രാജേഷ് പറഞ്ഞു. അമൃതയ്ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി എസ് ഹരികുമാര്‍ ഉദ്ഘാടനംചെയ്തു.
ഐടി അറ്റ് സ്കൂള്‍ മേധാവിക്കെതിരെ കേസെടുത്ത് അന്വേഷിക്കണം: കെഎസ്ടിഎ
തിരു: വിദ്യാര്‍ഥിനിയെയും കുടുംബത്തെയും അസഭ്യംപറഞ്ഞ സംഭവത്തില്‍ ഐടി അറ്റ് സ്കൂള്‍ മേധാവിക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് കെഎസ്ടിഎ ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഡയറക്ടറുടെ ഔദ്യോഗികവാഹനമായ കെഎല്‍എഡബ്ല്യു 8650 സ്കോര്‍പിയോയില്‍ സഞ്ചരിച്ചവരാണ് ഓള്‍സെയിന്റ്സ് കോളേജിലെ ബിരുദവിദ്യാര്‍ഥിനി അമൃതയെയും കുടുംബത്തെയും അപമാനിക്കുകയും കൈയേറ്റംചെയ്യുകയും ചെയ്തത്. തലസ്ഥാന നഗരത്തില്‍വച്ച് സര്‍ക്കാര്‍ വാഹനത്തിലെത്തി പെണ്‍കുട്ടിയെ രാത്രി അപമാനിച്ചിട്ടും ഓടിപ്പോയ പ്രതികളെ എല്ലാം പിടികൂടാതെ പൊലീസ് പെണ്‍കുട്ടിയെ കേസില്‍കുടുക്കാന്‍ പ്രതികളെ സഹായിച്ചത് പരിഷ്കൃതസമൂഹത്തിന് അപമാനമാണ്. ഐടി അറ്റ് സ്കൂള്‍ മേധാവി അറിയാതെ രാത്രി 10ന് വാഹനം ഓഫീസിനു വെളിയിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല. മൂന്നാമന്‍ ഐടി അറ്റ് സ്കൂള്‍ മേധാവിയല്ലെങ്കില്‍ ഓടിപ്പോയ രണ്ട് പ്രതികളെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് മടിക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണം.
മകളെ അസഭ്യം പറയുന്നതില്‍ ഇടപെട്ട അച്ഛനെ കൈയേറ്റംചെയ്യുമ്പോള്‍ ഒരു പെണ്‍കുട്ടി പ്രതികരിച്ചതിന് നിയമത്തിന്റെ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരുന്നത് പൊലീസിന്റെ ഒത്തുകളിയുടെ ഭാഗം തന്നെയാണ്. ഐടി അറ്റ് സ്കൂള്‍ ഡയറക്ടറുടെ ഔദ്യോഗികവാഹനത്തിന്റെ താക്കോല്‍ സൂക്ഷിക്കേണ്ടത് അദ്ദേഹംതന്നെയായിരിക്കെ ഔദ്യോഗികവാഹനം ദുരുപയോഗിച്ചതിനും പെണ്‍കുട്ടിയെ അപമാനിച്ചതിനും ഉത്തരവാദി ഐടി അറ്റ് സ്കൂള്‍ മേധാവിതന്നെയാണ്. അദ്ദേഹത്തിനെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ പൊലീസ് തയ്യാറായാല്‍ സംഭവത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടാനാകും- കെഎസ്ടിഎ പ്രസ്താവനയില്‍ വ്യക്തമാക്കി.
No comments:
Post a Comment