Sunday, February 10, 2013

ജില്ലാബാങ്കുകളില്‍ ജനാധിപത്യക്കുരുതി


ജില്ലാബാങ്ക് ഭരണസമിതികളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് കോടതിവിധി ലംഘിച്ചുള്ള അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലൂടെയും വ്യാജവോട്ട് ചേര്‍ത്തും യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു.ഞായറാഴ്ച തെരഞ്ഞെടുപ്പ് നടന്ന 11 ജില്ലയില്‍ പത്തിടങ്ങളില്‍ യുഡിഎഫ് അധികാരം കൈവശപ്പെടുത്തിയപ്പോള്‍ കാസര്‍കോട്ട് കോ-ലീ-ബി സഖ്യം വിജയം തരപ്പെടുത്തി. ജനാധിപത്യ കശാപ്പില്‍ പ്രതിഷേധിച്ച് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിനുമുമ്പേ യുഡിഎഫ് വിജയിച്ചതായി കെപിസിസിക്ക് കീഴിലുള്ള സഹകരണ ജനാധിപത്യവേദി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് വിവാദമായി. തെരഞ്ഞെടുപ്പിനെതിരെ മിക്ക ജില്ലാ ബാങ്കുകളും കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയുടെ തീര്‍പ്പ് അനുസരിച്ചായിരിക്കും അന്തിമഫലപ്രഖ്യാപനമെന്ന് ഹൈക്കോടതി വിധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടന്ന 11 ഇടങ്ങളിലും അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരുന്നു.

തിരുവനന്തപുരം ജില്ലാബാങ്കില്‍ വ്യാജമായി ചേര്‍ത്ത അഞ്ഞൂറിലേറെ വോട്ടുകളുടെ പിന്‍ബലത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. കൊല്ലത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ച മുന്നൂറോളം സംഘങ്ങള്‍ക്ക് വോട്ടവകാശം നല്‍കി ഉദ്യോഗസ്ഥര്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ എല്ലാ ഒത്താശയുംചെയ്തു. എറണാകുളം ജില്ലാ ബാങ്കിലേക്ക് എല്ലാ കുതന്ത്രങ്ങളും പയറ്റിയിട്ടും യുഡിഎഫ് മുന്നണിക്ക് നേടാനായത് നേരിയ വിജയം. 19 സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സഹകരണ സംരക്ഷണ മുന്നണി ഒമ്പതും യുഡിഎഫ് പത്തും സ്ഥാനങ്ങള്‍ നേടി. ആലപ്പുഴയില്‍ കനത്ത പൊലീസ് സന്നാഹത്തോടെയായിരുന്നു തെരഞ്ഞെടുപ്പ്. അഡ്മിനിസ്ട്രേറ്ററെ ഉപയോഗിച്ച് നിരവധി സംഘങ്ങളില്‍നിന്നും യുഡിഎഫ് അനുകൂലികളെ വ്യാജവോട്ടര്‍മാരായി നിശ്ചയിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇടുക്കി തെരഞ്ഞെടുപ്പില്‍ 178 സഹകരണ സംഘങ്ങളെ ഒഴിവാക്കിയ ലിസ്റ്റനുസരിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. ശനിയാഴ്ചവരെ പ്രാബല്യത്തിലുണ്ടായിരുന്ന 480 അംഗ വോട്ടര്‍പട്ടികയില്‍നിന്ന് 178 സംഘങ്ങളെ ഒഴിവാക്കി വോട്ടെടുപ്പ് ദിവസം ലിസ്റ്റുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു. കോട്ടയത്ത് 424 അംഗങ്ങളെ തട്ടിപ്പടച്ച് ചേര്‍ത്ത് അംഗസംഖ്യ 814 ആക്കിയാണ് യുഡിഎഫ് വിജയം ഒപ്പിച്ചത്.

മുമ്പ് 161 എ ക്ലാസ് സംഘങ്ങള്‍ക്കുമാത്രം വോട്ടവകാശമുണ്ടായിരുന്ന തൃശൂര്‍ ജില്ലാ ബാങ്കില്‍ 811 സംഘങ്ങളെയാണ് വോട്ടര്‍മാരാക്കിയത്. ഇതില്‍ പകുതിയിലേറെ പ്രവര്‍ത്തനക്ഷമമല്ലാത്ത കടലാസ് സംഘങ്ങളാണ്. വ്യാജ അംഗത്വം നല്‍കിയത് സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. വയനാട്ടില്‍ ആകെ വോട്ട് ചെയ്ത 181 സംഘങ്ങളില്‍ നൂറിലധികവും കടലാസ് സംഘങ്ങളാണ്. പോളിങ്ങിന് തൊട്ടുമുമ്പാണ് എല്‍ഡിഎഫിന് വോട്ടര്‍പട്ടിക നല്‍കിയത്. ഇതില്‍ വ്യാപക ക്രമക്കേടും നടത്തിയിരുന്നു. നിമവിരുദ്ധ നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്. ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥരെയും പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ചാണ് കണ്ണൂരിലും കാസര്‍കോടും യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. വോട്ടര്‍മാരുടെ ഫോട്ടോ മാറ്റി ഒട്ടിച്ച വോട്ടര്‍പട്ടികയാണ് കണ്ണൂരില്‍ റിട്ടേണിങ് ഓഫീസര്‍ ഉപയോഗിച്ചത്. യുഡിഎഫിന്റെ കൃത്രിമ വോട്ടര്‍പട്ടികയുമായി ബൂത്തിലിരുന്ന അദ്ദേഹം എല്‍ഡിഎഫ് വോട്ടര്‍മാരുടെ കൈയിലുള്ള അധികാരപത്രംപോലും പരിശോധിക്കാതെ വോട്ട് നിഷേധിച്ചു. കാസര്‍കോട് ജില്ലാ ബാങ്ക് ഹാളില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചതുമുതല്‍ യുഡിഎഫ്- ബിജെപിക്കാര്‍ കള്ളവോട്ട് ചെയ്യാന്‍ തുടങ്ങി. വ്യാജ സീലും അഡ്മിനിസ്ട്രേറ്ററുടെ സഹായവും ഉപയോഗപ്പെടുത്തി. ഇതിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ റിട്ടേണിങ് ഓഫീസര്‍ക്ക് നല്‍കിയ പരാതി അവഗണിച്ചു. മലപ്പുറം ജില്ലാബാങ്ക് ഭരണം യുഡിഎഫ് നിലനിര്‍ത്തി. 18 സീറ്റിലും യുഡിഎഫ് വിജയിച്ചു. കോഴിക്കോട്, പത്തനംതിട്ട ജില്ലാ ബാങ്കുകളില്‍ തിങ്കളാഴ്ചയും പാലക്കാട്ട് 12നുമാണ് തെരഞ്ഞെടുപ്പ്.

deshabhimani 110213

No comments:

Post a Comment