Friday, February 1, 2013
പത്രങ്ങള്‍ക്കും ജാതിയുള്ള കാലം: കവി കുരീപ്പുഴ
കൊല്ലം: ഓരോ ദിനം കഴിയുന്തോറും ജാതീയത ക്രൂരമായ ദംഷ്ട്രകള്‍ പുറത്തുകാട്ടി സമൂഹത്തില്‍ ഇടപെടുകയാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. ഡിവൈഎഫ്ഐ യൂത്തുമാര്‍ച്ചിന് ചിന്നക്കട ശ്രീനാരായണ ഗുരുദേവന്‍ നഗറില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ അഭിവാദ്യം അര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നൂറ്റാണ്ടില്‍ വി ടി ഭട്ടതിരിപ്പാട് ജാതിരഹിത സമൂഹത്തിനായി നവോത്ഥാനയാത്ര നടത്തി. ഈ നൂറ്റാണ്ടിലും അതു വേണ്ടിവന്നു. വര്‍ത്തമാന പത്രങ്ങള്‍ക്കുപോലും ജാതിയുള്ള അപൂര്‍വസ്ഥലമായി കേരളം മാറി. പ്രമുഖ പത്രങ്ങളുടെ ഞായറാഴ്ചത്തെ മാട്രിമോണിയല്‍ പേജുകള്‍ അവരുടെ ജാതിമുഖമാണ് പ്രകടമാക്കുന്നത്. പത്രമാകെ ജാതിക്കല്യാണങ്ങള്‍ക്കുവേണ്ടിയുള്ള പരസ്യങ്ങളാണ്. ഏറ്റവുമധികം നായര്‍ സുന്ദരിമാര്‍ക്കുവേണ്ടി പരസ്യം നല്‍കുന്നത് മാതൃഭൂമിയാണ്. അതില്‍നിന്ന് മാതൃഭൂമിയുടെ ഭൂരിപക്ഷം വായനക്കാരും ആ സമുദായത്തില്‍ നിന്നുള്ളവരാണെന്ന് വ്യക്തം. അതുപോലെ കൂടുതല്‍ ക്രിസ്ത്യന്‍ സുന്ദരിമാര്‍ക്കായി വരനെ തേടുന്ന പത്രം മനോരമയും ദീപികയുമാണ്. ഈഴവ സുന്ദരിമാര്‍ക്കുവേണ്ടി കേരളകൗമുദിയുണ്ട്. മുസ്ലിം സുന്ദരിമാര്‍ക്ക് വരന്മാരെ തേടാന്‍ അഞ്ചു പത്രങ്ങളാണ് രംഗത്ത്. മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താനാകൂ- കുരീപ്പുഴ പറഞ്ഞു.
ജാതിരാഷ്ട്രീയം കേരളത്തെ നശിപ്പിക്കുന്നു: ഗുരുദാസന്‍
കൊല്ലം: ജാതി രാഷ്ട്രീയം കേരളത്തെ മുച്ചുടും നശിപ്പിക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ പറഞ്ഞു. ചിന്നക്കടയില്‍ യൂത്തുമാര്‍ച്ചിന്റെ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി അടിസ്ഥാനത്തില്‍ ജനത്തെ ഭിന്നിപ്പിച്ച് മതമൗലികവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഭരണാധികാരികള്‍. സമ്പന്നനും ധനികനും തമ്മിലുള്ള അന്തരം ഏറെ വര്‍ധിച്ചു. സമ്പന്നര്‍ക്കായി സര്‍ക്കാര്‍ എല്ലാം ഉഴിഞ്ഞുവയ്ക്കുകയാണ്. ജാതിഭേദമില്ലാത്ത സമൂഹത്തിനായി ആഹ്വാനം ചെയ്ത ഗുരുദേവന്റെ ദര്‍ശനങ്ങളെ ഇല്ലാതാക്കാനാണ് ശ്രമം. നവോത്ഥാനായകര്‍ കാട്ടിത്തന്ന പാതയില്‍ ജാതിരഹിത, മതനിരപേക്ഷ സമൂഹം കെട്ടിപ്പടുക്കുകയാണ് ഇന്നത്തെ സുപ്രധാന കടമയെന്നും ഗുരുദാസന്‍ പറഞ്ഞു.
deshabhimani 010213
Labels:
ഡി.വൈ.എഫ്.ഐ
Subscribe to:
Post Comments (Atom)
No comments:
Post a Comment