Thursday, February 7, 2013
സ്ത്രീകള്‍ക്കുനേരെ പൊലീസ് ഭീകരത
സൂര്യനെല്ലി പീഡനക്കേസില്‍ പി ജെ കുര്യനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നതിനെതിരെ ഉയര്‍ന്ന അതിശക്തമായ സ്ത്രീ രോഷം തലസ്ഥാനത്തെ പിടിച്ചുകുലുക്കി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ നടന്ന സംഘടിത സ്ത്രീരോഷാഗ്നിയില്‍ നിയമസഭയും പരിസരവും പ്രക്ഷുബ്ധമായി. മഹിളാസംഘം, നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ്, കേരള വനിതാ കോണ്‍ഗ്രസ് തുടങ്ങിയ വനിതാ സംഘടനകള്‍ കൂടി സമരത്തില്‍ അണിനിരന്നതോടെ പൊലീസ് ചെറുത്തു. പൊലീസ് ഭീകരതയ്ക്കും കുര്യനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനുമെതിരെ നിയമസഭയ്ക്കകത്തും രോഷം ആളിക്കത്തി.
പൊലീസ് ഭീകരതയില്‍ മണിക്കൂറുകളോളം തലസ്ഥാനഗരം സംഘര്‍ഷഭരിതമായി. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കു നേരെ പൊലീസ് നടത്തിയ ക്രൂരമായ മര്‍ദനത്തില്‍ 17 പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് വലയം ഭേദിച്ച് മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ സ്ത്രീകള്‍ ഇരച്ചുകയറിയതോടെയാണ് നിയമസഭാ കവാടം സമരമുഖരിതമായത്. സമരവളന്റിയര്‍മാര്‍ക്ക് മുന്നില്‍ പകച്ചുനിന്ന പൊലീസ്, ഒടുവില്‍ സ്ത്രീകള്‍ക്ക് നേരെ കൈയേറ്റത്തിനു മുതിര്‍ന്നു. തുടര്‍ന്ന് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്തു. അറസ്റ്റുചെയ്ത സ്ത്രീകളെ രണ്ടുമണിക്കൂറിലേറെ നന്ദാവനം എആര്‍ ക്യാമ്പില്‍ തടങ്കലില്‍ വച്ചു.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി, മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ, പ്രസിഡന്റ് ടി എന്‍ സീമ എംപി എന്നിവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് നിയമസഭയിലേക്ക് മാര്‍ച്ച് ചെയ്തത്. നിരോധിതമേഖലയിലേക്ക് കടന്ന സമരവളന്റിയര്‍മാരെ പുരുഷ പൊലീസ് തടയാന്‍ ശ്രമിച്ചപ്പോള്‍ നേതാക്കള്‍ ചെറുത്തു. നേതാക്കളെയും പ്രവര്‍ത്തകരെയും പുരുഷ പൊലീസുകാര്‍ കൈയേറ്റം ചെയ്തു. ഷീല്‍ഡ് കൊണ്ട് ഇടിച്ചും പരിക്കേല്‍പ്പിച്ചു. പിന്നീട് കൂടുതല്‍ വനിതാ പൊലീസുകാരെ കൊണ്ടുവന്ന് സമരത്തെ നേരിടാനാണ് പൊലീസ് ശ്രമിച്ചത്. ഇത് പൊലീസും സമരവളന്റിയര്‍മാരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കി. പിടിച്ചുതള്ളിയും അടിച്ചും മുടിയില്‍ പിടിച്ചുവലിച്ചും സാരിയിലും ചുരിദാറിലും കടന്നുപിടിച്ചും നൂറോളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു.
സ്ത്രീകള്‍ക്ക് നേരെ പൊലീസ് അക്രമം നടക്കുന്നതറിഞ്ഞ് നിയമസഭയില്‍ നിന്നെത്തിയ എംഎല്‍എമാരായ കെ കെ ലതിക, അയിഷാപോറ്റി, കെ എസ് സലീഖ എന്നിവരും സമരത്തില്‍ അണിനിരന്നതോടെ പൊലീസ് അറസ്റ്റില്‍ നിന്നു പിന്മാറി. നിരോധിതമേഖലയില്‍ നിന്ന് പിന്മാറിയാല്‍ അറസ്റ്റുചെയ്ത പ്രവര്‍ത്തകരെ വിട്ടയക്കാമെന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസ് മേധാവികള്‍ ഉറപ്പുനല്‍കിയെങ്കിലും അതു ലംഘിച്ച് സമരക്കാര്‍ക്കിടയിലൂടെ വാന്‍ ഇടിച്ചുകയറ്റിയും പൊലീസ് പ്രകോപനം സൃഷ്ടിച്ചു. അസോസിയേഷന്‍ നേതാക്കളായ എം ജി മീനാംബിക, എസ് പുഷ്പലത തുടങ്ങിയവരെ പൊലീസ് വാനിലിട്ടും മര്‍ദിച്ചു. ഇതിനിടെ, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, സിപിഐ നേതാവ് സി ദിവാകരന്‍, എംഎല്‍എമാരായ ഇ പി ജയരാജന്‍, തോമസ് ഐസക്, എ കെ ബാലന്‍, മാത്യു ടി തോമസ് തുടങ്ങിയവരും സമരസ്ഥലത്തെത്തി. തുടര്‍ന്ന് നേതാക്കള്‍ എആര്‍ ക്യാമ്പിലേക്ക് പോയി. പ്രതിഷേധം ശക്തമാകുന്നതുകണ്ട്് അറസ്റ്റുചെയ്ത പ്രവര്‍ത്തകരെ ഒടുവില്‍ പൊലീസിന് വിട്ടയക്കേണ്ടിവന്നു. പ്രവര്‍ത്തകര്‍ വീണ്ടും സമരസ്ഥലത്ത് എത്തി. തുടര്‍ന്ന് പ്രകടനമായി വികാസ്ഭവന്‍ പരിസരത്തേക്ക് നീങ്ങി സമരം അവസാനിപ്പിച്ചു.
ഇതിനിടെ, മഹിളാസംഘം, നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിയമസഭാ കവാടത്തിന് അടുത്തെത്തി. ഇവര്‍ക്കു നേരെയും പൊലീസ് മര്‍ദനം അഴിച്ചുവിട്ടു. പൊലീസ് മര്‍ദനത്തില്‍ എംഎല്‍എമാരായ ഇ എസ് ബിജിമോള്‍ക്കും ഗീതാഗോപിക്കും പരിക്കേറ്റു. ഗീതാഗോപിയെ പൊലീസ് അറസ്റ്റുചെയത് വാനില്‍ കയറ്റി എആര്‍ ക്യാമ്പില്‍ കൊണ്ടുപോയി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവര്‍ത്തകരെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതിഷേധക്കൊടുങ്കാറ്റില്‍ സഭ
തിരു: സൂര്യനെല്ലി കേസില്‍ പി ജെ കുര്യനെതിരെ പുനരന്വേഷണം സാധ്യമല്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നിയമസഭയിലും ശക്തമായ പ്രതിഷേധം. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ശൂന്യവേളയില്‍ ഉപക്ഷേപത്തിലൂടെയാണ് വിഷയം ഉന്നയിച്ചത്. നിയമോപദേശം കേട്ട് തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്നും ഇറങ്ങിപ്പോയി. കുര്യനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സഭയ്ക്ക് മുമ്പില്‍ സമരം നടത്തിയ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്ത സംഭവവും ഇ എസ് ബിജിമോള്‍ എംഎല്‍എയെ പൊലീസ് മര്‍ദിച്ചതും സഭയില്‍ കൊടുങ്കാറ്റായി.
നടുത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പകല്‍ ഒന്നരയോടെ സഭ നിര്‍ത്തി. എംഎല്‍എയെ പൊലീസ് മര്‍ദിച്ചതിനെക്കുറിച്ച് എഡിജിപി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. അന്വേഷണമില്ലെന്ന ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഇതുസംബന്ധിച്ച ഉപക്ഷേപം ഉന്നയിച്ച വി എസ് ആവശ്യപ്പെട്ടു. തിരുവല്ലയിലെ ഇടിക്കുളയുടെ ഭാര്യ അന്നമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുര്യനെതിരെ അന്വേഷണത്തിന് ഉത്തരവിടണം. അന്വേഷണസംഘാംഗം കെ കെ ജോഷ്വായും സാക്ഷിയായ ബിജെപി നേതാവും ഇപ്പോള്‍ മാറ്റി പറഞ്ഞിരിക്കുകയാണ്. ആ സാഹചര്യത്തില്‍ പുനരന്വേഷണത്തിന് തടസ്സമില്ലെന്ന് വി എസ് ചൂണ്ടിക്കാട്ടി. പി ജെ കുര്യനെ ഒരു ഘട്ടത്തിലും വിചാരണ ചെയ്യാത്തതിനാല്‍ കോടതി വെറുതെ വിട്ടുവെന്ന് പറഞ്ഞ് അന്വേഷണം നടത്താതിരിക്കുന്നത് അനീതിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അഞ്ചേരി ബേബി, കെടി ജയകൃഷ്ണന്‍, വര്‍ഗീസ് വധക്കേസുകളില്‍ സ്വീകരിച്ച മാതൃകയില്‍ കുര്യനെതിരെ തുടരന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഈ കേസില്‍മാത്രം അത്തരം നടപടി സ്വീകരിക്കാത്തത് എന്താണെന്ന് കോടിയേരി ചോദിച്ചു. തെറ്റുചെയ്യാത്ത ഒരാള്‍ക്കെതിരെ കേസ് എടുക്കുന്നത് നീചമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സുപ്രീംകോടതി പ്രതിസ്ഥാനത്ത് നിന്നും വിടുതല്‍ ചെയ്തയാള്‍ക്കെതിരെ പുനരന്വേഷണം നടത്തുന്നതിന് പരിമിതിയുണ്ട്. നിയമോപദേശം ലഭിച്ചശേഷം തീരുമാനം എടുക്കും. ഇടിക്കുളയുടെ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമല്ല കുര്യനെ ഒഴിവാക്കിയത്. അവിടെ നിന്നും കുര്യന്‍ 23 പേരെ ടെലിഫോണില്‍ വിളിച്ചു. അവരെല്ലാം അക്കാര്യം വെളിപ്പെടുത്തി. ഇടിക്കുളയുടെ വീട്ടില്‍ നിന്നും ടെലിഫോണ്‍ വിളിച്ച നമ്പരും സമയവും മാറുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ തുറന്ന മനസ്സാണെന്നും നിയമം വിട്ട് ഒരു വഴിക്കും പോയിട്ടില്ലെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നിയമോപദേശത്തിനായി കാത്തിരിക്കുകയാണ്. അത് കിട്ടിയാലുടനെ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മഹിളാ അസോസിയേഷന്‍ പ്രക്ഷോഭത്തിലേക്ക്
തിരു: സൂര്യനെല്ലികേസില്‍ പി ജെ കുര്യനെതിരെ കേസെടുത്ത് അന്വേഷണം പ്രഖ്യാപിക്കുംവരെ ശക്തമായ പ്രക്ഷോഭം തുടരാന്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ തീരുമാനിച്ചു. ഇടതു മഹിളാ സംഘടനകളുടെ കൂട്ടായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കളായ പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ, പ്രസിഡന്റ് ടി എന്‍ സീമ എംപി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമാധാനപരമായി സമരംചെയ്ത പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണം. സമരക്കാരെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയും വേണം. പെണ്‍കുട്ടിയുടെ പരാതിയെ ലാഘവത്തോടെ കാണുന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നിലപാട് അംഗീകരിക്കാനാവില്ല. രാഷ്ട്രപതി ഒപ്പിട്ട് നിയമമായ ഓര്‍ഡിനന്‍സിന്റെ നഗ്നമായ ലംഘനമാണ് സര്‍ക്കാര്‍ നടത്തുന്നത്.
പതിനേഴു വര്‍ഷമായി യാതന അനുഭവിക്കുന്ന പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം സ്ത്രീസമൂഹത്തിനാകെ സുരക്ഷ ഉറപ്പാക്കാനുള്ള സമരമാണ്. ഇനിയെങ്കിലും കുര്യന്‍ നിയമത്തിന് മുന്നില്‍ വരാനുള്ള തന്റേടം കാട്ടണം. ജനാധിപത്യമര്യാദയും ധാര്‍മികതയും മുന്‍നിര്‍ത്തി സ്ഥാനം ഒഴിയാന്‍ കുര്യന്‍ തയ്യാറാകണം. പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കിയതോടെ കുര്യന് അനുകൂലമായുള്ള സുപ്രീംകോടതി ഉത്തരവും അസാധുവായി. ഇത് മനഃപൂര്‍വം മറച്ചുവച്ചാണ് കുര്യനു വേണ്ടി മുഖ്യമന്ത്രിയും മറ്റും വാദിക്കുന്നത്. മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും എന്തുകൊണ്ടാണ് അന്വേഷണത്തെ ഭയപ്പെടുന്നത്. എന്തോ മറയ്ക്കാനുള്ളതുകൊണ്ടാണ് ഇതെന്ന് വ്യക്തമാണ്. നീതിക്കു വേണ്ടി പെണ്‍കുട്ടി നടത്തുന്ന പോരാട്ടത്തോടൊപ്പം എന്നും അസോസിയേഷന്‍ ഉണ്ടായിട്ടുണ്ട്. അതിനിയും തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
ജനകീയ പ്രതിഷേധം ഉയരണം: വൈക്കം വിശ്വന്‍
തിരു: സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ കുര്യനെതിരെ അന്വേഷണം അനിവാര്യമാണ്. കുര്യനെതിരെ അന്വേഷണം വേണമെന്ന് സമൂഹത്തിന്റെ നാനാതുറകളില്‍നിന്നും ആവശ്യം ഉയര്‍ന്നു. എന്നിട്ടും ഇതിനെതിരെ പുറന്തിരിഞ്ഞുനില്‍ക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാരിന്റേത്. നാടെങ്ങും ജനകീയസമരം ഉയര്‍ന്നുവരുമ്പോഴും ഇവ കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍. കുര്യനെതിരെ നടപടി വേണ്ടന്ന നിലപാടില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ സ്ത്രീകളെ മര്‍ദിച്ചൊതുക്കാനാണ് സര്‍ക്കാര്‍ ശ്രമം. നിയമസഭയ്ക്കുമുന്നില്‍ പ്രതിഷേധിച്ച സ്ത്രീകളെ പുരുഷ പൊലീസ് അടക്കമുള്ളവര്‍ മര്‍ദിച്ച് ജയിലിലടച്ചു. സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധമായ നടപടിയില്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും പി ജെ കുര്യനെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടത്തില്‍ മുഴുവന്‍ ജനങ്ങളും പങ്കാളികളാകണമെന്നും വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു.
ഹൈക്കമാന്‍ഡിന്റെ അഭിപ്രായം അവരോട് ചോദിക്കണം: പി ജെ കുര്യന്‍
നെടുമ്പാശേരി: സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പരിശോധിക്കുമെന്ന എഐസിസിയുടെ അഭിപ്രായത്തെപ്പറ്റി തനിക്ക് ഒന്നും പറയാനില്ലെന്ന് പി ജെ കുര്യന്‍. ഹൈക്കമാന്‍ഡിന്റെ അഭിപ്രായം ഹൈക്കമാന്‍ഡിനോട് ചോദിക്കണം. എനിക്ക് ഒന്നും പറയാനില്ല. നെടുമ്പാശേരിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
deshabhimani 070213
Labels:
ഇടുക്കി,
പോരാട്ടം,
പോലീസ്,
രാഷ്ട്രീയം,
വലതു സര്‍ക്കാര്‍,
സ്ത്രീ,
സ്ത്രീസംഘടന
Subscribe to:
Post Comments (Atom)

No comments:
Post a Comment