Tuesday, February 5, 2013
കരിഓയിലിന് അര്‍ഹത യുഡിഎഫിന്
ഹയര്‍ സെക്കന്‍ഡറി പഠനത്തിനുള്ള ഫീസുകള്‍ കുത്തനെ ഉയര്‍ത്തിയത് കഴിഞ്ഞ ദിവസമാണ്. പ്രവേശനം മുതല്‍ പരീക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ക്കുവരെ ഇരട്ടിയും അതിലേറെയുമായി ഫീസ് വര്‍ധിപ്പിച്ചത് സംസ്ഥാന സര്‍ക്കാരാണ്. ഏതെങ്കിലും ഉദ്യോഗസ്ഥന് തന്നിഷ്ടപ്രകാരം അത്തരമൊരു തീരുമാനത്തിലെത്താനാവില്ല. യുഡിഎഫ് സര്‍ക്കാര്‍ എല്ലാ രംഗത്തും നടപ്പാക്കുന്ന സമീപനംതന്നെയാണ് ഇതിലും പ്രകടമായത്. താങ്ങാനാവാത്ത ജീവിതച്ചെലവുമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ കൂടുതല്‍ ദ്രോഹിക്കുന്ന അനേകം തീരുമാനങ്ങളിലൊന്നാണിത്. വിദ്യാഭ്യാസം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നതുമറന്ന്, കച്ചവടമാക്കാനുള്ള മനോഭാവത്തിന്റെ ഭാഗവുമാണത്. യുഡിഎഫ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന നയവും അതിന്റെ ജനവിരുദ്ധമുഖവുമാണ് പ്രകടമാകുന്നത് എന്നര്‍ഥം. ഫീസ് വര്‍ധനയ്ക്കെതിരെ ആരെങ്കിലും സമരംചെയ്യുന്നുണ്ടെങ്കില്‍, അത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെയും മുന്നിലാകണം.
കെഎസ്യുക്കാര്‍ പക്ഷേ, സമരം നടത്തിയത് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലാണ്. ഓഫീസില്‍ അതിക്രമിച്ചു കയറിയ കെഎസ്യു സംഘം ഡയറക്ടര്‍ കേശവേന്ദ്രകുമാറിനെ കരിഓയിലില്‍ കുളിപ്പിച്ചു. ഭരണവിലാസം സംഘടനക്കാരായ തെമ്മാടിക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായി കരിഓയിലില്‍ കുളിച്ച് നിസ്സഹായനായി നില്‍ക്കുന്ന ആ ഐഎഎസ് ഉദ്യോഗസ്ഥന്റെ ദൃശ്യം കേരളം യുഡിഎഫ് ഭരണത്തില്‍ എവിടെയെത്തിനില്‍ക്കുന്നു എന്നാണ് തെളിയിച്ചത്. കേശവേന്ദ്രകുമാറിനെ കരിഓയിലില്‍ കുളിപ്പിക്കുന്നതിന് സാക്ഷികളായി ഏതാനും ദൃശ്യമാധ്യമ പ്രവര്‍ത്തകരുമുണ്ടായിരുന്നുവത്രെ. ഹയര്‍സെക്കന്‍ഡറി ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന അദമ്യമായ ആഗ്രഹമാണ് കെഎസ്യുക്കാര്‍ക്കുണ്ടായിരുന്നതെങ്കില്‍, അവര്‍ കരിഓയിലും തെറിക്കൂട്ടുമായി കടന്നുചെല്ലേണ്ടത് ക്ലിഫ് ഹൗസിലേക്കായിരുന്നു. അല്ലെങ്കില്‍ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ വീട്ടിലേക്കായിരുന്നു.
ഇരുത്തംവന്ന ക്രിമിനലുകളെപ്പോലെയാണ് കെഎസ്യുക്കാര്‍ പെരുമാറിയത്. രണ്ടുപേര്‍ പിടിച്ചുനിര്‍ത്തി ഒരാള്‍ ദേഹത്തേക്ക് കരിഓയില്‍ ഒഴിച്ചു. തടയാനെത്തിയ പിഎയുടെ ദേഹത്തും കരിഓയില്‍ അഭിഷേകംനടത്തി. മറ്റ് ജീവനക്കാരെയും ആക്രമിച്ചു. കേരളം ഭരിക്കുന്ന കക്ഷിയുടെ പോഷക സംഘടനാ നേതാക്കളാണ് ഇതെല്ലാം ക്യാമറയ്ക്കുമുന്നില്‍ ചെയ്തതെന്നോര്‍ക്കണം. അത് ചെയ്തവരെ താല്‍ക്കാലികമായി തള്ളിപ്പറഞ്ഞതുകൊണ്ടോ ചട്ടപ്പടി കേസെടുത്തതുകൊണ്ടോ അവസാനിക്കുന്ന പ്രശ്നമല്ലിത്. കോണ്‍ഗ്രസില്‍ ആധിപത്യം നേടിയ മാഫിയാ സംസ്കാരത്തിന്റെയും തകര്‍ന്ന ക്രമസമാധാനത്തിന്റെയും അനിഷേധ്യതെളിവാണ് പുറത്തുവന്നത്. ക്യാമറയ്ക്കുമുന്നില്‍ ഇത്രവലിയ കാടത്തം കാണിക്കുന്ന കെഎസ്യുക്കാര്‍ പരിഷ്കൃത സമൂഹത്തില്‍ ജീവിക്കാനര്‍ഹതയില്ലാത്തവരാണ്. ഇവരെ കെട്ടഴിച്ചുവിട്ട ഭരണ രാഷ്ട്രീയ നേതൃത്വമാണ് ഇതിന്റെ യഥാര്‍ഥ ഉത്തരവാദികള്‍.
പണിമുടക്ക് വിജയിപ്പിക്കാനും കരിങ്കാലികളെ തടയാനും അണിനിരക്കുന്ന ജീവനക്കാരെ നികൃഷ്ടമായ ഭാഷയില്‍ അധിക്ഷേപിക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ നമുക്കുമുന്നിലുണ്ട്. ഹര്‍ത്താല്‍ദിനത്തില്‍ ഏതെങ്കിലും റോഡ് തടസ്സം വന്നാല്‍, അന്ന് ആ ഭാഗത്ത് ആശുപത്രികളില്‍ നടക്കുന്ന സകലമരണങ്ങളുടെയും ഉത്തരവാദിത്തം ഹര്‍ത്താലനുകൂലികളുടെ തലയില്‍ ചാരുന്നവരുമുണ്ട്. അത്തരക്കാര്‍ കണ്ണുതുറന്നു കാണേണ്ടതാണ് കെഎസ്യുവിന്റെ ഈ വിശേഷം. ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടന എന്നഹങ്കരിച്ചിരുന്നവര്‍, ഇന്ന് ഏതാനും ക്രിമിനലുകളുടെ കൂട്ടമായി ചുരുങ്ങി. കേരളത്തിലെ വിദ്യാലയങ്ങളിലും ക്യാമ്പസുകളിലും വംശനാശം നേരിടുന്ന കെഎസ്യുവിന് ഇനിയുള്ള കാലം ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളേ നടത്താനാവൂ. ജീവനക്കാരുടെ പണിമുടക്ക് പൊളിക്കാനും അവര്‍ ഇതേ മാര്‍ഗമാണുപയോഗിച്ചത്. ഇവര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ പൊലീസ് തയ്യാറായില്ലെങ്കില്‍, കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ ഈ തെമ്മാടിക്കൂട്ടത്തെ അടക്കി നിര്‍ത്താന്‍ തെരുവിലിറങ്ങേണ്ട അവസ്ഥായാവും വരിക.
deshabhimani editorial 060213
Subscribe to:
Post Comments (Atom)
No comments:
Post a Comment