Sunday, February 10, 2013
ട്രെയിന്‍ നിരക്കും ഇനി തോന്നുമ്പോള്‍ കൂട്ടും
അടിക്കടിയുള്ള ഇന്ധന വിലവര്‍ധനയ്ക്ക് ആനുപാതികമായി ട്രെയിന്‍ യാത്രക്കൂലിയും കൂട്ടാനുള്ള സ്ഥിരം സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരും. ഇന്ധന സര്‍ച്ചാര്‍ജ് എന്ന പേരില്‍ തോന്നുമ്പോഴെല്ലാം നിരക്ക് കൂട്ടാനാണ് റെയില്‍വേ ആലോചിക്കുന്നത്. വിമാനക്കമ്പനികള്‍ ഇന്ധന സര്‍ച്ചാര്‍ജ് എന്ന പേരില്‍ നിരക്ക് കൂട്ടുന്ന മാതൃകയിലായിരിക്കും റെയില്‍വേ നിരക്കും കൂട്ടുക. റെയില്‍വേക്ക് ഡീസല്‍ വിലയില്‍ ലിറ്ററിന് 11 രൂപ അധികം നല്കേണ്ടിവരുന്നുണ്ട്. പ്രതിവര്‍ഷം 3300 കോടി രൂപയുടെ അധികച്ചെലവാണ് ഇതുമൂലം ഉണ്ടാവുന്നത്. ചരക്കുകടത്തു കൂലി വര്‍ധിപ്പിച്ചും യാത്രക്കൂലി വര്‍ധിപ്പിച്ചും ഇത് തിരിച്ചുപിടിക്കുന്ന കാര്യം റെയില്‍വേ മന്ത്രാലയം ചര്‍ച്ചചെയ്യുകയാണ്. പ്രധാനമന്ത്രിയുമായും ധനമന്ത്രി പി ചിദംബരവുമായും റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ഈ കാര്യം ചര്‍ച്ചചെയ്തു. 16ന് റെയില്‍വേ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ റെയില്‍ യാത്രക്കൂലിയില്‍ സര്ച്ചാര്ജ്കൂടി ഉള്‍പ്പെടുത്തുന്ന പ്രഖ്യാപനം നടത്താനാണ് ആലോചന. യാത്രക്കൂലിയിലെ വര്ധനയായല്ല ഇത് കൊണ്ടുവരുന്നത്. റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ എക്സ്പ്രസ് ചാര്‍ജ് എന്നിവ പോലെയുള്ള അധിക നിരക്കായിട്ടാകും അവതരിപ്പിക്കുക. രാജധാനി, തുരന്തോ, ശതാബ്ദി എക്സ്പ്രസുകളിലെ ഭക്ഷണനിരക്കും വര്‍ധിപ്പിക്കുന്ന പ്രഖ്യാപനവും ബജറ്റിലുണ്ടാകും.
ചരക്കുകടത്തുകൂലി ഇനിയും വര്‍ധിപ്പിച്ചാല്‍ ഈ രംഗത്ത് റെയില്‍വേ പിന്നാക്കംപോകുമെന്ന ആശങ്കയുണ്ട്. റോഡുമാര്‍ഗമുള്ള ചരക്കുകടത്ത് ഇപ്പോള്‍ തന്നെ റെയില്‍വേക്ക് വെല്ലുവിളിയായിട്ടുണ്ട്. വീണ്ടും കടത്തുകൂലി വര്‍ധിപ്പിച്ചാല്‍ ചരക്കുകടത്തുമേഖലയില് നിന്നുള്ള വരുമാനം കുറയാനാണ് സാധ്യത. അതിനാല്‍ യാത്രക്കൂലി വര്‍ധനയെ തന്നെ കൂടുതല്‍ ആശ്രയിക്കാനാകും തീരുമാനമെടുക്കുക. 2013-14 സാമ്പത്തികവര്‍ഷം 38000 കോടി രൂപയുടെ ബജറ്റ് സഹായമാണ് ധനമന്ത്രാലയത്തില്‍നിന്ന് റെയില്‍വേ പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തികവര്‍ഷം 24000 കോടി രൂപയുടെ സഹായമാണ് ലഭിച്ചത്. ഗതാഗതമേഖലയില്‍ നിന്നല്ലാതെയും ഫണ്ട് സ്വരൂപിക്കാനുള്ള തീരുമാനങ്ങളും ഉണ്ടാകും. റെയില്‍വേയുടെ 43000 ഹെക്ടര്‍ ഭൂമി ഉപയോഗിക്കപ്പെടാതെ കിടക്കുന്നത് വാണിജ്യ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാനും അതുവഴി വരുമാനമുണ്ടാക്കാനുമുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയുമാണ്. 147000 കോടി രൂപയുടെ 347 വികസനപദ്ധതികള്‍ നടപ്പാകാതെ കിടക്കുകയാണ്. മമതാ ബാനര്‍ജിയെപ്പോലുള്ളവര്‍ മുന്‍പിന്‍ നോക്കാതെ പ്രഖ്യാപിച്ച വികസന പദ്ധതികള്‍ റെയില്‍വേക്ക് ഭാരമായിരിക്കുകയാണ്. ഈ പദ്ധതികളില്‍നിന്ന് റെയില്‍വേ പിന്മാറുകയോ ഇതിനുള്ള വരുമാനം കണ്ടെത്തുകയോ ചെയ്യണം.
(വി ജയിന്)
deshabhimani 110213
Labels:
ബജറ്റ്,
വാർത്ത,
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment