Friday, February 1, 2013
ആദര്‍ശ് മാതൃകയില്‍ കെഎസ്ആര്‍ടിസിയുടെ ഭൂമി തട്ടാന്‍ വീണ്ടും നീക്കം
കൊച്ചി: കുപ്രസിദ്ധമായ ആദര്‍ശ് ഫ്ളാറ്റ് ഇടപാടു മാതൃകയില്‍ കൊച്ചിയില്‍ കെഎസ്ആര്‍ടിസിയുടെ ഭൂമി കൈവശപ്പെടുത്താനുള്ള നീക്കം വീണ്ടും സജീവമായതായി സൂചന. സംസ്ഥാനത്തെ അനുകൂല രാഷ്ട്രീയാവസ്ഥയുടെയും കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധിയുടെയും പശ്ചാത്തലത്തിലാണിത്. കെഎസ്ആര്‍ടിസി പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞദിവസം എറണാകുളം ബസ്സ്റ്റാന്‍ഡില്‍ ചേര്‍ന്ന ജനകീയ കൂട്ടായ്മയില്‍ മുന്‍ ഗതാഗതമന്ത്രി മാത്യു ടി തോമസ് എംഎല്‍എ കെഎസ്ആര്‍സി ഭൂമി കൈവശപ്പെടുത്താന്‍ നടന്ന ഗൂഢനീക്കത്തെക്കുറിച്ച് സൂചിപ്പിച്ചു.
കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള അഞ്ചരയേക്കര്‍ ഭൂമി തട്ടിയെടുക്കാനായിരുന്നു പദ്ധതി. മരിച്ച ജവാന്മാരുടെ ഭാര്യമാര്‍ക്ക് ഫ്ളാറ്റ് കെട്ടിക്കൊടുക്കാനെന്ന പേരിലാണ് ഭൂമിക്ക് ആവശ്യം ഉന്നയിച്ചത്. പ്രത്യേക സൊസൈറ്റി ഉണ്ടാക്കിയാണ് ഭൂമി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയെ സമീപിച്ചത്. യുഡിഎഫിലെ പ്രമുഖ കക്ഷിയുമായി ബന്ധപ്പെട്ടവരായിരുന്നു നീക്കത്തിനു പിന്നിലെന്നും മാത്യു ടി തോമസ് വെളിപ്പെടുത്തി. മുംബൈ ആദര്‍ശ് ഫ്ളാറ്റ് മാതൃകയിലുള്ള തട്ടിപ്പായിരുന്നു ഇവിടെയും ലക്ഷ്യം. ജവാന്മാരുടെ വിധവകള്‍ക്കുള്ള പദ്ധതി എന്ന പേരില്‍ ഉന്നതരായ രാഷ്ട്രീയക്കാര്‍ വിലയേറിയ ഭൂമിയും ഫ്ളാറ്റും തട്ടിയെടുത്തതായിരുന്നു ആദര്‍ശ് ഫ്ളാറ്റ് ഇടപാട്. കൊച്ചിയിലെ കെഎസ്ആര്‍ടിസി ഭൂമി ഉന്നംവച്ച് എത്തിയവരുടെയും ലക്ഷ്യം അതാണെന്നു തിരിച്ചറിഞ്ഞ് മുമ്പ് ഈ ആവശ്യം തള്ളിയതായിരുന്നുവെന്ന് മാത്യു ടി തോമസ് പറഞ്ഞു.
കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള അഞ്ചരയേക്കര്‍ സ്ഥലം നിലവില്‍ ബസ് പാര്‍ക്കിങ്ങിന് ഉപയോഗിക്കുകയാണ്. ബസ്സ്റ്റാന്‍ഡിനും സൗത്ത് റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള കണ്ണായ സ്ഥലത്തിന് സെന്റിന് അരക്കോടിയിലേറെ വിലമതിക്കും. കെഎസ്ആര്‍ടിസിയുടെ പക്കലുള്ള കോടികള്‍ വിലമതിക്കുന്ന സ്ഥലം വികസിപ്പിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിന് ഒരു പദ്ധതിയും ഇല്ലാത്തതാണ് പഴയ നീക്കം വീണ്ടും സജീവമാകാന്‍ കാരണം. സ്വത്തുക്കള്‍ കോര്‍പറേഷന് പ്രയോജനപ്പെടുന്നവിധം ഉപയോഗിക്കണമെന്നതായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. അതിന്റെ ഭാഗമായി സംസ്ഥാനത്താകെ 51 പദ്ധതികള്‍ മുന്‍ സര്‍ക്കാര്‍ അവതരിപ്പിക്കുകയും ചെയ്തു. അതില്‍ നാലെണ്ണം പ്രവര്‍ത്തനവും ആരംഭിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ അതെല്ലാം ഉപേക്ഷിച്ചു. ഡീസല്‍ സബ്സിഡി എടുത്തുകളഞ്ഞതിന്റെ ഭാഗമായി കോര്‍പറേഷന്‍ കനത്ത സാമ്പത്തിക പ്രയാസവും നേരിടുന്നു. കോര്‍പറേഷന്റെ നിലനില്‍പ്പുതന്നെ അപകടത്തിലായ അനുകൂലാവസ്ഥകൂടി മുതലെടുത്താണ് തട്ടിപ്പുസംഘം വീണ്ടും രംഗത്തുവന്നത്. ഇതിനെതിരെ താന്‍ ഇപ്പോഴത്തെ ഗതാഗതമന്ത്രിക്ക് കത്തെഴുതിയതായും മാത്യു ടി തോമസ് പറഞ്ഞു.
(എം എസ് അശോകന്‍)
deshabhimani 010213
Labels:
അഴിമതി,
പൊതുഗതാഗതം
Subscribe to:
Post Comments (Atom)
No comments:
Post a Comment