Saturday, February 16, 2013
അഴിമതിക്ക് പച്ചക്കൊടി
അഴിമതിക്കെതിരായ വിജിലന്‍സ് അന്വേഷണസംവിധാനം തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ രഹസ്യ പദ്ധതിയുടെ ഫലമായി അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ സംഖ്യ ഗണ്യമായി താണു.
ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് 89 ശതമാനം കുറ്റവാളികളായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 47 ശതമാനമായി കുത്തനെ താണത് ആശങ്കാജനകമായ പ്രവണതയാണെന്ന് വിജിലന്‍സ്-അഴിമതി നിരോധന വകുപ്പിലെ ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തി. അഴിമതി അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വര്‍ധിക്കുന്നുവെന്നും കേസുകള്‍ തേച്ചുമാച്ചുകളയാന്‍ വിജിലന്‍സ് വിഭാഗത്തിനുമേല്‍ സമ്മര്‍ദ്ദമേറുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെയുള്ള കേസുകള്‍ അട്ടിമറിക്കാനും എഴുതിത്തള്ളാനുമുള്ള നീക്കങ്ങള്‍ അഴിമതി നിരോധന സംവിധാനത്തെ നോക്കുകുത്തിയാക്കുന്നതിന്റെ ഉദാഹരണമാണെന്ന ആരോപണം വിജിലന്‍സ് കേന്ദ്രങ്ങള്‍ തന്നെ ഉയര്‍ത്തിക്കഴിഞ്ഞു. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ അവസാനത്തെ രണ്ടുവര്‍ഷങ്ങളില്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസുകളുടെ എണ്ണം യഥാക്രമം 423 ഉം 442 ഉം ആയിരുന്നത് യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ 246 ഉം 119 ഉം ആയി കുത്തനെ താണത് യാദൃശ്ചികമായി കരുതാനാവില്ലെന്നും ഈ കേന്ദ്രങ്ങള്‍ കരുതുന്നു.
അന്വേഷണഘട്ടത്തില്‍ തന്നെ അഴിമതിക്കേസുകള്‍ എഴുതിത്തള്ളുന്ന പ്രവണതയേറുന്നുവെന്ന് മാത്രമല്ല വിജിലന്‍സ് വിഭാഗത്തില്‍ സമ്മര്‍ദ്ദം ചെലുത്തി അഴിമതിക്കേസുകള്‍ മന്ദഗതിയിലാക്കാനുള്ള തന്ത്രവും വ്യാപകമായി അരങ്ങേറുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുട്ടിയും കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പ്രതികളായ 256 കോടിയുടെ ടൈറ്റാനിയം മാലിന്യസംസ്‌ക്കരണ പ്ലാന്റ് അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തത് 2006-ലായിരുന്നു. ഏഴുവര്‍ഷമായിട്ടും ഇതുവരെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടുപോലും സമര്‍പ്പിക്കാത്തതിന് വിജിലന്‍സ്-അഴിമതി നിരോധന വിഭാഗത്തെ തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി എസ് മോഹന്‍ദാസ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച നിശിതമായി വിമര്‍ശിക്കുകയും ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കര്‍ശനനിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
സര്‍ക്കാരിന്റെ സമ്മര്‍ദ്ദം മൂലമാണ് യഥാസമയം അന്വേഷണം പൂര്‍ത്തിയാക്കാനും അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയാതെയും വരുന്നതെന്ന് വിജിലന്‍സ് ആസ്ഥാനവൃത്തങ്ങള്‍ വെളിപ്പെടുത്തി. അഴിമതിക്കാരെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങളുടെ ഭാഗമായി ബലിയാടുകളാവുന്നത് വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും വിജിലന്‍സിന്റെ തലപ്പത്തുതന്നെ പരാതികള്‍ പെരുകുന്നു. ടൈറ്റാനിയം അഴിമതി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയുടെ ശിക്ഷണനടപടിയുടെ നിഴലില്‍പ്പോലും എത്തിയിരിക്കുന്നത് ഒരുദാഹരണം മാത്രമാണ്.
സൈന്‍ബോര്‍ഡ് അഴിമതിക്കേസ് എഴുതിത്തള്ളാന്‍ വിജിലന്‍സ് വിഭാഗത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ നിര്‍ദേശം വിജിലന്‍സ് കോടതി അസാധുവാക്കിയത് ഏതാനും മാസം മുമ്പാണ്. അഴിമതിക്കേസുകള്‍ അട്ടിമറിക്കാന്‍ ആസൂത്രിതവും വ്യാപകവുമായ നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതിനു പുറമെ അഴിമതി അന്വേഷണ സംവിധാനം തകര്‍ക്കാനുള്ള പദ്ധതിയും നടപ്പാക്കിത്തുടങ്ങി. അജ്ഞാത നാമാക്കളില്‍ നിന്നുമുള്ള അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള പരാതികളിന്മേല്‍ ഇനിമേല്‍ അന്വേഷണമില്ലെന്ന് കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചത് അഴിമതിവീരന്മാരെ സഹായിക്കാനാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ഊരോ പേരോ ഇല്ലാതെ അഴിമതിക്കാര്‍ക്കെതിരെ പരാതി കിട്ടിയാല്‍ അന്വേഷിക്കുകയും ഈ കേസുകളില്‍ കുടുങ്ങിയ മഹാഭൂരിഭാഗവും ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. അഴിമതി തുറന്നുകാട്ടാനുള്ള ഈ സംവിധാനം പാളിയതോടെ ഈ വര്‍ഷം അഴിമതിക്കേസുകള്‍ നൂറിനുതാഴെയായി മുതലക്കൂപ്പുകുത്തുമെന്നും കുംഭകോണങ്ങളുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നുമുള്ള ആശങ്കയും വിജിലന്‍സ്-അഴിമതി നിരോധനവകുപ്പിന്റെയൊ കൊമ്പത്തുള്ളവര്‍ക്കുണ്ട്.
അതേസമയം അഴിമതി അന്വേഷണ സംവിധാനം അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന് അനുരോധമായി കേന്ദ്ര വിജിലന്‍സ് കമ്മിഷനും പേരില്ലാത്ത പരാതിക്കാരുടെ അഴിമതി ആരോപണങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതും വിവാദത്തിലേക്ക്. അഴിമതി മൂടിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതിയുടെ ഭാഗമാണ് കേരളത്തില്‍ ദൃശ്യമാകുന്നതെന്ന സംശയവും ഇതോടെ ബലപ്പെടുന്നു.
(കെ രംഗനാഥ്) janayugom 160213
Labels:
അഴിമതി,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment