Saturday, February 16, 2013

''അമൃത ഞങ്ങളുടെ ചുണക്കുട്ടി''


തിരുവനന്തപുരം ആള്‍ സെയിന്റ്‌സ് കോളജ് വിദ്യാര്‍ഥിനിയായ അമൃതാമോഹനനും കുട്ടൂകാരികള്‍ക്കുമെതിരെ അശ്ലീലം പറയുകയും ശല്യം ചെയ്യുകയും ചെയ്ത സംഘത്തെ കായികമായി അവര്‍ നേരിട്ട സംഭവം സ്ത്രീകളുടെ പ്രതിരോധസമരങ്ങള്‍ക്ക് ആവേശം പകര്‍ന്നിരിക്കുന്നു.  വണ്‍ ബില്ല്യണ്‍ റൈസിംഗിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പെണ്‍കുട്ടികളുടെ ഇരുചക്രവാഹനറാലി സംഭവ ദിവസം നയിച്ചത് അമൃതമോഹനനായിരുന്നു.പാളയം രക്തസാക്ഷി മണ്ഡപം മുതല്‍ ശംഖുമുഖം വരെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ അമൃതറാലിക്ക് നേതൃത്വം നല്‍കുകയുണ്ടായി. വീരജേതാവിനെപ്പോലെ ശംഖുംമുഖത്തെ കല്‍മണ്ഡപത്തിനോട് ചേര്‍ന്ന് കെട്ടിയുയര്‍ത്തിയ സ്റ്റേജിനരികിലേക്ക് ഇരുചക്രവാഹനത്തില്‍ അമൃതയും കൂട്ടരും കടന്നു വന്നത് ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. ആരാണീ മിടുക്കിയെന്ന ചോദ്യം സദസ്സില്‍ പലരും ഉയര്‍ത്തുന്നുണ്ടായിരുന്നു.

അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ ഉയര്‍ത്തിയ തികച്ചും നൂതനമായ ഒരു പ്രതിഷേധരീതിയില്‍ അത്ഭുതം കുറിനിന്നവരെ ഒന്നുകൂടി അതിശയിപ്പിക്കുന്നതായിരുന്നു അമൃതയുടെ ഉറുമി ചുഴറ്റിയുള്ള അഭ്യാസപ്രകടനവും കരാട്ടെയും. ഇവള്‍ ധീരയെന്ന് എല്ലാവരും പറഞ്ഞു. തുടര്‍ന്ന് നാഷണല്‍ ചാനലുകള്‍ അമൃതയോട് ചോദിച്ചു. എന്തുകൊണ്ട് ഈ സമരരീതി തെരഞ്ഞെടുത്തു എന്ന്. എന്തുകൊണ്ട് തനിക്കായി കൂടാ. താന്‍ എല്ലാം തികഞ്ഞൊരു പെണ്‍കുട്ടിയാണ്. സുതാര്യമാണ് ഞങ്ങളുടെ ചിന്തകള്‍. ഞങ്ങള്‍ തികച്ചും മാതൃകാപരമായി ജീവിക്കുന്നവരാണ് എന്നാണ് തലയുയര്‍ത്തിപ്പിടിച്ച് അമൃത മറുപടി നല്‍കിയത്.

സ്ത്രീ എന്ന നിലയിലുള്ള ഈ ആത്മവിശ്വാസം പ്രകടിപ്പിച്ച് അധികം വൈകുംമുന്‍പാണ് അമൃതയ്ക്ക് അങ്ങേയറ്റം നിന്ദ്യമായ അനുഭവമുണ്ടായത്. ശംഖുംമുഖത്തുനിന്നും മടങ്ങും വഴി കുടുംബവുമൊത്ത് ഭക്ഷണം കഴിക്കാനൊരുങ്ങവേ, തട്ടുകടയ്ക്കു സമീപം വന്ന ചിലര്‍ അശ്ലീലം കലര്‍ന്ന ഭാഷയില്‍ ആദ്യം അമൃതയുടെ കൂട്ടുകാരിയോട് സംസാരിച്ചു. മാന്യമായി സംസാരിക്കണമെന്നവള്‍ താക്കീതു നല്‍കിയതിനുശേഷം കാറില്‍ വന്ന നാല്‍വര്‍ സംഘം കാറില്‍ തന്നെ മുന്നോട്ടു പോയെങ്കിലും ഉടന്‍ മടങ്ങി വന്ന് സഭ്യേതരമല്ലാത്ത രീതിയില്‍ അമൃതയേയും കൂട്ടുകാരികള്‍ക്കും നേരെ ശകാരവര്‍ഷം തുടങ്ങി. പ്രതികരിക്കാതിരിക്കാനാവില്ല എന്ന നില വന്നതോടെ അമൃത സംഘത്തെ കായികമായി നേരിട്ടു. അച്ഛനെ അവര്‍ ഇതിനിടെ പിടിച്ചു തള്ളിയതോടെ അമൃത അയാളെ പിടിച്ചു തറയില്‍ മലര്‍ത്തിയിട്ട് ചവിട്ടി. ഇതോടെ സംഘം ഭയന്ന് കാറുപേക്ഷിച്ച് ചിതറിയോടി. തട്ടുകടയ്ക്കു സമീപം നിന്നവരും അപ്പോഴേക്കും കുപിതരായി അമൃതയ്ക്ക് പിന്തുണയുമായെത്തി. ഇതിനിടയില്‍ ഈ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്താനും ചിലര്‍ മറന്നില്ല. പരാതിയുണ്ടോ എന്ന പൊലീസിന്റെ ചോദ്യത്തിന് കാര്‍ നമ്പറടക്കം എഴുതി പരാതി നല്‍കിയാണ് അമൃതയും കുടുംബവും വീട്ടിലേക്ക് മടങ്ങിയത്.

സ്ത്രീസുരക്ഷാബില്‍ സംസ്ഥാനസര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്ന വേളയില്‍, നൂറുകോടി ജനങ്ങള്‍ സ്ത്രീസുരക്ഷയ്ക്കുവേണ്ടി സമരം ചെയ്തും നൃത്തം ചെയ്തും ഉണര്‍ന്നെണീറ്റ് മണിക്കൂറുകള്‍ക്കകമാണ് അതിന്റെ ഭാഗമായി സജീവമായി നിന്ന അമൃതമോഹനന് ഈ അനുഭവമുണ്ടായത്. ചില അവസരങ്ങളില്‍ കായികമായി നേരിടേണ്ടി വരുമെന്നും അത് തങ്ങളുടെ സുരക്ഷയ്ക്ക് നല്ല ഫലം ചെയ്യുന്നുണ്ടെന്നും ഇപ്പോള്‍ ബോധ്യമായെന്ന് അമൃത ജനയുഗത്തോട് പറഞ്ഞു. താന്‍ കരാട്ടെയും കളരിയുമൊക്കെ അഭ്യസിച്ചത് ഇതിനൊക്കെ വേണ്ടിതന്നെയാണ്. അമൃത ഞങ്ങളുടെ ചുണക്കുട്ടിയാണെന്ന് നഗരത്തിലെ കോളജു വിദ്യാര്‍ഥിനികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. പിന്തുണയുടെ പ്രവാഹമാണ് നേരം പുലര്‍ന്നതു മുതല്‍ തനിക്കെന്നത് നല്ല ലക്ഷണമായിട്ടാണ് താന്‍ കാണുന്നതെന്നും അമൃത പറഞ്ഞു. കരാട്ടെയും കളരിയും പഠിക്കാനുള്ള സ്ഥലങ്ങള്‍ പെണ്‍കുട്ടികള്‍ അന്വേഷിച്ചു തുടങ്ങിയിരിക്കുന്നു.

പ്രൈമറി തലം മുതല്‍ പെണ്‍കുട്ടികള്‍ക്ക് ആയോധനകല പാഠ്യവിഷയമാക്കണമെന്ന് സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായുള്ള നിയമസഭാസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത് ഈ സംഭവത്തോടെ അര്‍ഥവത്താക്കുന്നു.

കഴിഞ്ഞവര്‍ഷം ജൂണില്‍ അച്ഛനൊപ്പം രാത്രിയില്‍ ബൈക്കില്‍ യാത്രചെയ്യവേ ആകാംക്ഷ ഗൗട്ട എന്ന 16 വയസ്സുകാരിക്കുണ്ടായ അനുഭവം ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. വിജനമായ വഴിയില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ആകാംക്ഷയെ ആക്രമിക്കാന്‍ ഒരുങ്ങിയ നാല്‍വര്‍ സംഘത്തെ ആകാംക്ഷ ബഌക്ക്ബല്‍ട്ടിന്റെ ബലത്തില്‍ കൈകാര്യം ചെയ്തതോടെ മൂന്നുപേര്‍ രക്ഷപ്പെട്ടെങ്കിലും ഒരുത്തനെ തൂക്കിയെടുത്ത് സ്ഥലത്തെത്തിയ പൊലീസ് ജീപ്പിലേക്കിട്ട ആകാംക്ഷ. ഛത്തീസ്ഗഢിന്റെ ഈ വീരമകളെ ധീരതയക്കുള്ള ബാബു ഗൈധാനി പുരസ്‌ക്കാരം നല്‍കിയാണ് രാജ്യം ആദരിച്ചത്.

വര്‍ധിച്ചുവരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ നൂതനമാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞു തുടങ്ങി. വണ്‍ ബില്ല്യണ്‍ റൈസിംഗ് ക്യാമ്പെയിന്‍ ആ ദിശയിലേക്കുള്ള പുതിയ നീക്കങ്ങള്‍ക്ക് നാന്ദി കുറിച്ചിരിക്കയാണ്.

janayugom

No comments:

Post a Comment