Friday, February 1, 2013

രക്തസാക്ഷിത്വ ദിനാചരണവും ചേരിതിരിഞ്ഞ്


തൃശൂര്‍: ഗാന്ധിജി രക്തസാക്ഷിത്വ ദിനാചരണവും കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പ് തിരിഞ്ഞ് നടത്തി. എ ഗ്രൂപ്പ് ഡിസിസിയില്‍ ചടങ്ങ് നടത്തിയപ്പോള്‍ ഐ ഗ്രൂപ്പ് തെക്കേഗോപുരനടയില്‍ പൊതുയോഗമാണ് സംഘടിപ്പിച്ചത്. ഇരു യോഗങ്ങളും പരസ്പരം ചളിവാരിയെറിയലായി. ഡിസിസി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ഡിസിസിയുടെ പരിപാടികളില്‍ സഹകരിക്കില്ലെന്ന് ഐ ഗ്രൂപ്പ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 28ന് കോണ്‍ഗ്രസ് ജന്മദിന പരിപാടിയും ചേരിതിരിഞ്ഞാണ് നടത്തിയത്.

തെക്കേ ഗോപുരനടയില്‍ ഐ ഗ്രൂപ്പ് സംഘടിപ്പിച്ച ഗാന്ധി സ്മൃതി മുന്‍ നാഗാലാന്‍ഡ് ഗര്‍വണര്‍ എം എം ജേക്കബ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസില്‍ നോമിനേഷന്‍ സമ്പ്രദായം അവസാനിപ്പിച്ച് സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ നേതൃത്വം തയ്യാറാവണമെന്ന് എം എം ജേക്കബ് പറഞ്ഞു. അനര്‍ഹര്‍ക്ക് സ്ഥാനങ്ങളില്‍ കയറിക്കൂടാനുള്ള അവസരമാണ് നോമിനേഷന്‍. വി ബാലറാം അധ്യക്ഷനായി. തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, കെപിസിസി സെക്രട്ടറി ടി യു രാധാകൃഷ്ണന്‍, മേയര്‍ ഐ പി പോള്‍, ഡിസിസി ഭാരവാഹികളായ എം പി ഭാസ്കരന്‍ നായര്‍, ജോസഫ് ചാലിശേരി, ജോസ് വള്ളൂര്‍, എം കെ അബ്ദുള്‍സലാം, സുനില്‍ അന്തിക്കാട്, സാറാമ്മ മാത്തപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഡിസിസിയില്‍ എ ഗ്രൂപ്പ് സംഘടിപ്പിച്ച സമ്മേളനം പി എ മാധവന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറി എം പി ജാക്സന്‍, സെക്രട്ടറിമാരായ എം ആര്‍ രാമദാസ്, എന്‍ കെ സുധീര്‍, ഡിസിസി ഭാരവാഹികളായ എം കെ പോള്‍സണ്‍, എം പി സുകുമാരന്‍, ജോസഫ് ടാജറ്റ് എന്നിവര്‍ സംസാരിച്ചു.

deshabhimani 010213

No comments:

Post a Comment