Tuesday, February 12, 2013

പയ്യാമ്പലത്ത് ചരിത്രം ആവര്‍ത്തിച്ചു വീണ്ടും ഹീനമായ അട്ടിമറി


കണ്ണൂര്‍: ചരിത്രത്തിന്റെ തനിയാവര്‍ത്തനത്തിനാണ് പയ്യാമ്പലത്തെ ഗവ. ടീച്ചേഴ്സ് ട്രെയിനിങ് സ്കൂള്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. 1994ല്‍, അന്നത്തെ സഹകരണമന്ത്രി എം വി രാഘവന്‍ നേരിട്ടു നേതൃത്വം നല്‍കി നടത്തിയ കുപ്രസിദ്ധമായ എ കെ ജി ആശുപത്രി പിടിച്ചെടുക്കലിന് സമാനമായി മറ്റൊരു തെരഞ്ഞെടുപ്പ് അട്ടിമറി. ഒരൊറ്റ വ്യത്യാസം. എ കെ ജിയുടെ സഹധര്‍മിണിയും ലോക്സഭയിലെ സിപിഐ എം ഉപനേതാവുമായ സുശീല ഗോപാലന്‍, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും എംഎല്‍എയുമായിരുന്ന ഇ പി ജയരാജന്‍ എന്നിവരടക്കമുള്ള നേതാക്കളെയും എല്‍ഡിഎഫ് പോളിങ് ഏജന്റുമാരേയും ബൂത്തില്‍ നിഷ്ഠൂരമായി മര്‍ദിച്ച്്, അറസ്റ്റു ചെയ്ത് നീക്കിയാണ് അന്ന് യുഡിഎഫ് സര്‍ക്കാര്‍ സഹകരണ ജനാധിപത്യം നടപ്പാക്കിയത്. ഇക്കുറി ആരെയും തല്ലിച്ചതയ്ക്കാനോ അറസ്റ്റുചെയ്യാനോ അവസരം ലഭിച്ചില്ലെന്നു മാത്രം.

എ കെ ജി ആശുപത്രി തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ നടപ്പാക്കിയതുപോലെ വോട്ടര്‍പട്ടികയില്‍ എല്‍ഡിഎഫ് വോട്ടര്‍മാരുടെ ഫോട്ടോ മാറ്റുന്ന തന്ത്രമാണ് ഞായറാഴ്ചത്തെ ജില്ലാ ബാങ്ക് തെരഞ്ഞെടുപ്പിലും പ്രയോഗിച്ചത്. സംഘം നല്‍കിയ അധികാരപത്രത്തില്‍ പ്രതിനിധിയുടെ ചിത്രത്തിനു പകരം മറ്റാരുടെയെങ്കിലും ചിത്രം. സംഘത്തിന്റെ സീലും ചീഫ് എക്സിക്യൂട്ടീവിന്റെ ഒപ്പും കൃത്യം. ഫോട്ടോയില്‍ മാറ്റമുണ്ടെന്നു പറഞ്ഞാണ് എല്‍ഡിഎഫ് പോളിങ് ഏജന്റുമാര്‍ക്കുപോലും റിട്ടേണിങ് ഓഫീസര്‍ വോട്ടവകാശം നിഷേധിച്ചത്. സഹകരണനിയമവും ചട്ടങ്ങളും കോടതിവിധികളും കാറ്റില്‍പറത്തി ജനാധിപത്യധ്വംസനമാണ് ഇവിടെ നടമാടിയത്. യുഡിഎഫിന്റെ നെറികെട്ട കളിക്ക് റിട്ടേണിങ് ഓഫീസറും ഇലക്ടറല്‍ ഓഫീസറും ലജ്ജയില്ലാതെ കൂട്ടുനിന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

ക്രെഡിറ്റ്/ക്രെഡിറ്റിതര മേഖലയിലായി എഴുന്നൂറില്‍പരം സംഘങ്ങളാണ് യഥാര്‍ഥത്തില്‍ ജില്ലാ ബാങ്ക് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യേണ്ടത്. ഇതില്‍ അഞ്ഞൂറിലേറെ സംഘങ്ങളും എല്‍ഡിഎഫ് നിയന്ത്രണത്തിലാണ്. നിയമാനുസൃതം തെരഞ്ഞെടുപ്പു നടന്നാല്‍ എല്‍ഡിഎഫ് വിജയം സുനിശ്ചിതമെന്നറിയുന്ന യുഡിഎഫ് തുടക്കം മുതല്‍ അതിനീചമായ കുതന്ത്രങ്ങള്‍ക്കു കോപ്പുകൂട്ടുകയായിരുന്നു. വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായിക്കിടക്കുന്നതും ലിക്വിഡേറ്റു ചെയ്തവയുമടക്കമുള്ള സംഘങ്ങളെ ചേര്‍ത്ത് വോട്ടര്‍പട്ടികയുണ്ടാക്കി. 203 ലിക്വിഡേറ്റ് സംഘമുള്‍പ്പെടെ അഞ്ഞൂറ്റമ്പതോളം പ്രവര്‍ത്തനരഹിത സംഘങ്ങളെയാണ് ഇത്തരത്തില്‍ പട്ടികയില്‍ തിരുകിക്കയറ്റിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ നിതാന്ത ജാഗ്രതയും ഹൈക്കോടതി ഇടപെടലുണ്ടായതോടെ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റ യുഡിഎഫ്, കെ സുധാകരന്റെ വലംകൈയായ ജില്ലാബാങ്ക് ഗുമസ്തന്റെ നേതൃത്വത്തില്‍ അറ്റകൈ പ്രയോഗത്തിനു തുനിഞ്ഞു. ഇലക്ടറല്‍ ഓഫീസര്‍ ഹൈക്കോടതി നിര്‍ദേശം ലംഘിച്ച് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാതിരുന്നതും വോട്ടെടുപ്പിന് കൃത്രിമ വോട്ടര്‍പട്ടിക ഉപയോഗിച്ചതുമെല്ലാം ഇതിന്റെ ഭാഗമാണ്. വോട്ടര്‍പട്ടിക തന്റെ കസ്റ്റഡിയിലോ അധീനതയിലോ ഇല്ലെന്നാണ് ഇലക്ടറല്‍ ഓഫീസര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ രേഖാമൂലം അറിയിച്ചത്. ജില്ലാബാങ്ക് നല്‍കിയ രേഖകളില്‍ നിങ്ങളുടെ ഫോട്ടോ കാണുന്നില്ലെന്ന് ഞായറാഴ്ച റിട്ടേണിങ്് ഓഫീസറും വോട്ടര്‍മാര്‍ക്ക് എഴുതി നല്‍കിയിട്ടുണ്ട്. ജില്ലാ ബാങ്കിനു വെളിയില്‍ ഏതോ അജ്ഞാതകേന്ദ്രത്തില്‍ പടച്ചുണ്ടാക്കിയ വോട്ടര്‍പട്ടികയാണ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതെന്നതിന് ഇതില്‍പരം തെളിവുവേണ്ട.

വോട്ടര്‍മാരുടെ എണ്ണം സംബന്ധിച്ച് യുഡിഎഫിനെ പിന്തുണയ്ക്കുന്ന പത്രങ്ങള്‍ പോലും പരസ്പരവിരുദ്ധ വാര്‍ത്ത നല്‍കിയതും തെരഞ്ഞെടുപ്പിലെ കള്ളക്കളികളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പുതിയ സംഘങ്ങുള്‍പ്പെടെ വോട്ടവകാശമുള്ള 1267 സംഘങ്ങളുണ്ടെന്നാണ് ഇലക്ടറല്‍ ഓഫീസര്‍ തുടക്കത്തില്‍ പറഞ്ഞിരുന്നത്. 1063 സംഘങ്ങളുണ്ടെന്ന് എട്ടിന് മലയാളമനോരമ, മാതൃഭൂമി പത്രങ്ങള്‍ വാര്‍ത്ത നല്‍കി. അതേദിവസം ദീപികയില്‍ സംഘങ്ങളുടെ എണ്ണം 1057ഉം. ഞായറാഴ്ച മനോരമ വീണ്ടും തിരുത്തി- 1170 സംഘങ്ങള്‍ക്ക് വോട്ടവകാശമുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

അക്രമം ലക്ഷ്യമിട്ട് ക്വട്ടേഷന്‍ സംഘങ്ങളെയും ഇറക്കി

കണ്ണൂര്‍ ജില്ലാ സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ അക്രമം ലക്ഷ്യമിട്ട് യുഡിഎഫ് ക്വട്ടേഷന്‍ സംഘങ്ങളെയും കണ്ണൂരിലെത്തിച്ചു. തൃശൂര്‍ ചാലക്കുടി, എറണാകുളം കടവന്ത്ര എന്നിവിടങ്ങളില്‍ രണ്ട് കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളെയാണ് കെ സുധാകരന്റെ നേതൃത്വത്തില്‍ ചുമതലപ്പെടുത്തിയത്. ഇവരെ കണ്ണൂരിലെ രണ്ട് പ്രമുഖ ലോഡ്ജുകളില്‍ താമസിപ്പിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണസ്വാധീനം ഉപയോഗിച്ച് നടത്തിയ ക്രമക്കേട് തിരിച്ചറിഞ്ഞ് എല്‍ഡിഎഫ് ബഹിഷ്കരിച്ചതിനാലാണ് അക്രമപദ്ധതി നടപ്പിലാകാഞ്ഞത്. മത്സരത്തിന് എല്‍ഡിഎഫ് തയ്യാറായാല്‍ പരാജയം മുമ്പില്‍കണ്ട് അക്രമം നടത്തുകയായിരുന്നു പദ്ധതി. കൊലക്കേസ് പ്രതികളും സ്ഥിരം ക്രിമിനലുകളും അടക്കമുള്ളവര്‍ സംശയാസ്പദ സാഹചര്യത്തില്‍ പ്രമുഖ ഹോട്ടലുകളില്‍ കഴിഞ്ഞിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ല. ജില്ലയുടെ സമാധാനം തകര്‍ക്കാന്‍ ബോംബിന്റെയും ആയുധങ്ങളുടെയും മാര്‍ഗം സ്വീകരിച്ച കെ സുധാകരന്‍ ജനാധിപത്യഹിംസയ്ക്കും ക്വട്ടേഷന്‍ സംഘങ്ങളുടെ സഹകരണം തേടുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് തൃശൂരിലെ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘങ്ങളെ മധുരജോഷിയെന്ന ക്രിമിനലിന്റെ നേതൃത്വത്തില്‍ കണ്ണൂരിലെത്തിച്ചിരുന്നു. കാക്കത്തൊമ്മന്‍, ചാര്‍ലി തുടങ്ങിയ കൊടുംക്രിമിനലുകളും സംഘത്തിലുണ്ടായിരുന്നു. പ്രശ്നം വിവാദമായപ്പോള്‍ ഇവര്‍ തന്റെ "ബിസിനസ്" പങ്കാളികളാണെന്നായിരുന്നു സുധാകരന്റെ അവകാശവാദം. ഗുണ്ടകള്‍ കണ്ണൂരിലെത്തിയത് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുധാകരന്‍ ലക്ഷ്യമിട്ട ചോരക്കളി മുടങ്ങിയത്. ഗുണ്ടകളുടെ തടിമിടുക്കില്‍ ജനാധിപത്യം കശാപ്പ് ചെയ്യുന്ന സുധാകരന്റെ തീക്കളിക്ക് കൂട്ടുനില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

ഭര്‍ത്താവിന്റെ പാനലിനായി ചട്ടങ്ങള്‍ കാറ്റില്‍പറത്തി

ആലപ്പുഴ: ഭര്‍ത്താവുള്‍പ്പെട്ട യുഡിഎഫ് പാനലിനെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ റിട്ടേണിങ് ഓഫീസര്‍ നടത്തിയ വഴിവിട്ടനീക്കങ്ങള്‍ വിവാദമായി. ജില്ലാ സഹകരണബാങ്ക് ഭരണസമിതിയിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിലാണ് റിട്ടേണിങ് ഓഫീസറുടെ ഭര്‍ത്താവ് വേണുപ്രസാദ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ഈ പാനലിനെ വിജയിപ്പിക്കാന്‍ റിട്ടേണിങ് ഓഫീസര്‍ ചട്ടങ്ങളും മര്യാദകളും കാറ്റില്‍പറത്തി പ്രവര്‍ത്തിച്ചതായാണ് ആക്ഷേപമുയര്‍ന്നത്. തെരഞ്ഞെടുപ്പ് പ്രാഥമികനടപടിക്രമങ്ങള്‍തൊട്ട് റിട്ടേണിങ് ഓഫീസര്‍ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ സഹകരണ തെരഞ്ഞെടുപ്പ് കമീഷണര്‍ നിര്‍ദേശിച്ചപ്രകാരം ഏഴിന് വൈകിട്ടുവരെ സമര്‍പ്പിച്ച പ്രതിനിധിപത്രത്തിന്റെ അടിസ്ഥാനത്തിലുള്ള സംഘം പ്രതിനിധികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ റിട്ടേണിങ് ഓഫീസര്‍ തയ്യാറായില്ല. ഏഴിന് വൈകിട്ട് ലിസ്റ്റ് ആവശ്യപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പൊലീസിനെ ഉപയോഗിച്ച് നീക്കി. കൂടുതല്‍ പ്രതിനിധികളുടെ പേര് ഉള്‍പ്പെടുത്തി എട്ടിന് വൈകിട്ടാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഈ ലിസ്റ്റില്‍പോലും ഇല്ലാത്ത പ്രതിനിധികളെവരെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചു. എല്‍ഡിഎഫ് പാനലില്‍ മത്സരിച്ച സ്ഥാനാര്‍ഥികളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് റിട്ടേണിങ് ഓഫീസര്‍ ഈ ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിച്ചത്. പ്രതിനിധിപത്രവും ലിസ്റ്റും പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും. സ്ഥാനാര്‍ഥിയുടെ വോട്ടുചെയ്യാന്‍വരെ വ്യാജപ്രതിനിധിപത്രവുമായി യുഡിഎഫ് നിയോഗിച്ച ആളെ എല്‍ഡിഎഫ് എതിര്‍ത്തിട്ടുപോലും തടയാന്‍ റിട്ടേണിങ് ഓഫീസര്‍ തയ്യാറായില്ല. ഓണാട്ടുകര വില്ലേജ് വ്യവസായ സഹകരണസംഘം പ്രതിനിധിയും സ്ഥാനാര്‍ഥിയുമായ ഇക്ബാലിന്റെ വോട്ട് രേഖപ്പെടുത്താനാണ് വ്യാജപ്രതിനിധിയെ അനുവദിച്ചത്. ഇക്ബാല്‍ നേരത്തെ വോട്ടുചെയ്തതുകൊണ്ടുമാത്രം വ്യാജന് തിരികെപോകേണ്ടിവന്നു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ റെക്കോഡ് ചെയ്ത വീഡിയോഗ്രാഫില്‍ ഇത് വ്യക്തമാണ്.

അടുത്ത സ്കൂളില്‍ ക്യാമ്പ്ചെയ്ത് വ്യാജ പ്രതിനിധിപത്രമുണ്ടാക്കി വ്യാജസീലും ഒപ്പും രേഖപ്പെടുത്തി ഒരുസഹകരണസംഘം സെക്രട്ടറി കള്ളവോട്ടുചെയ്യാന്‍ ഒത്താശ ചെയ്തുകൊടുക്കുന്നതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ റിട്ടേണിങ് ഓഫീസറെ അറിയിച്ചിട്ടും പ്രതിനിധിപത്രംമാത്രം വാങ്ങി സംഘം ഭരണസമിതി തീരുമാനവും ഐഡന്റിറ്റി കാര്‍ഡുമില്ലാത്തവരെ വോട്ടുചെയ്യാന്‍ അനുവദിക്കുകയായിരുന്നു. ഒരുവര്‍ഷത്തില്‍ കൂടുതല്‍ കാലയളവില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലിരിക്കുന്ന സഹകരണസംഘങ്ങളുടെ പ്രതിനിധിയെ തീരുമാനിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ക്ക് സര്‍ക്കാര്‍ അനുവാദം വേണമെന്നിരിക്കെ ഇതില്ലാതെ അഡ്മിനിസ്ട്രേറ്ററുടെ വ്യാജസീലും ഒപ്പുമായെത്തിയ 220 സംഘങ്ങളുടെ പ്രതിനിധികള്‍ക്ക് വോട്ടുചെയ്യാന്‍ അനുമതി നല്‍കി. ഇതും വീഡിയോ ചിത്രത്തിലുണ്ട്. ലിക്വിഡേഷനിലുള്ള സംഘങ്ങള്‍ക്ക് ഒരുവര്‍ഷം കഴിഞ്ഞാല്‍ പുനരുദ്ധരിക്കാന്‍ അനുവാദം നല്‍കാന്‍ കഴിയില്ലെന്ന സഹകരണനിയമത്തിനു വിരുദ്ധമായി 475 സംഘങ്ങളെ പുനരുദ്ധരിക്കാന്‍ തീരുമാനിക്കുകയും അവയുടെ പ്രതിനിധികളെ നിയമവിരുദ്ധമായി വോട്ടുചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ എതിര്‍ത്തിട്ടും റിട്ടേണിങ് ഓഫീസര്‍ ഇതിനെല്ലാം കൂട്ടുനിന്നു. പ്രതിനിധിപത്രങ്ങള്‍ ഒത്തുനോക്കി ഐഡന്റിറ്റി ബോധ്യപ്പെടാന്‍പോലും തയ്യാറാകാതെയാണ് വ്യാജന്മാരെ വോട്ടുചെയ്യാന്‍ അനുവദിച്ചത്. സ്വജനപക്ഷപാതവും ജനാധിപത്യധ്വംസനവും നടത്തിയ സാഹചര്യത്തില്‍ നീതിപൂര്‍വമല്ലാത്ത തെരഞ്ഞെടുപ്പ് വിധി പ്രഖ്യാപിക്കുന്നതില്‍നിന്നും പിന്തിരിയണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ റിട്ടേണിങ് ഓഫീസറോട് രേഖാമൂലം ആവശ്യപ്പെട്ടു. എന്നാല്‍ വോട്ടെണ്ണി യുഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചതായി റിട്ടേണിങ് ഓഫീസര്‍ പ്രഖ്യാപിക്കുകയായിരുന്നു.

പ്രസിദ്ധീകരിച്ചത് കൃത്രിമ വോട്ടര്‍ പട്ടിക

ആലപ്പുഴ: ജില്ലാ സഹകരണബാങ്ക് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥസംഘം അര്‍ഹതയില്ലാത്ത സംഘങ്ങളുടെ പേരില്‍ യുഡിഎഫുകാരെ കുത്തിനിറച്ച് വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചതായി സഹകരണ ജനാധിപത്യ മുന്നണി ആരോപിച്ചു. നിയമപരമായി വോട്ടിന് അവകാശമില്ലാത്ത 352 സംഘങ്ങളെ നിയമവിരുദ്ധമായി ഉള്‍പ്പെടുത്തിയാണ് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. ഇവയില്‍ പല സംഘങ്ങളും ലിക്വിഡേറ്റ് ചെയ്യപ്പെട്ടതാണ്.മഹാഭൂരിപക്ഷം സംഘങ്ങള്‍ക്കും പ്രവര്‍ത്തനമോ പ്രവര്‍ത്തകരോ ഇല്ല. ഈ സംഘങ്ങളില്‍ അഡ്മിനിസ്ട്രേറ്റര്‍മാരായി ഉദ്യോഗസ്ഥരെ നിയമിച്ച് അവരെ ഉപയോഗിച്ച് പ്രതിനിധികളെ കൊണ്ടുവന്ന് വോട്ടുചെയ്യിക്കുവാനാണ് ശ്രമം. പുതിയ സഹകരണനിയമം ഈ നീക്കത്തിന് തടസ്സമാണ്.

ഓരോ സംഘത്തിന്റെയും ഭരണസമിതി അധികാരപ്പെടുത്തിയ പ്രതിനിധി ആരാണെന്ന പേരുവിവരം സഹിതം ഫെബ്രുവരി 6 നകം പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതിയും സഹകരണ തെര. കമീഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തെര. കമീഷന്‍ ഇത് ഇലക്ടറല്‍ ഓഫീസര്‍ക്കും കൈമാറി. ഇതെതുടര്‍ന്ന് രണ്ടിന് എല്ലാ പ്രമുഖ ദിനപ്പത്രങ്ങളിലും ആലപ്പുഴ ജില്ലാസഹകരണബാങ്കിന്റെ അറിയിപ്പും പ്രസിദ്ധപ്പെടുത്തി. എന്നാല്‍ കോടതി നിര്‍ദ്ദേശപ്രകാരം ആറിന് വോട്ടുചെയ്യാന്‍ അര്‍ഹതയുള്ള പ്രതിനിധികളുടെ പട്ടിക പ്രസിദ്ധീകരിച്ചില്ല.

ഏഴിന് രാവിലെ മുതല്‍ സഹകരണ ജനാധിപത്യമുന്നണിയുടെ ബാനറില്‍ ജില്ലാബാങ്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ പട്ടിക ആവശ്യപ്പെട്ട് ബാങ്ക് അധികൃതരെ സമീപിച്ചു. ഈ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന റിട്ടേണിങ് ഓഫീസറോ ഇലക്ടറല്‍ ഓഫീസറോ ബാങ്കില്‍ ഉണ്ടായിരുന്നില്ല. ജില്ലാബാങ്ക് ജനറല്‍മാനേജര്‍ ഒളിച്ചുകളിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. വൈകിട്ട് 5ന് ഓഫീസ് സമയം കഴിഞ്ഞിട്ടും ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ വന്നപ്പോഴാണ് സ്ഥാനാര്‍ഥികള്‍ ബാങ്കിന് മുന്നില്‍ കുത്തിയിരുന്നു. രാത്രി 9 ഓടെ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ആ സമയത്തും ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നില്ല.

ബാങ്കിനു മുന്നില്‍ സ്ഥാനാര്‍ഥികള്‍ കുത്തിയിരിക്കുമ്പോള്‍ പട്ടണക്കാട് എസ്സിബിയുടെ സെക്രട്ടറി അടക്കമുള്ള ചിലര്‍ ബാങ്കിനുള്ളില്‍ മറഞ്ഞിരിപ്പുണ്ടായിരുന്നു. മുന്‍ ജില്ലാബാങ്ക് പ്രസിഡന്റ് സി ബി ചന്ദ്രബാബു ഇവരെ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് സ്ഥലത്തുനിന്ന് മാറുകയായിരുന്നു. എന്ത് ഹീനമാര്‍ഗ്ഗവും ഉപയോഗിച്ച് അട്ടിമറി നടത്തി വിജയിക്കാമെന്ന വ്യാമോഹമാണ് യുഡിഎഫ് നേതൃത്വത്തിനുള്ളത്.നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുവാന്‍ മുഴുവന്‍ സഹകാരികളും രംഗത്ത് വരണമെന്ന് സഹകരണ ജനാധിപത്യമുന്നണി ചെയര്‍മാന്‍ എം സുരേന്ദ്രനും കണ്‍വീനര്‍ സജിചെറിയാനും അഭ്യര്‍ഥിച്ചു.

വ്യാജന്മാരുടെ വോട്ടില്‍ യുഡിഎഫ് ജില്ലാ ബാങ്ക് പിടിച്ചെടുത്തു

തൃശൂര്‍: വ്യാജവോട്ടര്‍മാരുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജില്ലാ സഹകരണബാങ്ക് ഭരണം പിടിച്ചെടുത്തു. ജനാധിപത്യ അവകാശങ്ങള്‍ കാശാപ്പുചെയ്തു നടത്തിയ തെരഞ്ഞെടുപ്പില്‍ പകുതിയിലേറെയും തട്ടിക്കൂട്ടിയ കടലാസ്സംഘങ്ങളുടെ പ്രതിനിധികളാണ് വോട്ടുചെയ്തത്. സഹകരണമേഖലയുമായി പുലബന്ധംപോലുമില്ലാത്ത കോണ്‍ഗ്രസിന്റെയും സിഎംപിയുടെയും പ്രവര്‍ത്തകരായിരുന്നു വോട്ടര്‍മാരില്‍ അധികവും. അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചശേഷവും യുഡിഎഫിലെ ഏതാനും പേര്‍ക്ക് വോട്ടവകാശം നല്‍കി. 818ല്‍ 797 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് പാനലിന് സിപിഐ എം നേതൃത്വം നല്‍കിയ സഹകരണ സംരക്ഷണ മുന്നണിയേക്കാള്‍ മുന്നൂറ്റമ്പതോളം വോട്ടിന്റ ഭൂരിപക്ഷമുണ്ട്. ഇരു പാനലിനും പുറമെ ഏതാനും സീറ്റുകളില്‍ മത്സരിച്ചവര്‍ക്ക് മുപ്പതോളം വോട്ടാണ് ലഭിച്ചത്. നേരത്തേ അധികാരപത്രം ലഭിച്ച സഹകരണസംരക്ഷണ മുന്നണിയുടെ പല പ്രതിനിധികള്‍ക്കും വോട്ടുചെയ്യാന്‍ വന്നപ്പോള്‍ വോട്ടവകാശം നിഷേധിച്ചു. സഹകരണമന്ത്രിയുടെ സ്വന്തം ജില്ലയിലെ ബാങ്ക് പിടിച്ചെടുക്കുന്നതിന് മന്ത്രിയും ഭരണസംവിധാനവും പൂര്‍ണമായി രംഗത്തുണ്ടായിരുന്നു.

റിട്ടേണിങ് ഓഫീസര്‍ പ്രഖ്യാപിച്ചതിനുസരിച്ച് ഡിസിസി ജനറല്‍സെക്രട്ടറിമാരായ എം കെ അബ്ദുള്‍സലാം, വിന്‍സെന്റ് കാട്ടൂക്കാരന്‍, സി ഐ സെബാസ്റ്റ്യന്‍, സിഎംപി നേതാക്കളായ എം കെ കണ്ണന്‍, പി ആര്‍ എന്‍ നമ്പീശന്‍ എന്നിവര്‍ വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു. എം കെ അബ്ദുള്‍സലാമാണ് യുഡിഎഫിന്റെ പ്രസിഡന്റ്സ്ഥാനാര്‍ഥി. യുഡിഎഫ് പാനലിലുണ്ടായിരുന്ന മറ്റുള്ളവര്‍: വേണു വെണ്ണറ (കൊടുങ്ങല്ലൂര്‍ താലൂക്ക്), കെ എന്‍ സുരേഷ് (തൃശൂര്‍), ഒ എസ് ചന്ദ്രന്‍, പി എ ജോസ് (മുകുന്ദപുരം), കെ കെ സെയ്തുമുഹമ്മദ് (ചാവക്കാട്), ഇ വേണുഗോപാലമേനോന്‍, പി സുലൈമാന്‍ (തലപ്പിള്ളി), ദേവസി പുലരി, ഭാസ്കരന്‍ ആദംകാവില്‍, കെ മാധവന്‍ (ഇതരസംഘങ്ങള്‍), വികാസ് ചക്രപാണി (പട്ടികവിഭാഗം), ഇന്ദിര രാധാകൃഷ്ണന്‍, ഇ സത്യഭാമ, ലത പ്രേമന്‍ (വനിതാവിഭാഗം), കെ ജി അരവിന്ദാക്ഷന്‍, ടി എം മേരിക്കുട്ടി (പ്രൊഫഷണല്‍).

എല്‍ഡിഎഫ് നേതൃത്വത്തില്‍ ബാങ്ക് ഭരിച്ചപ്പോള്‍ 161 എ ക്ലാസ് സംഘങ്ങള്‍ക്കാണ് ജില്ലാ ബാങ്കില്‍ അംഗത്വം നല്‍കിയത്. കടലാസ്സംഘങ്ങളെ ഒഴിവാക്കാനായി 25,000 രൂപ വീതം നാല് ഓഹരികളുള്ള സംഘങ്ങള്‍ക്ക് മാത്രം വോട്ടവകാശം നിജപ്പെടുത്തി. എന്നാല്‍, പരാജയം ഉറപ്പാണെന്ന് മനസ്സിലാക്കിയ യുഡിഎഫ്, ഭരണസ്വാധീനമുപയോഗിച്ച് അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തില്‍ അഞ്ഞൂറോളം വ്യാജസംഘങ്ങള്‍ക്ക് വോട്ടവകാശം നല്‍കുകയായിരുന്നു. അംഗത്വഫീസ് നൂറു രൂപയാക്കി കുറച്ച് കടലാസ് സംഘങ്ങള്‍ക്ക് കടന്നുവരാന്‍ അവസരവും നല്‍കി. ഇങ്ങനെ തട്ടിക്കൂട്ടിയതടക്കം 811 സംഘങ്ങളുടെ വോട്ടര്‍പട്ടികയാണ് ബുധനാഴ്ച പ്രസിദ്ധീകരിച്ചതെങ്കിലും പിന്നീട് ഏഴ് സംഘങ്ങളെ പുതുതായി ഉള്‍പ്പെടുത്തി. അന്തിമ വോട്ടര്‍പട്ടിക ബുധനാഴ്ച വൈകിട്ട് അഞ്ചിനകം പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍, വോട്ടര്‍പട്ടികയുടെ പകര്‍പ്പ് സഹകരണ സംരക്ഷണമുന്നണിയുടെ സ്ഥാനാര്‍ഥികള്‍ക്ക് നല്‍കാന്‍ തയ്യാറായില്ല. ഇതില്‍ പ്രതിഷേധിച്ച സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും അറസറ്റ് ചെയ്യിക്കുകയായിരുന്നു. കൂടുതല്‍ അനര്‍ഹരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് വോട്ടര്‍പട്ടിക നിഷേധിച്ചതെന്ന് വ്യക്തമായി. വ്യാജസംഘങ്ങള്‍ക്ക് വോട്ടവകാശം നല്‍കിയതു സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കൃത്രിമത്തിലൂടെ യുഡിഎഫ് നേടിയ ഭൂരിപക്ഷത്തെ വിജയമായി അംഗീകരിക്കുന്നില്ലെന്ന് സഹകരണ സംരക്ഷണ മുന്നണി വ്യക്തമാക്കി. തെരഞ്ഞെ

ജില്ലാ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് അംഗത്വമില്ലാത്തവര്‍ക്ക് അനധികൃതമായി രേഖ നല്‍കി

ചിറ്റൂര്‍: പാലക്കാട് ജില്ലാ സഹകരണ ബാങ്ക് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമം. അംഗമല്ലാത്ത ആളുകളുടെയും പാപ്പരാക്കപ്പെട്ടതായി പ്രഖ്യാപിച്ച സംഘങ്ങളില്‍നിന്നുള്ള ആളുകളുടെ ഫോട്ടോയും പേരും ഉള്‍പ്പെടുത്തി വോട്ടര്‍പ്പട്ടിക തയ്യാറാക്കിയാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നത്. 618-ാംനമ്പര്‍ മെമ്പറായിട്ടുള്ള തത്തമംഗലം ഹരിജന്‍ ഹോളോബ്രിക്സ് സഹകരണസംഘത്തില്‍ അംഗമല്ലാത്ത തത്തമംഗലം നെല്ലിമേട് സ്വദേശിയും നഗരസഭാ കൗണ്‍സിലറുമായ ടി എന്‍ മുത്തു, 614-ാംനമ്പര്‍ അംഗമായ തത്തമംഗലം വനിതാബാഗ്നിര്‍മാണസഹകരണസംഘത്തില്‍ അംഗമല്ലാത്ത തത്തമംഗലം നീളിക്കാട് ഗണേശന്റെ ഭാര്യയും കൗണ്‍സിലറുമായ മീനാകുമാരി, 645-ാംനമ്പര്‍ മെമ്പറായ പാലക്കാട് ജില്ലാ എന്‍ജിനിയറിങ് സഹകരണസംഘത്തില്‍(ഡികോസ്)മെമ്പറല്ലാത്ത തത്തമംഗലം പള്ളത്താംപുള്ളി സഹദേവന്റെ മകന്‍ ശ്രീനാഥ് എന്നിവരാണ് അംഗത്വമില്ലാതെ ഫോട്ടോയുംപേരുംപതിച്ച് അനധികൃതമായി അധികാരപത്രം വാങ്ങിയത്.

ചിറ്റൂര്‍ കോ-ഓപറേറ്റീവ് ഷുഗര്‍, നല്ലേപ്പിള്ളി വിമണ്‍ ഇന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ഗാന്ധി സ്മാരക വിവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പാലക്കാട് ഡിസ്ട്രിക്ട് ഹര്‍പ്പിങ് സൈസിങ് ആന്‍ഡ് കലന്ററിങ്, ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നീ സംഘങ്ങളാണ് പാപ്പരായതായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തരം സംഘങ്ങളില്‍നിന്നുള്ള ആളുകള്‍ക്കും ബാങ്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി അധികാരപത്രം നല്‍കിയിട്ടുണ്ട്. വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് നഗരസഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഇതിനകം നിയമനടപടിയുടെ ഭാഗമായി വക്കീല്‍ നോട്ടീസ് അയച്ചു. നെല്ലിയാമ്പതിയിലെ രണ്ട് ക്ഷീരവ്യവസായ സഹകരണ സംഘങ്ങളില്‍ അംഗത്വമല്ലാത്ത ആളുകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനധികൃത അധികാരപത്രം നല്‍കിയിട്ടുണ്ട്. അനധികൃത അധികാരപത്രം അനുവദിച്ച അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിഡിസി ബാങ്ക് ഇലക്ടറല്‍ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസര്‍ എന്നിവര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

deshabhimani 110213

No comments:

Post a Comment