Thursday, February 7, 2013

വൈദ്യുതി സ്പോട്ട് ബില്ലിങ് നിര്‍ത്തുന്നു; വീണ്ടും സ്ലാബ്


വൈദ്യുതിബോര്‍ഡ് സ്പോട്ട് ബില്ലിങ് സമ്പ്രദായം നിര്‍ത്തി പഴയ സ്ലാബ് സമ്പ്രദായം തിരികെ കൊണ്ടുവരുന്നു. ജനങ്ങളുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ച സ്ലാബ് സമ്പ്രദായം വൈദ്യുതിബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള മാര്‍ഗമായിട്ടാണ് വീണ്ടും നടപ്പാക്കുന്നത്. സ്ലാബ് സമ്പ്രദായമടക്കം നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഊര്‍ജവകുപ്പ് വൈദ്യുതി ബോര്‍ഡിന് കത്തെഴുതി. വൈദ്യുതിബോര്‍ഡ് കോര്‍പറേറ്റ് വിഭാഗം ചീഫ് എന്‍ജിനീയര്‍ ഇതുസംബന്ധിച്ച അഭിപ്രായം തേടി താഴെ തലങ്ങളിലും കത്തു നല്‍കി. ഒരാഴ്ചക്കുള്ളില്‍ അഭിപ്രായം അറിയിക്കാനാണ് ആവശ്യം. ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം ബില്‍ നല്‍കി പണം ഈടാക്കുന്ന സ്പോട്ട് ബില്ലിങ് സമ്പ്രദായമാണ് ഇപ്പോഴുള്ളത്. എന്നാല്‍ സ്ലാബ് സമ്പ്രദായത്തില്‍ ഉപഭോക്താവ് നിശ്ചിത തുക എല്ലാ മാസവും സ്ലാബിന്റെ അടിസ്ഥാനത്തില്‍ അടയ്ക്കണം. ആറുമാസം കൂടുമ്പോള്‍ എടുക്കുന്ന റീഡിങിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ ബില്ലും നല്‍കും. പലപ്പോഴും വന്‍ തുകയാകും ഈ ബില്ലില്‍ ലഭിക്കുക.

ആര്‍ ബാലകൃഷ്ണപിള്ള വൈദ്യുതി മന്ത്രിയായിരിക്കുമ്പോള്‍ നടപ്പാക്കിയ സ്ലാബ് സമ്പ്രദായവും അഡീഷണല്‍ ബില്ലും വന്‍ വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു. അതിനുശേഷം വന്ന 1996ലെ നായനാര്‍ സര്‍ക്കാരാണ് സ്ലാബ് സമ്പ്രദായം അവസാനിപ്പിച്ച് സ്പോട്ട് ബില്ലിങ് ഏര്‍പ്പെടുത്തിയത്. രണ്ടുമാസം കൂടുമ്പോള്‍ റീഡിങ് എടുത്ത് ഉപയോഗിച്ച വൈദ്യുതിക്ക് മാത്രം ബില്‍ നല്‍കുന്ന രീതിയാണിത്. എന്നാല്‍ സ്ലാബ് സമ്പ്രദായത്തില്‍ ആറുമാസത്തിലൊരിക്കല്‍ മാത്രമേ റീഡിങ് എടുക്കൂ. അതിനാല്‍ റീഡിങ് എടുക്കുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്നതാണ് സ്ലാബ് സമ്പ്രദായത്തിന്റെ മേന്മയായി ബോര്‍ഡ് കാണുന്നത്.

ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സബ് ഡിവിഷനുകള്‍ നിര്‍ത്തലാക്കുക, പകരം ഡിവിഷനില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ ഒരു തസ്തിക അനുവദിക്കുക, ഡിവിഷനില്‍ ഓവര്‍സീയറുടെ എണ്ണം മൂന്നായി കുറയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഊര്‍ജവകുപ്പിന്റെ കത്തിലുണ്ട്. പണം സ്വീകരിക്കുന്ന രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെയുള്ള ഇപ്പോഴത്തെ സമയം മാറ്റി രാവിലെ ഒമ്പതുമുതല്‍ നാലുവരെയോ, പത്തുമുതല്‍ അഞ്ചുവരെയോ ആക്കണമെന്ന നിര്‍ദേശവും ചര്‍ച്ചയ്ക്കായി താഴെ തട്ടിലേക്ക് നല്‍കിയിട്ടുണ്ട്. രാവിലെ എട്ടുമുതല്‍ ആറുവരെയാക്കിയതുമൂലം രാവിലെ ജോലിക്കു പോകുന്നതിനുമുമ്പോ, വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോഴോ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ രണ്ട് ഷിഫ്റ്റില്‍ ഇങ്ങിനെ ജീവനക്കാരെ വിന്യസിക്കുന്നത് ബോര്‍ഡിന് നഷ്ടമുണ്ടാക്കുന്നുവെന്ന് പറഞ്ഞാണ് സമയം മാറ്റുന്നത്.
(ഡി ദിലീപ്)

deshabhimani 070213

No comments:

Post a Comment