Wednesday, February 20, 2013

മാര്‍ച്ച് 25ന് സെക്രട്ടറിയറ്റ്- കലക്ടറേറ്റ് മാര്‍ച്ച്


ജനങ്ങളെയാകെ കടന്നാക്രമിക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 25ന് സെക്രട്ടറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും ബഹുജനമാര്‍ച്ച് നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിലക്കയറ്റവും ക്രമസമാധാനത്തകര്‍ച്ചയും അഴിമതിയും പൊലീസ് രാജും വഴി യുഡിഎഫ് സര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കേന്ദ്രനയം പിന്തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളെയാകെ നാശത്തിലേക്ക് തള്ളിവിടുകയാണെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു.

ഡീസല്‍ വിലവര്‍ധന കെഎസ്ആര്‍ടിസിയെ കടുത്ത പ്രതിസന്ധിയിലാക്കി. എന്നാല്‍, സ്ഥാപനത്തെ രക്ഷിക്കാന്‍ ഒരുനടപടിയുമില്ല. പ്രഖ്യാപിച്ച ധനസഹായം പോലും നല്‍കിയില്ല. ഡീസല്‍ ലിറ്ററിന് 13.38 രൂപയാണ് കെഎസ്ആര്‍ടിസി അധികമായി നല്‍കേണ്ടത്. വൈദ്യുതിബോര്‍ഡ് 15 ദിവസത്തിനകം മൂന്ന് കമ്പനിയാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നു. കുടിവെള്ളവിതരണം സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ യുഡിഎഫ് സര്‍ക്കാര്‍ പുതിയ കമ്പനി രൂപീകരിക്കുകയാണ്. കാര്‍ഷികമേഖല കടുത്ത തകര്‍ച്ച നേരിടുകയാണെങ്കിലും സര്‍ക്കാര്‍ അനങ്ങുന്നില്ല. വിദ്യാഭ്യാസ-വ്യവസായ മേഖലകള്‍തകര്‍ന്നു. ലക്ഷക്കണക്കിന് പരമ്പരാഗത വ്യവസായത്തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി എന്നിവയെ രക്ഷിക്കാന്‍ ജീവനക്കാര്‍ നടത്തുന്ന സമരങ്ങള്‍ക്ക് ജനകീയ പിന്തുണ നല്‍കുമെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു.

അരിക്കും ഭക്ഷ്യധാന്യങ്ങള്‍ക്കും പച്ചക്കറിക്കും വില കുതിച്ചുയരുകയാണ്. ജീവന്‍രക്ഷാമരുന്നുകളുടെ വിലക്കയറ്റം വെല്ലുവിളി ഉയര്‍ത്തുകയാണെങ്കിലും സര്‍ക്കാര്‍ അനങ്ങുന്നില്ല. സേവനമേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയാണ്. സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങളും കവര്‍ച്ചക്കാരും അഴിഞ്ഞാടുകയാണ്. കൊലപാതകവും കവര്‍ച്ചയും പിടിച്ചുപറിയും സ്ത്രീപീഡനവും പെരുകി. പെണ്‍വാണിഭസംഘങ്ങള്‍ക്കും മാഫിയാസംഘങ്ങള്‍ക്കും മുമ്പില്‍ മുട്ടുവിറയ്ക്കുന്ന പൊലീസ് രാഷ്ട്രീയവിരോധം വച്ച് കള്ളക്കേസുകള്‍ കെട്ടിച്ചമയ്ക്കുന്നതില്‍ വൈദഗ്ധ്യം പ്രകടിപ്പിക്കുന്നു. കള്ളസാക്ഷികളെ സൃഷ്ടിച്ച് പൊതുപ്രവര്‍ത്തകരെ കേസില്‍ കുടുക്കുന്ന പൊലീസ് കോണ്‍ഗ്രസ്-മുസ്ലിംലീഗ് നേതാക്കളുടെ നിയമലംഘനങ്ങള്‍ക്കു മുമ്പില്‍ കണ്ണടയ്ക്കുന്നു. എല്‍ഡിഎഫ് ഭരണത്തില്‍ വൈദഗ്ധ്യത്തോടെ അന്വേഷണം നടത്തിയ പൊലീസ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഷണ്ഡീകരിക്കപ്പെട്ടു. അഴിമതിക്കേസുകളില്‍ പെട്ട മുഖ്യമന്ത്രിയെയും മന്ത്രിമാരെയും രക്ഷിക്കാന്‍ യുഡിഎഫ് നിയമവ്യവസ്ഥ അട്ടിമറിക്കുകയാണ്. ജനകീയപ്രതിഷേധം ശക്തമാകുമ്പോള്‍ യുഡിഎഫ് ഭരണം സ്വാഭാവികമായി തന്നെ അവസാനിക്കുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

deshabhimani 200213

No comments:

Post a Comment