Monday, February 18, 2013
ലീഗുകാര്‍ സാക്ഷിയെ തട്ടിക്കൊണ്ടുപോയി മൊഴി മാറ്റിച്ചു
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസ് സാക്ഷിയെ ലീഗുകാര്‍ തട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രത്തില്‍ പീഡനത്തിനിരയാക്കിയശേഷം മൊഴിമാറ്റിച്ചു. തളിപ്പറമ്പ് സര്‍ സയ്യിദ് ഹൈസ്കൂള്‍ പ്യൂണും മുസ്ലിംലീഗ് പ്രവര്‍ത്തകനുമായ കപ്പാലത്തെ പഴയപുരയില്‍ അബുവാണ് തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ കഴിഞ്ഞ ദിവസം നല്‍കിയ മൊഴി മാറ്റിപ്പറഞ്ഞത്. ഞായറാഴ്ച രാവിലെയാണ് ലീഗുകാര്‍ അബുവിനെ തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച ഉച്ചയേടെ, ലീഗ് നേതാവും മന്ത്രിയുമായ എം കെ മുനീര്‍ ചെയര്‍മാനായ സ്വകാര്യ ടിവി ചാനലില്‍ പ്രത്യക്ഷപ്പെട്ട അബു തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സമ്മര്‍ദത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നും പറഞ്ഞു. അബുവിന്റെ സത്യവാങ്മൂലം ലീഗിനെ വന്‍ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതില്‍നിന്ന് കരകയറാനാണ് തട്ടിക്കൊണ്ടുപോയതും മൊഴി മറ്റിപ്പറയിപ്പിച്ചതും. സാക്ഷികളില്‍ ഒരാളായ സാബീര്‍ ദുബായിലേക്ക് കടന്നതായും സംശയിക്കുന്നു.
തിങ്കളാഴ്ച കേസില്‍ തലശേരി സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങുകയാണ്. ഷുക്കൂറിനെ വധിക്കാന്‍ ഫോണിലൂടെ നിര്‍ദേശം നല്‍കുന്നത് കേട്ടില്ലെന്നുപറഞ്ഞ് അബു തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ അഡ്വ. കെ ബാലകൃഷ്ണന്‍ നായര്‍ മുഖേനയാണ് സത്യവാങ്മൂലം നല്‍കിയത്. ഷുക്കൂറിനെ വധിക്കുമെന്ന് അറിഞ്ഞിട്ടും തടയാന്‍ ശ്രമിക്കാതിരുന്ന സാക്ഷികള്‍ക്കെതിരെ കാനൂലിലെ കെ പി നന്ദനന്‍ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ (ഒന്ന)് അന്യായം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് അബു സത്യവാങ്മൂലം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പര്‍ മുറിയില്‍ സിപിഐ എം അരിയില്‍ ലോക്കല്‍ സെക്രട്ടറി യു വി വേണു ഷുക്കൂറിനെ വധിക്കാന്‍ നിര്‍ദേശം നല്‍കുന്നത് അബുവും സാബിറും കേട്ടുവെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 16ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ടി വി രാജേഷ് എംഎല്‍എ എന്നിവര്‍ക്കെതിരെ വളപട്ടണം സിഐ കേസെടുത്തത്. ആ സമയം മുറിയിലുണ്ടായിരുന്ന ജയരാജനും ടി വി രാജേഷും കൊലപാതക വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും തടഞ്ഞില്ലെന്നാരോപിച്ച് ഐപിസി 118 പ്രകാരമാണ് പ്രതിചേര്‍ത്തത്.
കള്ളസാക്ഷികളെ സൃഷ്ടിച്ചവര്‍ സിഐയെ ബലിയാടാക്കി
കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സി ഐ യു പ്രേമന്‍ ബലിയാടായത് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശം നടപ്പാക്കിയതിന്. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയെയും കേസില്‍ കുടുക്കാന്‍ കള്ളസാക്ഷികളെ സൃഷ്ടിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെ, തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. സാക്ഷികളെ നല്‍കിയത് മുസ്ലിംലീഗും. നേരത്തെ തയ്യാറാക്കിയ തിരക്കഥപ്രകാരം സാക്ഷിമൊഴി രേഖപ്പെടുത്തി കുറ്റപത്രം തയ്യാറാക്കുകമാത്രമാണ് സിഐ ചെയ്തത്. കഴിഞ്ഞ വര്‍ഷം മെയ് 21നാണ് കണ്ണൂരില്‍ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ സിപിഐ എം നേതാക്കളെ കുടുക്കാന്‍ ഗൂഢാലോചന നടന്നത്. സെന്‍ട്രല്‍ ജയിലില്‍ സിക്ക രണ്ടാം ബാച്ചിന്റെ പാസിങ് ഔട്ട് പരേഡിന് സല്യൂട്ട് സ്വീകരിക്കാനാണ് തിരുവഞ്ചൂര്‍ കണ്ണൂരിലെത്തിയത്. ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍, കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരന്‍ എന്നിവരും അന്വേഷണച്ചുമതലയുള്ള സിഐ യു പ്രേമനും യോഗത്തില്‍ പങ്കെടുത്തു. ഇവര്‍ കൂട്ടായെടുത്ത തീരുമാനപ്രകാരമാണ് കള്ളസാക്ഷികളെ രംഗത്തിറക്കിയത്.
കേസുമായി ബന്ധപ്പെട്ട് പി ജയരാജനെയും ടി വി രാജേഷിനെയും കൂടുതലായി ചോദ്യം ചെയ്തത് ഡിവൈഎസ്പിയായിരുന്നു. മേല്‍നോട്ടമെന്നതുവിട്ട് കേസ് പൂര്‍ണമായി കൈയടക്കുകയായിരുന്നു ഡിവൈഎസ്പി. ജൂണ്‍ 20ന് മാങ്ങാട്ടുപറമ്പ് കെഎപിയില്‍ പാസിങ്ങ് ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിക്കാനും ജൂലൈ 28ന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനും എത്തിയപ്പോഴും കേസിന്റെ നടത്തിപ്പും പുരോഗതിയും തിരുവഞ്ചൂര്‍ പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. ജൂലൈ 28ന് നടന്ന ചര്‍ച്ചയിലാണ് മൊഴിനല്‍കാന്‍ ആഗസ്ത് ഒന്നിന് കണ്ണൂര്‍ സിഐ ഓഫീസിലെത്തുമ്പോള്‍ ജയരാജനെ അറസ്റ്റുചെയ്ത് ജയിലിലടക്കാന്‍ തിരുവഞ്ചൂര്‍ നിര്‍ദേശം നല്‍കിയത്. ആഗസ്ത് 23ന് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച നാനൂറോളം പേജ് വരുന്ന കുറ്റപത്രത്തിലുടനീളം പരസ്പരവിരുദ്ധമായ മൊഴികളും സംഭവങ്ങളുമാണ്. "പാര്‍ടി കോടതി വിധി"യെന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പൊലീസിന്റെ കുറ്റപത്രത്തിലൊരിടത്തും ഈ പ്രയോഗമില്ല. വള്ളുവന്‍ കടവിനടുത്ത വയലില്‍ രണ്ടുമണിക്കൂര്‍ വിചാരണയ്ക്കുശേഷമാണ് കൊല നടത്തിയതെന്ന പ്രചാരണവും കുറ്റപത്രം സമര്‍പ്പിച്ചതോടെ പൊളിഞ്ഞു.
കഴിഞ്ഞവര്‍ഷം ഫെബ്രുവരി 20ന് ഷുക്കൂറും കൂട്ടരും വെള്ളംകുടിക്കാന്‍ കയറിയ വീട്ടില്‍ പകല്‍ 12.30 മുതല്‍ രണ്ടുവരെ ഉണ്ടായിരുന്നുവെന്നും ഇവിടെനിന്ന് കൊണ്ടുപോയി വയലില്‍വച്ച് വെട്ടിക്കൊല്ലുകയുമായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍. എംഎംഎസ് വഴി ഫോട്ടോ അയച്ചുകൊടുത്താണ് ഷുക്കൂറിനെയും മറ്റുള്ളവരെയും തിരിച്ചറിഞ്ഞതെന്നായിരുന്നു നേരത്തെയുള്ള പ്രചാരണം. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം റൂമിന് സമീപത്തുനിന്നാണ് ഗൂഢാലോചന നടന്നതെന്നാണ് സാക്ഷികള്‍ പൊലീസിന് നല്‍കിയ മൊഴി. ലീഗുകാരുടെ അക്രമത്തില്‍ പരിക്കേറ്റാണ് പി ജയരാജനെയും ടി വി രാജേഷിനെയും സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സംഘര്‍ഷം നിലനില്‍ക്കുന്ന ഈ സമയത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇവരെ കാണാനെത്തിയെന്നു പറയുന്നത് സ്വാഭാവികയുക്തിക്ക് നിരക്കുന്നതല്ല.
deshabhimani 180213
Labels:
കണ്ണൂര്‍,
പോലീസ്,
മുസ്ലീം ലീഗ്,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment