Tuesday, February 12, 2013

കുര്യന്‍ പ്രതിക്കൂട്ടിലേക്ക്


പുതിയ വെളിപ്പെടുത്തലുകളും തെളിവുകളും സുര്യനെല്ലി കേസില്‍ പി ജെ കുര്യന് പ്രതിക്കൂട് ഉറപ്പാക്കുന്നു. യുഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസും മനോരമയും എത്ര വിയര്‍ത്താലും രക്ഷിക്കാനാകാത്തവിധം കുര്യന്‍ കുഴപ്പത്തിലേക്ക് കൂപ്പുകുത്തി. കുമളി ഗസ്റ്റ് ഹൗസില്‍ 1996 ഫെബ്രുവരി 19ന് തന്റെ കാറിലാണ് കുര്യനെ എത്തിച്ചതെന്ന ധര്‍മരാജന്റെ വെളിപ്പെടുത്തല്‍, ഇയാള്‍ കേസിലെ മുഖ്യപ്രതിയാണെന്ന കാരണത്താല്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ല. സമാനമായ മറ്റു വെളിപ്പെടുത്തലുകളെയും ഇരയുടെ പരാതിയെയും ഇതുമായി കുട്ടിച്ചേര്‍ത്തു വിലയിരുത്തണം. ഇതിനെയെല്ലാം നിസ്സാരവല്‍ക്കരിച്ച് പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന ഫെബ്രുവരി 21 മുതല്‍ രാജ്യസഭയുടെ ഉപാധ്യക്ഷപദവിയില്‍ കുര്യനെ തുടരാന്‍ അനുവദിച്ചാല്‍ അത് രാഹുല്‍ഗാന്ധിയുടെ അടക്കം യശസ്സിന് മേല്‍ കരിനിഴലാകും. കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷപദവി ഏറ്റെടുത്ത രാഹുലിന്റെ രാഷ്ട്രീയമൂല്യം മാറ്റുരയ്ക്കുന്ന വിഷയമായി കുര്യന്റെ രാജ്യസഭാ ഉപാധ്യക്ഷപദവി മാറി. ഒന്‍പതാം ക്ലാസുകാരി പെണ്‍കുട്ടിയെ കേന്ദ്രമന്ത്രിയായിരിക്കെ കുര്യന്‍ പീഡിപ്പിച്ചോ എന്ന 17 വര്‍ഷമായി ഉയരുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള നിയമസാഹചര്യം ഒരുങ്ങിയിരിക്കുകയാണ് ഇപ്പോള്‍.

1996 മാര്‍ച്ചില്‍ പെണ്‍കുട്ടി അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിക്ക് നല്‍കിയ സ്വകാര്യ അന്യായത്തില്‍ ഐജി രാജീവന്‍ അന്വേഷണം നടത്തി. തുടര്‍ന്ന് ഡിഐജിമാരായിരുന്ന സിബി മാത്യൂസ്, സോമശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണങ്ങളും നടന്നു. കുര്യന് അനുകൂലമായി അലീബി തെളിവുകള്‍ (സംഭവസമയത്ത് സ്ഥലത്തില്ലെന്ന് ബോധ്യമാക്കുന്ന തെളിവുകള്‍) ഉണ്ടെന്ന കാരണം കാണിച്ചാണ് കുര്യനെ പൊലീസ് പ്രതിയാക്കാതിരുന്നത്. എന്നാല്‍, അലീബി തെളിവുകളെ തള്ളുന്ന മൊഴിയും തെളിവും കുര്യന് എതിരായി ഇന്ന് ഉയര്‍ന്നുവന്നിരിക്കുന്നു. അതാണ് ഇടിക്കുളയുടെ ഭാര്യ അന്നമ്മ, ബിജെപി നേതാവ് കെ എസ് രാജന്‍, ധര്‍മരാജന്‍ എന്നിവരുടെ പുതിയ വെളിപ്പെടുത്തലുകള്‍. അതിനാല്‍ നായനാരുടെയും വി എസിന്റെയും സര്‍ക്കാരുകള്‍ കുര്യനെ പ്രതിയാക്കാത്തതിനാല്‍ തന്റെ സര്‍ക്കാരിന് അത് ചെയ്യാനാകില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദത്തിന് സാധുതയില്ല. സ്ത്രീരക്ഷയ്ക്കുള്ള പുതിയ കേന്ദ്രനിയമപ്രകാരം പെണ്‍കുട്ടിയുടെ അന്നും ഇന്നും മാറാത്ത മൊഴിയെ അടിസ്ഥാനമാക്കി വേട്ടക്കാരന് എതിരെ കേസ് എടുക്കുകയും വേണം.

സുപ്രീംകോടതി വരെ പരിശോധിച്ചതാണ് കുര്യന്റെ കേസെന്ന കേന്ദ്രമന്ത്രി എ കെ ആന്റണിയുടെ വാദം കുര്യനെ രക്ഷിക്കാനുള്ള അമിതാഗ്രഹത്തില്‍നിന്നുണ്ടായ അസംബന്ധമാണ്. കാരണം കേസില്‍ പ്രതിചേര്‍ക്കാത്തതിനാല്‍ കുര്യനെ ഇതുവരെ ഒരു കോടതിയും ഈ കേസില്‍ വിചാരണ ചെയ്തിട്ടില്ല. കേസില്‍നിന്ന് ഒഴിവായത് പൊലീസ് അന്വേഷണത്തിലെ അലീബി തെളിവിന്റെ ബലത്തിലുമായിരുന്നു. കുര്യനെ പ്രതിചേര്‍ക്കണമെന്ന പെണ്‍കുട്ടിയുടെ സ്വകാര്യ അന്യായം സുപ്രീംകോടതി അനുവദിക്കാതിരുന്നത്, യുഡിഎഫ് ഭരണകാലത്ത് 2005 ജനുവരി 31ന് ധര്‍മരാജന്‍ ഒഴികെയുള്ള പ്രതികളെ വിട്ടയച്ച ഹൈക്കോടതി വിധിയെ തുടര്‍ന്നാണ്. അതായത് 34 പ്രതികളെ വിട്ടയച്ച സാഹചര്യത്തില്‍ ഇനി പുതുതായി ഒരാളെ പ്രതിചേര്‍ക്കുന്നത് നിഷ്ഫലമായ നിയമപ്രക്രിയയാകുമെന്ന കാരണത്താല്‍. എന്നാല്‍, പ്രതികളെ വിട്ട എട്ടുവര്‍ഷം മുന്‍പത്തെ ഹൈക്കോടതി വിധി 2013 ജനുവരി 31ന് സുപ്രീംകോടതി റദ്ദാക്കിയതിനാല്‍ കോടതി വ്യവഹാരത്തിന് പുതിയസാഹചര്യവും തെളിഞ്ഞിരിക്കയാണ്. സൂര്യനെല്ലി കേസില്‍ ആക്ഷേപവിധേയനായ കുര്യനെ ഇതുവരെ വിചാരണനടപടിക്ക് വിധേയനാക്കിയിട്ടില്ല എന്നതുപോലെ തന്നെ ഒരു കോടതിയും കുര്യന്റെ കാര്യത്തില്‍ പെണ്‍കുട്ടിക്ക് പറയാനുള്ളത് കേട്ടിട്ടുമില്ല. കുമളിയില്‍ സംഭവദിവസം കുര്യനെ കണ്ടതായുള്ള പുതിയ സാക്ഷിമൊഴികളും അലീബി തെളിവിന് ഇടയാക്കിയ സാക്ഷികളുടെ മൊഴിമാറ്റവും വഴി കുര്യനെ പ്രതിചേര്‍ക്കുക എന്നത് സ്വാഭാവിക നിയമനടപടിയാണ്. ഇത് തടയാന്‍ എത്ര ശ്രമിച്ചാലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനാകില്ല.സംഭവദിവസം കുര്യനെ കണ്ടതായുള്ള പുതിയ സാക്ഷി മൊഴികളും അലീബി തെളിവിന് ഇടയാക്കിയ സാക്ഷികളുടെ മൊഴിമാറ്റവും വഴി കുര്യനെ പ്രതിചേര്‍ക്കുക എന്നത് സ്വാഭാവിക നിയമനടപടിയാണ്. ഇത് തടയാന്‍ എത്ര ശ്രമിച്ചാലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനാവില്ല.
(ആര്‍ എസ് ബാബു)

തുടരന്വേഷണം വേണ്ടിവരും: പബ്ലിക് പ്രോസിക്യൂട്ടര്‍

കോട്ടയം: സൂര്യനെല്ലിക്കേസില്‍ തുടരന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മാത്രമെ പ്രതി ധര്‍മരാജന് കോടതിക്കുമുന്നില്‍ പി ജെ കുര്യനെതിരെ മൊഴി നല്‍കാനും അദ്ദേഹത്തെ വിചാരണ ചെയ്യാനും അവസരം ഒരുങ്ങുകയുള്ളൂവെന്ന് കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സുരേഷ് ബാബു തോമസ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുഴുവന്‍ നടപടികളെയും ധര്‍മരാജന്‍ ചോദ്യം ചെയ്തിരിക്കയാണ്. അന്വേഷണം നടത്തുകയും മതിയായ തെളിവുകള്‍ ലഭിക്കുകയും ചെയ്താല്‍ കുര്യനെതിരെ കേസ് ചാര്‍ജ് ചെയ്യാം. തുടരന്വേഷണത്തിന് ഉത്തരവിട്ടാല്‍ ക്രിമിനല്‍ നിയമനടപടി 164-ാം വകുപ്പു പ്രകാരം ധര്‍മരാജന് കോടതിയില്‍ മജിസ്ട്രേറ്റിനുമുമ്പാകെ മൊഴി നല്‍കാം. ഇതില്‍ കുര്യനെതിരെ പരാമര്‍ശം ഉണ്ടെങ്കില്‍ അദ്ദേഹത്തെ വിചാരണ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

നിയമപ്രകാരം നടപടി: ഡിജിപി

തിരു: സൂര്യനെല്ലി കേസില്‍ ധര്‍മരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം. ധര്‍മരാജന്‍ ഒളിവിലാണെന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ധര്‍മരാജനെ പിടികൂടാന്‍ പ്രത്യേകസംഘം

തിരു: സൂര്യനെല്ലി കേസില്‍ നേരത്തെ കോടതി ശിക്ഷിച്ച ധര്‍മരാജനെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യന്റെ നിര്‍ദേശപ്രകാരമാണ് പ്രത്യേകസംഘം രൂപീകരിച്ചത്. കോട്ടയം എസ്പി സി രാജഗോപാലന്‍നായരുടെ മേല്‍നോട്ടത്തിലായിരിക്കും പ്രത്യേകസംഘം പ്രവര്‍ത്തിക്കുക. പൊന്‍കുന്നം സിഐ പി രാജ്കുമാറാണ് അന്വേഷണസംഘം തലവന്‍. കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയവെ പരോളിലിറങ്ങി മുങ്ങുകയായിരുന്നു. ഇതിനിടെ തിങ്കളാഴ്ച ഒരു വാര്‍ത്താചാനല്‍ ധര്‍മരാജനുമായുള്ള അഭിമുഖം പുറത്തുവിട്ടീരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയത്.

മുഖവിലയ്ക്ക് എടുക്കേണ്ട: കുര്യന്‍

പത്തനംതിട്ട: ധര്‍മരാജന്റെ വെളിപ്പെടുത്തല്‍ മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്ന് പി ജെ കുര്യന്‍. കോടതി ശിക്ഷിച്ച ഒരാളുടെ വെളിപ്പെടുത്തലുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയങ്ങള്‍ കോടതിയില്‍ ധര്‍മരാജന് മുമ്പ് വെളിപ്പെടുത്താമായിരുന്നു. ധര്‍മരാജന്‍ പൊലീസിനോട് നേരത്തെ താങ്കളുടെ പേര് പറഞ്ഞിരുന്നതായി അറിയിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അത് അന്വേഷണ ഉദ്യോഗസ്ഥരോടോ പൊലീസിനോടോ ചോദിച്ചാല്‍ മതിയെന്നും കുര്യന്‍ പറഞ്ഞു.

ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമം: സിബി മാത്യൂസ്

തിരു: സൂര്യനെല്ലി കേസിലെ മൂന്നാംപ്രതി ധര്‍മരാജന്റെ വെളിപ്പെടുത്തല്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ്. വിചാരണവേളയില്‍ ജഡ്ജി നേരിട്ടാണ് അയാളില്‍നിന്ന് മൊഴി രേഖപ്പെടുത്തിയത്. അന്ന് ഇക്കാര്യം പറഞ്ഞിട്ടില്ല. ഇത്രയുംനാള്‍ ഒരു വെളിപ്പെടുത്തലും നടത്താതെ ഒളിവിലിരുന്ന് ഇപ്പോള്‍ പറയുന്നത് വേറെ ലക്ഷ്യത്തോടെയാണെന്ന് സിബി മാത്യൂസ് പറഞ്ഞു. ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ആശയക്കുഴപ്പമുണ്ടാക്കി രക്ഷപ്പെടാനുള്ള ശ്രമമാണ് ധര്‍മരാജന്‍ നടത്തുന്നത്. എല്ലാ കാര്യങ്ങളും കോടതി തീരുമാനിക്കട്ടെ. താന്‍മാത്രമല്ല കേസ് അന്വേഷിച്ചത്. തനിക്കുമുമ്പും അതിനുശേഷവും അന്വേഷിച്ചവരെക്കുറിച്ച് പരാമര്‍ശിക്കാതെ തന്നെമാത്രം ലക്ഷ്യമിടുകയാണെന്നും സിബി മാത്യൂസ് പറഞ്ഞു.

deshabhimani 120213

No comments:

Post a Comment