Sunday, February 10, 2013

ജനാധിപത്യത്തെ അവഹേളിച്ച് ഗീലാനിയുടെ അറസ്റ്റ്


അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പിന്നാലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനെ അനധികൃതമായി തടങ്കലില്‍വച്ച് യുപിഎ സര്‍ക്കാര്‍ ജനാധിപത്യവ്യവസ്ഥയെ അവഹേളിച്ചു.രണ്ട് പതിറ്റാണ്ടിലേറെയായി തലസ്ഥാന നഗരിക്ക് സുപരിചിതനായ ഇഫ്തിഖര്‍ ഗീലാനി എന്ന പത്രപ്രവര്‍ത്തകനെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് തടങ്കലിലാക്കുകയായിരുന്നു. ഇഫ്തിഖറിന്റെ ഭാര്യാപിതാവ് കശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയാണെന്നതാണ് അറസ്റ്റിനുള്ള ന്യായീകരണം. മറ്റ് പത്രപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഗീലാനിയെ വിട്ടയക്കാന്‍ പൊലീസ് നിര്‍ബന്ധിതമായി.

പൊലീസ് നടപടിയെ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ അപലപിച്ചു. ഗീലാനിയോടും കുടുംബത്തോടും പൊലീസ് മാപ്പ് പറയണമെന്നും ഗില്‍ഡ് ആവശ്യപ്പെട്ടു. ഗീലാനിയെ അറസ്റ്റുചെയ്ത പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ആഭ്യന്തരസെക്രട്ടറിക്ക് കത്തയച്ചു.

ജോലിക്ക് പോകാന്‍ ഇറങ്ങിയ ഗീലാനിയെ തെറ്റിദ്ധരിപ്പിച്ചാണ് പൊലീസ് അകത്താക്കിയത്. സാധാരണ വേഷം ധരിച്ചെത്തിയ രണ്ട് പേര്‍ ഗീലാനിയോട് സയ്യിദ് അലി ഷാ ഗീലാനിയുടെ വീട് അന്വേഷിച്ചു. വഴി പറഞ്ഞുകൊടുത്തെങ്കിലും തങ്ങളെ അവിടെ കൊണ്ടാക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. സയ്യിദ് അലി ഷാ ഗീലാനി മറ്റൊരു കോളനിയിലാണ് താമസം. കൂടെയുള്ളവരുമായി അങ്ങോട്ട് പോകുന്നതിനിടെ തങ്ങള്‍ ഡല്‍ഹി പൊലീസില്‍നിന്നുള്ളവരാണെന്ന് അവര്‍ വെളിപ്പെടുത്തി. സയ്യിദ് ഷാ ഗീലാനിയുടെ ഫ്ളാറ്റ് കാണിച്ചുകൊടുത്തതിന് ശേഷം തിരിച്ചുപോരാന്‍ ശ്രമിക്കുമ്പോള്‍ പൊലീസ് തന്നെ ബലംപ്രയോഗിച്ച് ഒരു മുറിയിലേക്ക് വലിച്ചിഴച്ചതായി ഇഫ്തിഖര്‍ ഗീലാനി പറയുന്നു. മുറിയോട് ചേര്‍ന്നുള്ള ബാത്റൂമില്‍ കയറി ഗീലാനി പത്ര ഓഫീസിലേക്ക് മൊബൈല്‍ സന്ദേശം അയച്ചു. ബാത്റൂമില്‍നിന്ന് ഇറങ്ങിയ ഉടന്‍ പൊലീസ് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. കുറച്ചുകഴിഞ്ഞ് ഗീലാനിയുടെ ഭാര്യയെയും മുറിയിലേക്ക് കൊണ്ട് വന്നു. കുട്ടികള്‍ വീട്ടില്‍ ഒറ്റയ്ക്കാണെന്ന് പറഞ്ഞിട്ടും പൊലീസ് വഴങ്ങിയില്ല. തീര്‍ത്തും മര്യാദയില്ലാതെയായിരുന്നു അവരുടെ പെരുമാറ്റമെന്ന് ഗീലാനിയുടെ ഭാര്യ പറഞ്ഞു. മറ്റ് പത്രക്കാര്‍ ഇടപെട്ടതിന്റെ ഫലമായി അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇരുവരും മോചിക്കപ്പെട്ടത്. എന്‍ഡിഎ സര്‍ക്കാര്‍ 2002-03ല്‍ ഗീലാനിയെ അറസ്റ്റ് ചെയ്ത് ഒന്‍പത് മാസം ജയിലില്‍ അടച്ചിരുന്നു. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. എന്നാല്‍, ഇത് തെറ്റായ ആരോപണമാണെന്ന് കണ്ടെത്തിയതോടെ വിട്ടയക്കേണ്ടിവന്നു.

deshabhimani 110213

No comments:

Post a Comment